ബയോ സെക്യുർ ബബ്ളിൽ ‘ചോർച്ച’? ബിസിസിഐ അന്വേഷണം ആരംഭിച്ചു

0

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് 14–ം സീസണിനു ഗുരുതര ഭീഷണി ഉയർത്തി 2 ടീമുകളിലായി താരങ്ങൾ ഉൾപ്പെടെ 5 പേർക്കു കോവിഡ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ സ്പിന്നർ വരുൺ ചക്രവർത്തി, മലയാളി പേസർ സന്ദീപ് വാരിയർ എന്നിവർ കോവിഡ് പോസിറ്റീവായതിനാൽ അഹമ്മദാബാദിൽ ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന കൊൽക്കത്ത – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം മാറ്റിവച്ചു. ഇതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കാശി വിശ്വനാഥൻ, ബോളിങ് പരിശീലകൻ എൽ.ബാലാജി എന്നിവരുൾപ്പെടെ 3 ടീം സ്റ്റാഫിനു കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

കൊൽക്കത്തയ്‌ക്കെതിരെ ഏറ്റവും ഒടുവിൽ കളിച്ച ഡൽഹി ക്യാപിറ്റൽസ് ടീമംഗങ്ങള്‍ ഐസലേഷനിലാണ്. ഈ ടീമുകൾ ഏറ്റുമുട്ടിയ ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കളിക്കേണ്ട സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് ടീമുകൾ പരിശീലനം പൂർണമായും ഒഴിവാക്കി.

∙ 2 പേർ മാത്രം

കഴിഞ്ഞ 4 ദിവസത്തിനിടെ നടത്തിയ 3–ാമത്തെ ടെസ്റ്റിലാണു വരുണും സന്ദീപും പോസിറ്റീവായതെന്നു കൊൽക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചു. ടീമിലെ മറ്റെല്ലാവരും നെഗറ്റീവാണ്. ഇനി മുതൽ ദിവസവും താരങ്ങളെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കുമെന്നു കൊൽക്കത്ത ടീം അറിയിച്ചു. മറ്റു ടീമുകളും ഇതേ വഴിക്കു നീങ്ങാനാണു സാധ്യത. 29നു ഡൽഹിക്കെതിരെയായിരുന്നു കൊൽക്കത്തയുടെ അവസാന മത്സരം. ഡൽഹി ടീമിലെ മുഴുവൻ പേരെയും പരിശോധനയ്ക്കു വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

∙ ബബ്‌ളിൽ ചോർച്ച?

‌പുറംലോകവുമായി നേരിട്ടു ബന്ധപ്പെടാൻ കഴിയാത്ത ബയോ സെക്യൂർ ബബ്‌ൾ സംവിധാനത്തിലാണ് ഐപിഎൽ താരങ്ങളെല്ലാം കഴിയുന്നത്. മത്സരത്തിനും പരിശീലനത്തിനുമായല്ലാതെ ബബ്‌ൾ സംവിധാനത്തിലെ ഹോട്ടൽ വിട്ടുപോകാൻ താരങ്ങൾക്ക് അനുവാദമില്ല. തോളിലെ വേദനയെത്തുടർന്നു പരിശോധനയ്ക്കായി വരുൺ പുറത്തുപോയിരുന്നു. പിന്നീടു നടത്തിയ പരിശോധനയിലാണു താരത്തിനു കോവിഡ് സ്ഥിരീകരിച്ചത്.

∙ ചെന്നൈ ക്യാംപിലും 

ഇതിനിടയിലാണു ചെന്നൈ ടീം ക്യാംപിലും കോവിഡ് ഉണ്ടെന്ന് ഒരു സ്പോർട്സ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തത്. കാശിക്കും ബാലാജിക്കും പുറമേ ടീമിനൊപ്പമുള്ള ഒരു ബസ് ജീവനക്കാരനാണു കോവിഡ് പിടിപെട്ടെന്നാണു റിപ്പോർട്ട്. ആദ്യ കോവിഡ് ഫലം ശരിയാണോയെന്ന് ഉറപ്പിക്കാൻ രണ്ടാമതൊരു പരിശോധനയ്ക്കുകൂടി ഇന്നലെ 3 പേരും വിധേയരായി. ഇന്നലത്തെ പരിശീലനവും റദ്ദാക്കി. ഡൽഹിയിലാണു ചെന്നൈ ടീമുള്ളത്.

∙ പ്രതിഷേധവും പിൻമാറലും

ഓസ്ട്രേലിയൻ താരങ്ങളായ ആൻഡ്രൂ ടൈ, ആദം സാംപ, കെയ്‌‌ൻ റിച്ചഡ്സൻ എന്നിവരും ഇന്ത്യൻ താരം ആർ.അശ്വിനും കോവിഡ് സാഹചര്യം മൂലം ലീഗിൽനിന്നു പിൻമാറിയിരുന്നു. അംപയർ നിതിൻ മേനോൻ, മാച്ച് റഫറി മനു നയ്യാർ എന്നിവരും പിൻമാറി. എന്നാൽ കോവിഡിനിടയിലും ഐപിഎൽ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം. പുതിയ സാഹചര്യത്തോടു ബിസിസിഐ പ്രതികരിച്ചിട്ടുമില്ല.

∙ അന്വേഷണം തുടങ്ങി

ബയോ സെക്യുർ ബബ്‌ളിനുള്ളിൽ കഴിഞ്ഞ താരങ്ങൾ കോവിഡ് പോസിറ്റീവായതിനെപ്പറ്റി ബിസിസിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒക്ടോബറിൽ ഇന്ത്യ വേദിയാകുന്ന ട്വന്റി20 ലോകകപ്പിനു റിസർവ് വേദിയായി യുഎഇയെ ബിസിസിഐ തിരഞ്ഞെടുത്തെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

∙ ചാർട്ടേഡ് വിമാനമില്ല

ഐപിഎൽ കഴിഞ്ഞാലും ഓസ്ട്രേലിയൻ താരങ്ങളെ നാട്ടിലേക്കെത്തിക്കാൻ കോവിഡ് സാഹചര്യം മൂലം ചാർട്ടേഡ് വിമാനം ഒരുക്കാൻ കഴിയില്ലെന്ന് ഓസീസ് ക്രിക്കറ്റ് ബോർഡ് തലവൻ നിക് ഹോക്‌ലി പറഞ്ഞു. ബയോ ബബ്‌ളിനുള്ളിൽ ഓസീസ് താരങ്ങൾ സുരക്ഷിതരാണെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

∙ ഓസീസ് ബോർഡ് വക 28 ലക്ഷം

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50,000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 28 ലക്ഷം രൂപ) സംഭാവന ചെയ്യുമെന്ന് ഓസീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. യുനിസെഫിന്റെ ഓസ്ട്രേലിയൻ ഘടകം വഴിയായിരിക്കും തുക കൈമാറുക. കഴിഞ്ഞയാഴ്ച താൻ പ്രഖ്യാപിച്ച 28 ലക്ഷം രൂപയും യുനിസെഫ് നിധിയിലേക്കാകും കൈമാറുകയെന്ന് ഓസീസ് താരം പാറ്റ് കമ്മിൻസ് അറിയിച്ചു. പിഎം കെയേഴ്സ് ഫണ്ടിലേക്കു തുക നൽകുമെന്നായിരുന്നു കഴിഞ്ഞയാഴ്ച താരത്തിന്റെ പ്രഖ്യാപനം.

Leave A Reply

Your email address will not be published.