‘മിനി ലോക്ഡൗൺ’ ഇന്നുമുതൽ; പൂർണ ലോക്ഡൗൺ തീരുമാനം വെള്ളിയാഴ്ച

0

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ഞായർ വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണം. എല്ലാ കേന്ദ്ര, സംസ്ഥാന ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ആകെയുള്ള ജീവനക്കാരുടെ 25% പേരെ മാത്രം വച്ചു പ്രവർത്തിക്കണമെന്നു സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർ വർക് ഫ്രം ഹോം രീതി സ്വീകരിക്കണം. ഇത് ഇന്നു മുതൽ നടപ്പാകും. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്. അവശ്യമേഖലകൾക്ക് ഇതിൽ ഇളവുണ്ട്.

ഇന്നു മുതൽ ഞായർ വരെ അത്യാവശ്യങ്ങൾ‍ക്കൊഴികെ വാഹനങ്ങൾ നിരത്തിലിറക്കരുത്. ആൾക്കൂട്ടം പാടില്ല. കടയുട‍മകളും ജീവനക്കാരും ഇരട്ട മാസ്ക്കും കയ്യുറകളും നിർബന്ധമായും ധരിക്കണ‍മെന്നും ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ ഉത്തരവിൽ നിർദേശിച്ചു. ലംഘിച്ചാൽ കേസെടുക്കും. നടപടികൾ ശക്തമാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു.

വാരാന്ത്യ നിയന്ത്രണങ്ങളിൽ നിന്ന് ഒരു പടി കൂടി കടന്നുള്ള നിയന്ത്രണങ്ങളാണു നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളിയാഴ്ചയോടെ സ്ഥിതി വിലയിരുത്തി ലോക്ഡൗൺ വേണോ എന്ന തീരുമാനമെടുക്കും.

ഭിന്നശേഷിക്കാർ എത്തേണ്ട

ഭിന്നശേഷിക്കാരെ ഓഫിസിൽ ഡ്യൂട്ടിക്ക് എത്തുന്നതിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവായി. സാധിക്കുന്നവർക്ക് വർക് ഫ്രം ഹോം  ചെയ്യാം.

ഇന്നു മുതലുള്ള നിയന്ത്രണങ്ങൾ

ഓഫിസ്, അവശ്യ സേവനം

സർക്കാർ സ്ഥാപനങ്ങൾ, ഇവയ്ക്കു കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യ സേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ സേവനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം.

ടെലികോം, ഐടി

ടെലികോം സേവനം, അടിസ്ഥാന സൗകര്യമേഖല (ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സ്), ഇന്റർനെറ്റ് സേവനദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി എന്നിവ അവശ്യ സേവനങ്ങളുടെ ഗണത്തിൽ‍. ഇവയിലെ ജീവനക്കാർക്കു സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കാണിച്ചു യാത്ര ചെയ്യാം. ഐടി സ്ഥാപനങ്ങളിൽ അത്യാവശ്യ ജീവനക്കാർ മാത്രം.

ബസ്, ട്രെയിൻ, ടാക്സി

വിമാന യാത്ര, ദീർഘദൂര ബസ്, ട്രെയിൻ എന്നിവയ്ക്കു തടസ്സമില്ല. പൊതുഗതാഗതം, ചരക്കു വാഹനങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ, ഓട്ടോ, ടാക്സി എന്നിവ അനുവദിക്കും. യാത്രാ രേഖ/ടിക്കറ്റ് കരുതണം.

രോഗികൾ, പരിചാരകർ

ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും. രോഗികൾ, അടിയന്തര യാത്രക്കാർ, വാക്സീൻ സ്വീകരിക്കാൻ പോകുന്നവർ എന്നിവർ തിരിച്ചറിയൽ രേഖ കരുതണം. പ്രായമായവരെ പരിചരിക്കുന്നവർ, വീട്ടുജോലിക്കാർ എന്നിവർക്കും യാത്ര ചെയ്യാം.

ഹോട്ടൽ, വർക്‌ഷോപ്

മെഡിക്കൽ ഷോപ്പ്, പലചരക്കുകട, പഴം/പച്ചക്കറി കട, ഡെയറി/പാൽ ബൂത്തുകൾ, മത്സ്യ/മാംസ വിൽപ‍നശാലകൾ, കള്ള് ഷാപ്പുകൾ എന്നിവ പ്രവർത്തിക്കാം. വാഹന വർക്‌ഷോപ്, സർവീസ് സെന്റർ, സ്പെയർപാർട്സ് കട തുടങ്ങിയവ തുറക്കാം. പ്രവർത്തനം രാത്രി 9 വരെ. ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പാഴ്സ‍ലിനും ഹോം ഡെലിവ‍റിക്കും മാത്രം അനുമതി. പ്രവർത്തനം രാത്രി 9 വരെ. മെഡിക്കൽ ഓക്സിജൻ വാഹനങ്ങൾക്കു നിയന്ത്രണമില്ല. തിരിച്ചറിയൽ കാർഡ് വേണം.

വിവാഹം, ആരാധന

വിവാഹത്തിനും ഗൃഹ പ്രവേശനത്തിനും പരമാവധി 50 പേർ. മരണാനന്തര ചടങ്ങിന് 20 പേർ. എല്ലാ ചടങ്ങും കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ആരാധനാലയങ്ങളിൽ 50ൽ കൂടുതൽ പേർ പാടില്ല. 2 മീറ്റർ അകലം പാലിക്കണം.

ബാങ്ക്, റേഷൻ കട

റേഷൻ ഷോപ്പ്, സിവിൽ സപ്ലൈസ് കോർപറേഷൻ ഔ‍ട്‌ലെ‍റ്റുകൾ എന്നിവ തുറക്കാം. ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ. ഇടപാടുകാർ ഇല്ലാതെ 2 മണി വരെ തുടരാം.

25% നിബന്ധന: ഇളവുള്ള ഓഫിസുകൾ

തിരുവനന്തപുരം ∙ ജീവനക്കാരുടെ 25% മാത്രം ഹാജർ എന്നതിൽ ഇളവു നൽകിയ ഓഫിസുകൾ: റവന്യു, ദുരന്തനിവാരണം, തദ്ദേശഭരണം, പൊലീസ്, ലാബുകളും ഫാർമസികളും ഉൾപ്പെടെ ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾ, തൊഴിൽ, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ്, ഗതാഗതം, ഭക്ഷ്യ സിവിൽ സപ്ലൈസ്, സർക്കാർ പ്രസ് തുടങ്ങിയ വകുപ്പുകൾ, കൺസ്യൂമർഫെഡ്, മിൽമ, കെപ്കോ, മത്സ്യഫെഡ്, ജല അതോറിറ്റി, കെഎസ്ഇബി, ഐടിയും അനുബന്ധ സ്ഥാപനങ്ങളും, തപാൽ സേവനങ്ങൾ, ഇന്റർനെറ്റ് സേവനദാതാക്കളും അടിസ്ഥാനസൗകര്യദാതാക്കളും, യാത്ര–ചരക്കു മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ, കുറിയർ സർവീസുകൾ, ഓക്സിജനും മരുന്നും ഉൾപ്പെടെ മെഡിക്കൽ മേഖലയിലെ ഉൽപാദന–വിതരണ മേഖലകളിലെ സ്ഥാപനങ്ങൾ, ബേക്കറികൾ.

ഷൂട്ടിങ് നിർത്തണം; നിർമാണ മേഖല പ്രവർത്തിക്കാം

തിരുവനന്തപുരം ∙ ഇന്നു നിലവിൽവരുന്ന ‘മിനി ലോക്ഡൗൺ’ പ്രകാരം സിനിമ, സീരിയൽ, ഡോക്യുമെന്ററി ചിത്രീകരണങ്ങൾ നിർത്തിവയ്ക്കണം. കൃഷി, തോട്ടം, മൃഗ സംരക്ഷണം മേഖലകൾക്കും ചെറുകിട – ഇട‍ത്തര വ്യവസായ സ്ഥാപനങ്ങൾക്കും നിർമാണ മേഖലയ്ക്കും പ്രവർത്തിക്കാം. ഇതര സംസ്ഥാന തൊഴിലാളികൾക്കു കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ജോലി തുടരാം. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്ന അവശ്യ സേവനത്തിൽ പെടുന്ന വ്യവസായങ്ങൾ /കമ്പനികൾ എന്നിവ‍യ്ക്കു പ്രവർത്തിക്കാം. ജീവനക്കാർക്കു തിരിച്ചറിയൽ കാർഡ് നിർബന്ധം.

Leave A Reply

Your email address will not be published.