രണ്ടാം കോവിഡ് തരംഗം: ഇന്ത്യയിൽ സമ്പൂർണ ലോക്ഡൗൺ വേണമെന്ന് ആന്റണി ഫൗചി

0

വാഷിങ്ടൻ∙ ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗം പിടിച്ചു നിർത്താൻ ഉടൻ ലോക്‌‍ഡൗൺ ഏർപ്പെടുത്തണമെന്നു സാംക്രമികരോഗ വിദഗ്ധനും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗചി. ഇന്ത്യയിൽ കോവിഡ് വ്യാപനം തടയുന്നതിനു രാജ്യം അടിയന്തരമായി അടച്ചിടുകയാണ് ഉടനടി ചെയ്യേണ്ടതെന്നും ഫൗചി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിൽ പെട്ടെന്ന് എടുക്കേണ്ട നടപടികളിൽ ഒന്നാണ് ലോക്ഡൗൺ. ഒരു വർഷം മുൻപ് ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ് അവർ ആദ്യം ചെയ്തത്. ഓസ്ട്രേലിയയും ന്യൂസീലൻഡുമെല്ലാം സമാന വഴിയാണ് തിരഞ്ഞെടുത്തത്. മാസങ്ങളോളം അടച്ചിടണമെന്നല്ല പറയുന്നത്. ഇന്ത്യയിൽ ഏതാനും ആഴ്‌ചകൾ ലോക്‌‍ഡൗൺ ഏർപ്പെടുത്തുന്നത് കോവിഡിനെ പിടിച്ചുകെട്ടാൻ സഹായിക്കും.

പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുകയെന്നതും അതിപ്രാധാന്യമുള്ളതാണ്. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ വെറും രണ്ടു ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണു വാക്സിനേഷൻ നടത്തിയത്. വാക്സിനേഷൻ വേഗത്തിലാക്കാൻ ഇന്ത്യ കരാറുകളിൽ ഏർപ്പെടണം. കോവി‍ഡ് വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങളുടെ സഹായവും തേടണം.

ഓക്സിജൻ ലഭ്യതയും അവശ്യ മരുന്നുകളും പിപിഇ കിറ്റുകളും ഉറപ്പു വരുത്തണം. ഓക്സിജൻ ലഭ്യമാകാതെ ഇന്ത്യയിൽ ‍മരണങ്ങൾ സംഭവിക്കുന്നുവെന്ന മാധ്യമ വാർത്തകൾ നിരാശജനകമാണ്. ഓക്സിജൻ ലഭ്യത, ആശുപത്രികളിലെ പ്രവേശനം, വൈദ്യസഹായം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കും. ഇടക്കാല കോവിഡ് ആശുപത്രികൾ സ്ഥാപിക്കാൻ സൈന്യത്തിന്റെ സഹായം തേടണമെന്നും ഫൗചി പറയുന്നു.

Leave A Reply

Your email address will not be published.