ലാ ലിഗയിൽ മെസ്സിക്കും സീരി എയിൽ റൊണാൾഡോയ്ക്കും ഇരട്ടഗോൾ

0

ബാർസിലോന/റോം ∙ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇരട്ടഗോൾ നേടിയ ദിവസം സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കും ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിനും ജയം. ലാ ലിഗയിൽ വലെൻസിയയെ 3–2നു തോൽപിച്ച ബാർസ കിരീടപ്പോരാട്ടത്തിൽ വീണ്ടും സജീവമായി.

34 കളികളിൽ 74 പോയിന്റുമായി 3–ാം സ്ഥാനത്താണു കറ്റാലൻ ക്ലബ്. അത്രയും പോയിന്റുള്ള റയൽ മ‍ഡ്രിഡും 76 പോയിന്റുമായി അത്‌ലറ്റിക്കോ മഡ്രിഡുമാണു മുന്നിലുള്ളത്. നേർക്കുനേർ മത്സരങ്ങളിലെ മുൻതൂക്കത്തിലാണു റയൽ ബാർസയ്ക്കു മുന്നിൽ നിൽക്കുന്നത്. കളിയുടെ 57, 69 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. 63–ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മാനും ലക്ഷ്യം കണ്ടു.

9 വർഷത്തിനു ശേഷം ഇറ്റാലിയൻ ലീഗ് കിരീടം ഇന്റർ മിലാനു മുന്നിൽ അടിയറ വച്ചതിനു ശേഷമുള്ള മത്സരത്തിലാണു റൊണാൾഡോ യുവന്റസിനായി ഇരുവട്ടം ലക്ഷ്യം കണ്ടത്. 82–ാം മിനിറ്റു വരെ എതിരാളികളായ ഉഡിനെസ് ഒരു ഗോളിനു മുന്നിലായിരുന്നു. 83–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്കിലൂടെ ടീമിനെ ഒപ്പമെത്തിച്ച റൊണാൾഡോ 89–ാം മിനിറ്റിൽ വിജയഗോളും നേടി (2–1).

Leave A Reply

Your email address will not be published.