ഈ സീസണും യുഎഇയിൽ നടത്താമെന്ന് ഐപിഎൽ ഭരണസമിതി; ബിസിസിഐ ‘കേട്ടില്ല’!

0

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണും യുഎഇയിൽത്തന്നെ നടത്താമെന്ന ഐപിഎൽ ഭരണസമിതിയുടെ നിർദ്ദേശത്തോട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുഖംതിരിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോർട്ട്. ഐപിഎൽ 14–ാം സീസൺ ഏപ്രിൽ ഒൻപതിന് ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഇത്തവണയും ടൂർണമെന്റ് യുഎഇയിൽ നടത്തുന്നതാണ് നല്ലതെന്ന് ഐപിഎൽ ഭരണ സമിതി നിർദ്ദേശം വച്ചത്. എന്നാൽ, ഈ നിർദ്ദേശം തള്ളിയ ബിസിസിഐ, ബയോ സെക്യുർ ബബ്ൾ സംവിധാനം രൂപീകരിച്ച് മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ സീസൺ യുഎഇയിൽത്തന്നെ നടത്തുന്നതായിരുന്നു നല്ലതെന്ന് ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ഓസീസ് താരം ആദം സാംപയും അഭിപ്രായപ്പെട്ടിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമാകുകയും ബയോ സെക്യുർ ബബ്ളിലുള്ള താരങ്ങൾക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ഐപിഎൽ 14–ാം സീസൺ അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ഐപിഎൽ ഭരണസമിതി ഈ സീസണിലെ മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന് നിർദ്ദേശം വച്ചിരുന്നതായും ബിസിസിഐ ഇത് തള്ളിയതാണെന്നും റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്.

ഐപിഎൽ രണ്ടു മാസത്തിലധികം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് ആയതിനാൽ, ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഉണ്ടായാൽ കാര്യങ്ങൾ ബിസിസിഐയുടെ നിയന്ത്രണത്തിൽനിന്ന് പോകുമെന്ന് ബ്രിജേഷ് പട്ടേൽ നേതൃത്വം നൽകുന്ന ഐപിഎൽ ഭരണസമിതി ഭയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന് ഭരണസമിതി നിർദ്ദേശം വച്ചതും.

ഇത്തവണ ഐപിഎൽ യുഎഇയിൽ നടത്തുന്നതാണ് നല്ലതെന്ന് നിലപാടെടുത്ത നാല് ഫ്രാഞ്ചൈസികളും ഉണ്ടായിരുന്നു. ഐപിഎൽ 13–ാം സീസൺ യുഎഇയിൽ വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് 14–ാം സീസണും അവിടത്തന്നെ നടത്താമെന്ന് ഐപിഎൽ ഭരണസമിതിയും വിവിധ ഫ്രാഞ്ചൈസികളും നിലപാടെടുത്തത്. യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലായാണ് ഐപിഎൽ 13–ാം സീസൺ നടന്നത്. അതിനിടെ, അടിയന്തര സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞാൽ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ യുഎഇയിൽ നടത്താനും ബിസിസിഐ തീരുമാനിച്ചിരുന്നു.

‘ഈ വർഷം ഐപിഎൽ നടത്താൻ ഭരണസമിതിയുടെ മുന്നിലുണ്ടായിരുന്ന ആദ്യ ഓപ്ഷൻ യുഎഇ തന്നെയായിരുന്നു. ഐപിഎൽ 14–ാം സീസൺ ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപും ടൂർണമെന്റ് യുഎഇയിൽ നടത്താമെന്ന് ഭരണസമിതി ബിസിസിഐയെ അറിയിച്ചിരുന്നു. മാറ്റം പെട്ടെന്നായാൽപ്പോലും ടൂർണമെന്റ് നടത്താൻ തയാറാണെന്ന് യുഎഇ ക്രിക്കറ്റ് ബോർഡും അറിയിച്ചിരുന്നു. പക്ഷേ, ഇതിനു ചെവി കൊടുക്കാൻ തയാറാകാതിരുന്ന ബിസിസിഐ, ടൂർണമെന്റ് ഇന്ത്യയിൽത്തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.