എഫ്എൽടിസികളിലെ അമിതനിരക്ക് നിയന്ത്രിക്കണം: ഹൈക്കോടതി

0

കൊച്ചി ∙ കോവിഡ് ചികിത്സയ്ക്കുള്ള ചില സ്വകാര്യ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (എഫ്എൽടിഎസ്) 10,000 മുതൽ 20,000 രൂപവരെ പ്രതിദിനം ഈടാക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്നും സർക്കാരിനോട് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും കോവിഡ് ചികിത്സാ നിരക്ക് താഴ്ന്ന വരുമാനക്കാരായ സാധാരണക്കാരെ പരിഗണിച്ചു പുനർനിർണയിക്കണമെന്ന ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

കേസിൽ കക്ഷി ചേരാനുള്ള കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ അപേക്ഷ അനുവദിച്ചു. പൊതുതാൽപര്യം പരിഗണിച്ച് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ, സംസ്ഥാന ആരോഗ്യ ഏജൻസി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, നാഷനൽ ഹെൽത്ത് മിഷൻ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവരെ കക്ഷി ചേർത്തു.

സ്വകാര്യ ആശുപത്രികൾ എഫ്എൽടിഎസ് ആയി പ്രവർത്തിക്കുമ്പോൾ സർക്കാർ ശ്രദ്ധിക്കണം. 10 ദിവസത്തിനായി 2 ലക്ഷം രൂപ ഈടാക്കിയ സംഭവം കൊച്ചിയിലെ ആശുപത്രിയുടെ പേര് പറയാതെ കോടതി പരാമർശിച്ചു. സ്വകാര്യ ആശുപത്രികൾക്ക് കോടതി എതിരല്ല, കോവിഡ് ആശുപത്രികളിലും വാർഡുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കും ഡോക്ടർമാർക്കും കൂടുതൽ പ്രതിഫലം നൽകണമെന്നും കോടതി പറഞ്ഞു.

Leave A Reply

Your email address will not be published.