കൂടുതൽ താരങ്ങൾക്ക് കോവിഡ്; ഐപിഎൽ അനിശ്ചിത കാലത്തേക്ക് നിർത്തി

0

മുംബൈ∙ ബയോ സെക്യുർ ബബ്ള്‍ സംവിധാനത്തിനുള്ളിൽ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്ര എന്നിവർക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് നിർത്തിവച്ചത്.

സാഹയ്ക്കും മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ, ആകെയുള്ള എട്ടു ടീമുകളിൽ നാലിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്സ് ബോളിങ് പരിശീലകൻ ബാലാജി ഉൾപ്പെടെ മൂന്നു പേർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കൊൽക്കത്ത താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം ബിസിസിഐ നീട്ടിവച്ചിരുന്നു. തുടർന്ന് ഐപിഎൽ 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈയിലേക്കു മാറ്റുന്നതിനുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് രണ്ടു ടീമുകളിൽക്കൂടി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

∙ പ്രതിഷേധവും പിൻമാറലും; ഇപ്പോൾ റദ്ദാക്കലും

ഓസ്ട്രേലിയൻ താരങ്ങളായ ആൻഡ്രൂ ടൈ, ആദം സാംപ, കെയ്‌‌ൻ റിച്ചഡ്സൻ എന്നിവരും ഇന്ത്യൻ താരം ആർ.അശ്വിനും കോവിഡ് സാഹചര്യം മൂലം ലീഗിൽനിന്നു പിൻമാറിയിരുന്നു. അംപയർ നിതിൻ മേനോൻ, മാച്ച് റഫറി മനു നയ്യാർ എന്നിവരും പിൻമാറി. എന്നാൽ കോവിഡിനിടയിലും ഐപിഎൽ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം.

∙ ബിസിസിഐ പ്രസ്താവനയുടെ പൂർണരൂപം

‘ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഭരണസമിതിയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോള് ‍ബോർഡും (ബിസിസിഐ) ചേർന്നുള്ള അടിയന്തര യോഗത്തിൽ ഐപിഎൽ 14–ാം സീസൺ ഉടനടി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. കളിക്കാരുടെയും പരിശീലക സംഘാംഗങ്ങളുടെയും ടൂർണമെന്റുമായി സഹകരിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല എന്നതാണ് ബിസിസിഐയുടെ നിലപാട്. ഐപിഎലിന്റെ എല്ലാ സഹകാരികളുടെയും സുരക്ഷയും ആരോഗ്യവും ക്ഷേമവും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.’

‘ഈ പ്രതിസന്ധി ഘട്ടത്തിൽ, പ്രത്യേകിച്ചും ഇന്ത്യയിൽ, വിനോദത്തിന്റെ ചില നിമിഷങ്ങൾ സമ്മാനിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ ടൂർണമെന്റ് നിർത്തിവയ്ക്കാതെ രക്ഷയില്ല. താരങ്ങൾ ഉൾപ്പെടെ ടൂർണമെന്റുമായി സഹകരിച്ചിരുന്ന എല്ലാവരും നാടുകളിലേക്ക് മടങ്ങി ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കട്ടെ.’

‘ഐപിഎൽ 14–ാം സീസണുമായി സഹകരിച്ച എല്ലാവരെയും നാടുകളിലേക്ക് ഏറ്റവും സുരക്ഷിതമായി മടക്കിയെത്തിക്കാൻ ബിസിസിഐയെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യും. ഇത്രയും വെല്ലുവിളി നിറഞ്ഞ കാലത്തും ഐപിഎൽ സംഘടിപ്പിക്കാൻ സഹകരിച്ച ആരോഗ്യപ്രവർത്തകർ, സംസ്ഥാന അസോസിയേഷനുകൾ, താരങ്ങൾ, സപ്പോർട്ട് സ്റ്റാഫ്, ഫ്രാഞ്ചൈസികൾ, സ്പോൺസർമാർ, പാർട്ണർമാർ, മറ്റ് സഹകാരികൾ എന്നിവർക്കെല്ലാം ഹൃദ്യമായ നന്ദി.’

Leave A Reply

Your email address will not be published.