ചരിത്രം തിരുത്തി മാഞ്ചസ്റ്റർ സിറ്റി; പിഎസ്ജിയെ വീഴ്ത്തി ചാംപ്യൻസ് ലീഗ് ഫൈനലിൽ

0

മാഞ്ചസ്റ്റർ∙ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ വീഴ്ത്തി ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ചരിത്രത്തിലാദ്യമായി യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ പിഎസ്ജിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്. അൾജീരിയൻ താരം റിയാദ് മഹ്റെസിന്റെ ഇരട്ടഗോളാണ് സിറ്റിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 11, 63 മിനിറ്റുകളിലാണ് മഹ്റെസ് ഇരട്ടഗോൾ നേടിയത്. ഇതോടെ രണ്ടു പാദങ്ങളിലുമായി 4–1ന്റെ അനിഷേധ്യ ലീഡു നേടിയാണ് സിറ്റി ഫൈനലിലേക്ക് പ്രവേശിച്ചത്. പിഎസ്ജിയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ 2–1നാണ് സിറ്റി ജയിച്ചത്. അന്നും മഹ്റെസിന്റെ വകയായിരുന്നു ഒരു ഗോൾ.

മേയ് 29ന് ഇസ്താംബൂളിൽ നടക്കുന്ന ഫൈനലിൽ റയൽ മഡ്രിഡ് – ചെൽസി രണ്ടാം സെമി ഫൈനൽ വിജയികളെയാണ് സിറ്റി നേരിടുക.

11–ാം മിനിറ്റിൽ ഗോൾകീപ്പർ എഡേഴ്സൻ നീട്ടിനൽകിയ പാസിൽനിന്നാണ് സിറ്റിയുടെ ആദ്യ ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. പിഎസ്ജി പ്രതിരോധം നെടുകെ പിളർന്നുപോയ ഈ നീക്കത്തിനൊടുവിൽ പിഎസ്ജി ബോക്സിനുള്ളിൽനിന്ന് മഹ്റെസ് അനായാസം ലക്ഷ്യം കണ്ടു. 63–ാം മിനിറ്റിൽ ഫിൽ ഫോഡന്റെ പാസ് ലക്ഷ്യത്തിലെത്തിച്ച് മഹ്റെസ് മത്സരം തീർത്തു. ഇരട്ടഗോളിനൊപ്പം പിഎസ്ജിയുടെ ഗോൾനീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്ത സിറ്റി പ്രതിരോധത്തിന്റെ വിജയം കൂടിയാണിത്.

മത്സരത്തിന്റെ തുടക്കത്തിൽ അല്ക്സാണ്ടർ ഷിൻചെങ്കോയുടെ ഹാൻഡ് ബോളിനെ തുടർന്ന് പിഎസ്ജിക്ക് അനുകൂലമായി റഫറി പെനൽറ്റി അനുവദിച്ചിരുന്നു. എന്നാൽ, ‘വാർ’ പരിശോധനയിൽ പന്ത് തോളിൽ മാത്രമേ തട്ടിയുള്ളൂ എന്നു കണ്ടതിനാൽ അദ്ദേഹം തീരുമാനം മാറ്റി. പിന്നീട് ക്യാപ്റ്റൻ മാർക്വീഞ്ഞോസ് ഒരു തവണ ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും തകർപ്പൻ ഹെഡർ ക്രോസ് ബാറിൽത്തട്ടി തെറിച്ചു. തൊട്ടുപിന്നാലെ സിറ്റി ഗോൾകീപ്പർ സ്ഥാനം തെറ്റിനിൽക്കെ എയ്ഞ്ചൽ ഡി മരിയയ്ക്ക് ലഭിച്ച അവസരം അദ്ദേഹം പുറത്തേക്കടിച്ചു കളഞ്ഞതും പഎസ്ജിക്ക് നിർഭാഗ്യമായി.

രണ്ടാം പാദത്തിൽ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനെ തുടർന്ന് 10 പേരുമായാണ് പിഎസ്ജി മത്സരം പൂർത്തിയാക്കിയത്. 69–ാം മിനിറ്റിൽ ത്രോലൈനിന് സമീപം ഫെർണാണ്ടീഞ്ഞോയുമായുള്ള കശപിശയെ തുടർന്നാണ് റഫറി മരിയയെ ചുവപ്പുകാർഡ് കാട്ടി പുറത്താക്കിയത്. ആദ്യ പാദത്തിൽ ‌പിഎസ്ജി മിഡ്ഫീൽഡർ ഇദ്രിസ ഗുയെയും ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് 10 പേരുമായാണ് അവർ മത്സരം പൂർത്തിയാക്കിയത്. പരുക്കിനെ തുടർന്ന് മറ്റൊരു സൂപ്പർതാരം കിലിയൻ എംബപ്പെയ്ക്ക് കളത്തിലിറങ്ങാനാകാതെ പോയതും പിഎസ്ജിക്ക് തിരിച്ചടിയായി.

Leave A Reply

Your email address will not be published.