ടീം ‘തോൽവി’യായതിന് വാർണർ ബലിയാട്; നടുവേദനയ്ക്ക് തലവേദനയുടെ ചികിത്സ!

0

ചെന്നൈ സൂപ്പർകിങ്സിന് എം.എസ്. ധോണിയെപ്പോലെ, ആർസിബിക്ക് വിരാട് കോലിയെപ്പോലെ, മുംബൈ ഇന്ത്യൻസിന് രോഹിത് ശർമയെപ്പോലെ പ്രധാനമാണ് സൺറൈസേഴ്സ് ഹൈദരാബാദിന് ഡേവിഡ് വാർണർ എന്നാണ് ഇതുവരെ കരുതിപ്പോന്നിരുന്നത്. മറ്റാരും അങ്ങനെ കരുതിയില്ലെങ്കിൽപ്പോലും വാർണറിനും കുടുംബത്തിനും അങ്ങനെയായിരുന്നു. ഭാര്യ കാൻഡിസും 3 പെൺകുട്ടികളും ഓറഞ്ച് ജഴ്സിയുമണിഞ്ഞ് ഓരോ മത്സരത്തിനും ‘ഓറഞ്ച് ആർമി’ക്കായി ജയ് വിളിക്കുന്നവരാണ്. ‘ബുട്ട ബൊമ്മ’യിൽ തുടങ്ങി പ്രശസ്തമായ തെലുങ്ക് ഗാനങ്ങൾക്കൊത്ത് കുടുംബത്തോടെ ചുവടു വയ്ക്കാനും ലോക്ഡൗൺ കാലത്തുപോലും ആരാധകരെ സന്തോഷിപ്പിക്കാനും സമയം ചെലവഴിച്ച താരമാണ് വാർണർ.

മറ്റേതെങ്കിലും വിദേശതാരം തന്റെ ഫ്രാഞ്ചൈസിക്കും ആരാധകർക്കുമായി ഇത്രത്തോളം സ്നേഹം ഐപിഎൽ ഇല്ലാത്ത കാലത്തുകൂടി പ്രകടിപ്പിച്ചിട്ടുണ്ടോയെന്നും സംശയമാണ്. എന്നാൽ ഇത്രയ്ക്കു വേണ്ടായിരുന്നെന്ന് ഇപ്പോൾ വാർണറിനു തോന്നുന്നുണ്ടാകും. പറയത്തക്ക താരപ്പൊലിമയും ഫാൻ ബേസുമില്ലാത്ത ടീമിനെ തുടർച്ചയായി പ്ലേ ഓഫുകളിലെത്തിക്കുകയും ഒരു തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത നായകനോട് ഇപ്പോൾ മാനേജ്മെന്റ് കാണിക്കുന്നത് നീതികേടാണെന്ന് ആരാധകരൊന്നടങ്കം പറയുകയാണ്.

വാർണർ… നിങ്ങളെ ഞങ്ങൾ അർഹിക്കുന്നില്ല… എന്ന ആരാധകരുടെ രോദനത്തിലുണ്ട് എല്ലാം. ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതു പോരാതെ ടീമിൽനിന്നും ഒഴിവാക്കാൻ മാത്രം എന്തു തെറ്റാണ് വാർണർ ചെയ്തത് എന്ന് അവർ ചോദിക്കുന്നു.

∙ നടുവേദനയ്ക്ക് തലവേദനയുടെ ചികിത്സ!

2013 മുതൽ ഐപിഎലിലുള്ള ടീമിനെ 2015 മുതൽ നയിക്കുന്നത് ഡേവിഡ് വാർണറാണ്. ഇതിൽ വാർണർക്ക് വിലക്ക് നേരിട്ട 2018ൽ കെയ്ൻ വില്യംസൺ നായകനായി. 2016 മുതൽ തുടർച്ചയായി 5 വർഷം പ്ലേ ഓഫിൽ കളിച്ച ടീമിന്റെ നായകനെ ഒരു സീസണിലെ ആദ്യ മത്സരങ്ങളിലെ തോൽവിയുടെ പേരിൽ നീക്കിയത് കണ്ണടച്ച് ഇരുട്ടാക്കുന്നതു പോലെയാണ്.

ബോളിങ് മികവിൽ ജയിച്ചു പോന്നിരുന്ന ടീമിന്റെ ബാറ്റിങ്ങിനെ പലപ്പോഴും വാർണർ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു ഇക്കണ്ട സീസണുകൾ മുഴുവൻ. 2014 മുതൽ 2020 വരെ ഒറ്റ സീസണിൽ പോലും വാർണർ 500ൽ താഴെ റൺസ് നേടിയ ചരിത്രമില്ല. സ്ട്രൈക് റേറ്റ് ശരാശരി 140നു മുകളിൽ നിൽക്കും. സമീപ കാലത്ത് ഒരു ഇന്ത്യൻ താരത്തിന്റെ മികവിൽ ഹൈദരാബാദ് കളി ജയിച്ചതു തന്നെ വളരെ അപൂർവമാണ്.

താരലേലത്തിന്റെ സമയത്ത് നല്ല ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാതെ നോക്കിയിരുന്ന് ഇപ്പോൾ പഴി മുഴുവൻ ക്യാപ്റ്റന്റെ തലയിൽ കെട്ടുകയാണ് മാനേജ്മെന്റ്. മധ്യനിരയെ ഇല്ലാത്ത ടീമിനെ ശരിയാക്കാൻ തല മാറിയിട്ട് കാര്യമുണ്ടോ?

∙ എന്താണ് പ്രശ്നം?

വാർണറെ മാറ്റി വില്യംസണെ നായകനാക്കുന്നു. അതിൽ ആർക്കും തർക്കമില്ല, വില്യംസണിനെ പ്ലേയിങ് ഇലവനിൽ കാണാൻ കൊതിക്കുന്നവരാണ് എല്ലാ ഐപിഎൽ ആരാധകരും. അതിനു തിരഞ്ഞെടുത്ത സമയവും വാർണറെ ടീമിൽനിന്നേ ഒഴിവാക്കിയതുമാണ് പ്രതിഷേധത്തിനിടയാക്കുന്നത്. വാർണർ ഇല്ലാതിരുന്ന വർഷം ടീമിനെ മികച്ച രീതിയിൽ നയിച്ച് ഫൈനലിൽ എത്തിച്ച ക്യാപ്റ്റനാണ് വില്യംസൺ. 2019 ൽ വാർണർ തിരച്ചെത്തിയപ്പോൾ വില്യംസണിനു കീഴിൽ കളിപ്പിക്കാമായിരുന്നു. ഇപ്പോഴല്ല. ടീമിനു തന്ത്രങ്ങളുടെ പ്രശ്നമല്ല, വിഭവശേഷിയാണ് വിഷയം. ഇനി വില്യംസൺ നായകനായാലും ക്യാപ്റ്റന്റെ ഭാരമില്ലാതെ കളിക്കാൻ വാർണർക്ക് അവസരം കൊടുക്കേണ്ടതായിരുന്നില്ലേ?

∙ ബാറ്റിങ്ങോ ബോളിങ്ങോ?

ഒറ്റ നോട്ടത്തിൽ ബാറ്റിങ്ങാണ് പ്രശ്നമെന്നു തോന്നുമെങ്കിലും ഹൈദരാബാദിന്റെ ബോളിങ്ങിലെ താളപ്പിഴകളാണ് ഇത്ര ദയനീയ സ്ഥിതിയിലെത്തിക്കുന്നതെന്നു പറയേണ്ടി വരും. മുൻപ് ചെറിയ സ്കോറുകൾ പോലും പ്രതിരോധിച്ചിരുന്ന ബോളിങ് നിരയുടെ മൂർച്ച പോയി. റാഷിദ് ഖാന്‍ പഴയപോലെ ഫലപ്രദമാകുന്നില്ല. പരുക്കൊഴിഞ്ഞ സമയമില്ലാത്ത ഭുവനേശ്വർ കുമാർ ഫോമിലല്ല. ടി.നടരാജനാണെങ്കിൽ പരുക്കേറ്റ് പുറത്തായി. സിദ്ധാർഥ് കൗൾ ഏറെക്കുറെ കരിയറിന്റെ അന്ത്യത്തിലാണ്. സന്ദീപ് ശർമയും ഖലീൽ അഹമ്മദും സ്ഥിരത കാട്ടുന്നില്ല. മുൻപ് ഇതായിരുന്നില്ല സ്ഥിതി. വാർണർ കിട്ടിയ കൂട്ടുകാരെ വച്ച് ഒരു ടോട്ടൽ ഒപ്പിക്കുന്നു, ബോളിങ് സംഘം എറിഞ്ഞിടുന്നു. ഈ തിരക്കഥയിൽ ഹൈദരാബാദ് ചിത്രം ബ്ലോക് ബസ്റ്ററായി ഓടിയ കാലം മാറുകയാണ്. മാനേജ്മെന്റിന് അത് മനസ്സിലാകുന്നില്ലെങ്കിലും.

∙ കോംബിനേഷൻ പ്രശ്നം

ടീം കോംബിനേഷന്റെ പേരു പറഞ്ഞാണ് വാർണറെ പുറത്തിരുത്തിയത്. നല്ല ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻമാർ ഉണ്ടായിരുന്നെങ്കിൽ ഈ തലവേദന ഉണ്ടാകില്ലായിരുന്നല്ലോ. പകരം വന്ന യുവതാരങ്ങൾക്കൊന്നും അവസരം മുതലാക്കാനും ആകുന്നില്ല. ഓട്ടയായ മധ്യനിരയുടെ പേരിൽ ഏറ്റവും മികച്ച ഓപ്പണിങ് ജോടികളിലൊന്നായ വാർണർ– ബെയർസ്റ്റോ സഖ്യത്തെ പിരിച്ച മണ്ടത്തരം സീസണിൽ മുഴുവൻ ടീമിനെ വേട്ടയാടും. അടുത്ത സീസണിൽ മെഗാ ലേലമാണ്. ഡേവിഡ് വാർണറിൽ ഐപിഎലിൽ ശിഷ്ടകാലവും എസ്ആർഎച്ചിൽ തുടരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.  ഈ അവസ്ഥയിൽ അതിൽ ഒരു മാറ്റം വന്നാൽ ഇനി അദ്ഭുതപ്പെടേണ്ട…

Leave A Reply

Your email address will not be published.