നിയമസഭ പിരിച്ചുവിട്ടു; ഇനി കാവൽ മന്ത്രിസഭ; സത്യപ്രതിജ്ഞ 18നു ശേഷം

0

തിരുവനന്തപുരം ∙ 14–ാം നിയമസഭ ഗവർണർ പിരിച്ചുവിട്ടു. ഇപ്പോഴത്തെ മന്ത്രിസഭയ്ക്കു കാവൽ മന്ത്രിസഭയായി തുടരുന്നതിന് അനുമതി നൽകി വിജ്ഞാപനം ഇറക്കി. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ കാവൽ മന്ത്രിസഭ തുടരും.

നിയമസഭ പിരിച്ചു വിട്ടെങ്കിലും സ്പീക്കർക്കു പുതിയ നിയമസഭ ചേരുന്നതിന്റെ തലേന്നു വരെ പദവിയിൽ തുടരാം. അതേസമയം, പ്രതിപക്ഷ നേതാവ്, ഡപ്യൂട്ടി സ്പീക്കർ, ഗവ.ചീഫ് വിപ്പ്  എന്നിവരുടെ സ്ഥാനങ്ങൾ തിങ്കളാഴ്ച മുതൽ ഇല്ലാതായി. 14–ാം സഭയിലെ അംഗങ്ങൾ ജനപ്രതിനിധികൾ അല്ലാതായി.

15–ാം നിയമസഭ എന്നു ചേരണമെന്ന് അടുത്ത മന്ത്രിസഭയാണു തീരുമാനിക്കേണ്ടത്. പുതിയ നിയമസഭാംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ട പ്രോട്ടെം സ്പീക്കറെയും മന്ത്രിസഭ തീരുമാനിക്കും. ഗവർണറോ അദ്ദേഹം നിയോഗിക്കുന്ന ആളോ പുതിയ എംഎൽഎമാരെ സത്യപ്രതിജ്ഞ ചെയ്യിക്കും. അതിനു മുൻപ് പ്രോട്ടെം സ്പീക്കർ ഗവർണറുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎ സ്ഥാനം ഏറ്റെടുക്കും. പുതിയ നിയമസഭയിലെ മുതിർന്ന അംഗത്തെയാണു പ്രോട്ടെം സ്പീക്കറാക്കുക.

സത്യപ്രതിജ്ഞ 18നു ശേഷം

തിരുവനന്തപുരം ∙ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 18നു ശേഷമേ നടക്കുകയുള്ളൂ. സിപിഎം, എൽഡിഎഫ് യോഗങ്ങൾ പൂർത്തിയാക്കി മന്ത്രിമാരെ തീരുമാനിക്കുമ്പോൾ 18 കഴിയും. 20നു സത്യപ്രതിജ്ഞ നടന്നേക്കുമെന്ന പ്രതീക്ഷയിലാണ് തയാറെടുപ്പുകൾ പുരോഗമിക്കുന്നത്.

ചീഫ് സെക്രട്ടറി അധ്യക്ഷനായ കോ ഓർഡിനേഷൻ കമ്മിറ്റിയാണു സത്യപ്രതിജ്ഞയുടെ സ്ഥലവും വിശദാംശങ്ങളും തീരുമാനിക്കുക. ഈ യോഗം ചേരുന്നതിനുള്ള തീയതി തീരുമാനിച്ചിട്ടില്ല. കോവിഡ് സാഹചര്യത്തിൽ രാജ്ഭവനിലെ പാർക്കിങ് ഏരിയയിൽ പന്തൽ നിർമിച്ചു സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ എത്ര പേരെ പങ്കെടുപ്പിക്കണമെന്നും മറ്റും കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും. നിയുക്ത മന്ത്രിമാർക്കു പുറമേ കുടുംബാംഗങ്ങൾ, എംഎൽഎമാർ, സ്ഥാനമൊഴിയുന്ന മന്ത്രിമാർ, പൗരപ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കു പ്രവേശനം നൽകാനാണു സാധ്യത. കാവൽ മന്ത്രിസഭാംഗങ്ങൾ ഓഫിസും ഔദ്യോഗിക വസതിയും ഒഴിയാനുള്ള തയാറെടുപ്പിലാണ്. ഇവർക്ക് സ്ഥാനം ഒഴിഞ്ഞാലും 15 ദിവസം സാവകാശം ലഭിക്കും.

എൽഡിഎഫ് വിജയ ദിനം വെള്ളിയാഴ്ച 

തിരുവനന്തപുരം ∙ തുടർഭരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വെള്ളിയാഴ്ച വിജയ ദിനമായി എൽഡിഎഫ് ആഘോഷിക്കും. വൈകിട്ട് 7 നു വീടുകളിൽ ദീപം തെളിച്ചായിരിക്കും ആഘോഷം. തെരുവുകളിൽ വിജയാഹ്ലാദ പ്രകടനം ഉണ്ടാകില്ല. പ്രകാശം നിറഞ്ഞ വിജയ മധുരം പങ്കുവയ്ക്കാനാണ് ആഹ്വാനം ചെയ്യുന്നതെന്ന് എൽഡിഎഫ് കൺവീനർ  എ.വിജയരാഘവൻ പറഞ്ഞു.

Leave A Reply

Your email address will not be published.