‘പിഷാരടി കോൺഗ്രസിന്റെ മാൻഡ്രേക്ക്’; ട്രോളിനു മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

0

തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയവുമായി ബന്ധപ്പെട്ട് നടൻ രമേശ് പിഷാരടിയെ ട്രോളുന്നവർക്കു മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും കരുനാഗപ്പള്ളിയും അങ്കമാലിയും തൃക്കാക്കരയും കോട്ടയവും പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങളിൽ യുഡിഎഫ് വിജയച്ചിരുന്നുവെന്നും ഇപ്പോൾ നടക്കുന്നത് സൈബർ ഗുണ്ടായിസമാണെന്നും രാഹുൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ:

പിഷാരടി പ്രചാരണത്തിനു പോയിടത്തെല്ലാം തോറ്റു, അതു കൊണ്ട് പിഷാരടി മാൻഡ്രേക്ക് ആണ് പോലും! സൈബർ സഖാക്കളുടെ പുതിയ കണ്ടുപിടുത്തമാണ്. മാൻഡ്രേക്ക് എന്ന് പിഷാരടിയെ വിളിക്കുമ്പോൾ “മാടംപള്ളിയിലെ യഥാർത്ഥ മാൻഡ്രേക്ക് ” യെനക്കൊന്നുമറിയാത്ത പോലെ ചിരിക്കുകയാണ്. സംശയമുണ്ടെങ്കിൽ ആദ്യം പറത്തിയ പ്രാവിനോട് ചോദിച്ചാൽ മതി. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചരണത്തിനിറങ്ങി 20 ൽ 19 ഉം തോറ്റു, അത്ര വലിയ സ്ട്രൈക്ക് റേറ്റ് സാക്ഷാൽ മാൻഡ്രേക്കിനു പോലുമില്ല.

 

പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങൾ UDF ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കൾ ഈ സൈബർ ഗുണ്ടായിസം നടത്തുന്നത്, അവരുടെ പ്രശ്നം പിഷാരടി കോൺഗ്രസ്സിനു വേണ്ടിയാണ് പ്രചരണം നടത്തിയത്.

 

കലാകാരനും സാഹിത്യകാരനുമായാൽ അവർ ഇടതുപക്ഷ സഹയാത്രികരും അടിമകളുമായിരിക്കണം എന്ന സഖാക്കൾ സൃഷ്ടിച്ച പൊതുബോധം വിട്ട് യാത്ര ചെയ്തയാളാണ് താങ്കൾ. സഖാക്കളെ സംബന്ധിച്ചിടത്തോളം അവരല്ലാത്ത എല്ലാം തെറ്റാണ്. അവരുടേതല്ലാത്ത രാഷ്ട്രീയം പറയുന്നവരെ ആക്ഷേപിക്കുകയും, തെറി വിളിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സംസ്കാരം. നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു സഹോ, അവർ ശീലിച്ച പൈതൃക ഭാഷയിൽ അവർ സംവദിക്കട്ടെ…. 

നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ രമേഷ് പിഷാരടി പ്രചാരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ട്രോള്‍ പ്രചരിച്ചിരുന്നു. സംവിധായകൻ എം.എ. നിഷാദ് അടക്കമുള്ളവരാണ് ട്രോളുമായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകനായിരുന്നു പിഷാരടി. എന്നാൽ പിഷാരടി പ്രചാരണത്തിന് പോയ എല്ലായിടത്തെയും യുഡിഎഫ് സ്ഥാനാർഥികൽ പരാജയപ്പെട്ടുവെന്നാണ് ട്രോൾ.

‘സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്?’–എന്ന അടിക്കുറിപ്പോടെ പിഷാരടി പ്രചരണത്തിനിറങ്ങിയ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നിഷാദിന്റെ പ്രതികരണം.

സുഹൃത്തും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജൻ ബോൾഗാട്ടിയുടെ പ്രചാരണത്തില്‍ പിഷാരടി പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ചെന്നിത്തലയുടെ കേരളയാത്രയിലും പിഷാരടി ഭാഗമായിരുന്നു. തിരുവനന്തപുരത്ത് വി.എസ്. ശിവകുമാര്‍, അരുവിക്കരയിൽ കെ. എസ്. ശബരീനാഥൻ, താനൂരിൽ പി.കെ. ഫിറോസ്, തൃത്താലയിൽ വി.ടി. ബല്‍റാം, ഗുരുവായൂരിൽ കെ.എന്‍എ. ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇവരെല്ലാം തിര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ പിഷാരടിക്കെതിരെ ട്രോളുകൾ പ്രചരിക്കാൻ ആരംഭിച്ചത്.

Leave A Reply

Your email address will not be published.