പ്രധാന എതിരാളികൾ ക്രേറ്റയും സെൽറ്റോസും, സ്കോഡ കുശക് ബുക്കിങ് ജൂൺ മുതൽ

0

പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ കുശക്കിനുള്ള ബുക്കിങ് അടുത്ത മാസം സ്വീകരിച്ചു തുടങ്ങുമെന്ന്  സ്കോഡ ഓട്ടോ ഇന്ത്യ. ജൂലൈ മുതൽ തന്നെ കുശക് ഉടമസ്ഥർക്കു കൈമാറുമെന്നും ട്വിറ്ററിൽ നൽകിയ മറുപടിയിൽ കമ്പനി വ്യക്തമാക്കി. ഇന്ത്യയ്ക്കായി സ്കോഡ നിർമിക്കുന്ന ആദ്യ കാറിന്റെ അനാവരണം സംബന്ധിച്ച പ്രഖ്യാപനവും ട്വിറ്ററിലായിരുന്നു കമ്പനി മേധാവി സാക് ഹൊളിസ് നടത്തിയത്.

skoda-kushaq-1
Skoda Kushaq

വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ് യു വിക്കുള്ള പേര് ഈ വർഷം ആദ്യമാണു സ്കോഡ ഓട്ടോ ഇന്ത്യ വെളിപ്പെടുത്തിയത്. സംസ്കൃതത്തിൽ രാജാവെന്നും ചക്രവർത്തിയെന്നുമൊക്കെ അർഥം വരുന്ന വാക്കിൽ നിന്നാണു കമ്പനി കുശക് എന്ന പേരു സ്വീകരിച്ചത്. തുടർന്നു ജനുവരിയിൽ തന്നെ കാറിന്റെ പ്രീ പ്രൊഡക്ഷൻ മാതൃകയും സ്കോഡ അനാവരണം ചെയ്തു.

skoda-kushaq-3
Skoda Kushaq

ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, എം ജി ഹെക്ടർ, ടാറ്റ ഹാരിയർ, ജീപ് കോംപസ് തുടങ്ങിയവ  ഇടംപിടിക്കുന്ന ഇടത്തരം എസ് യു വി വിപണി പിടിക്കാനാണു സ്കോഡ ഈ രാജാവുമായി എത്തുന്നത്. ഇന്ത്യയിലെ നവോത്ഥാനം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ‘2.0 പ്രോജക്ടി’ന്റെ ഭാഗമായ ‘കുശക്കി’ന് അടിത്തറയാവുന്നത് എം ക്യു ബി എ സീറോ – ഇൻ പ്ലാറ്റ്ഫോമാണ്. ഈ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിക്കുന്ന ആദ്യ മോഡൽ കൂടിയായ  കുശക്കിനു പ്രതീക്ഷിക്കുന്ന വിലയാവട്ടെ 12 ലക്ഷം രൂപയും.

skoda-kushaq-4
Skoda Kushaq

പൂമ്പാറ്റയെ അനുസ്മരിപ്പിക്കുന്ന മുൻ ഗ്രില്ലും എൽ ഇ ഡി ഹെഡ്ലാംപും സ്കിഡ് പ്ലേറ്റും ഡയമണ്ട് കട്ട് അലോയ് വീലും റൂഫ് റെയിലുമൊക്കെയായിട്ടാവും ‘കുശക്കി’ന്റെ വരവ്. എതിരാളികൾ കരുത്തരായതിനാൽ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാവും സ്കോഡ ‘കുശക്കി’നെ പടയ്ക്കിറക്കുക; ഫ്ളോട്ടിങ് ടച് ബേസ്ഡ് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, തുകൽ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, പൂർണമായും ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങിയവയൊക്കെ കാറിൽ പ്രതീക്ഷിക്കാം.

skoda-kushaq-2
Skoda Kushaq

രണ്ട് എൻജിൻ സാധ്യതകളോടെയാവും കുശക് എത്തുകയെന്നാണു പ്രതീക്ഷ: ഒരു ലീറ്റർ ടി എസ് ഐ പെട്രോളും 1.5 ലീറ്റർ ടി എസ് ഐ പെട്രോളും. ഒരു ലീറ്റർ ടർബോ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സുകളാവും. ശേഷിയേറിയ ടർബോ പെട്രോൾ എൻജിനൊപ്പമെത്തുക ഏഴു സ്പീഡ് ഡി എസ് ജി ഗീയർബോക്സും.

Leave A Reply

Your email address will not be published.