ബംഗാളിൽ മമത 3.0; സത്യപ്രതിജ്ഞ ഇന്ന്, ചടങ്ങ് ലളിതം

0

ന്യൂഡൽഹി ∙ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ഇന്നു രാവിലെ 10.45ന് സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങ് ലളിതമായിരിക്കും. ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയടക്കം ചില പ്രമുഖരെയും രാഷ്ട്രീയ കക്ഷി നേതാക്കളെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.

അതിനിടെ, ബംഗാളിൽ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങൾ തുടരുകയാണ്. ഇതുവരെ 8 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 6 പ്രവർത്തകരെ ടിഎംസിക്കാർ കൊലപ്പെടുത്തിയതായും വീടുകളും പാർട്ടി ഓഫിസുകളും തകർത്തതായും ബിജെപി ആരോപിച്ചു.

ടിഎംസി പ്രവർത്തകനെ ബിജെപിക്കാർ വെടിവച്ചു കൊന്നതായി തൃണമൂലും ആരോപിച്ചു. ഇടത്–കോൺഗ്രസ് സഖ്യത്തിലുള്ള ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ ഒരു പ്രവർത്തകൻ ഭാംഗറിൽ കൊല്ലപ്പെട്ടു. ഇടത്–കോൺഗ്രസ് മഹാസഖ്യത്തിന്റെ ഏക സീറ്റ് ഐഎസ്എഫ് നേടിയ മണ്ഡലമാണ് ഭാംഗർ.

ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ നേതൃത്വത്തിലുള്ള ബിജെപി നേതൃസംഘം ഇന്നലെ ബംഗാളിൽ അക്രമങ്ങൾ നടന്ന പ്രദേശങ്ങൾ സന്ദർശിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ ഭൂപേന്ദ്ര യാദവ് എം.പി, ദുഷ്യന്ത് ഗൗതം എം.പി, ശിവ പ്രകാശ് എന്നിവരും ദേശീയ അധ്യക്ഷനൊപ്പമുണ്ട്.

അക്രമങ്ങൾക്കിടെ വനിതകളെ പീഡിപ്പിച്ചതായും ആക്രമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ നടപടികൾ ആരംഭിച്ചു. കമ്മിഷൻ ചെയർപഴ്സൻ രേഖാ ശർമ സംസ്ഥാനം സന്ദർശിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ സുപ്രീംകോടതിയിൽ ഹർജി നൽകി.

നന്ദിഗ്രാമിലെ പോളിങ് ഓഫിസർക്ക് സംരക്ഷണം ഏർപ്പാടാക്കിയതായി ബംഗാൾ സർക്കാർ തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു. ജീവഭയം കൊണ്ടാണ് അവിടെ വീണ്ടും വോട്ടെണ്ണൽ നടത്താതിരുന്നതെന്ന് മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പൂർണഫലങ്ങൾ വന്നപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തൃണമൂൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 5% കൂടി. ബിജെപിയുടെ വിഹിതം 3% കുറഞ്ഞു. സിപിഎം–കോൺഗ്രസ് സഖ്യത്തിന്റെ വിഹിതം 8 ശതമാനത്തിലും താഴെയാണ്.

ടിഎംസി വിട്ടു ബിജെപിയിലേക്കു പോയ നേതാക്കളിൽ മുൻ മന്ത്രി രാജീവ് ബാനർജി, രുദ്രനീൽ ഘോഷ്, വൈശാലി, ഡാൽമിയ, ശിലാഭദ്ര ദത്ത, സവ്യസാചി ദത്ത തുടങ്ങിയവരൊക്കെ തോറ്റു. ഇടതു പക്ഷത്തിന്റെ അശോക് ഭട്ടാചാര്യ, മുഹമ്മദ് സലിം, പ്രതിപക്ഷ നേതാവ് കോൺഗ്രസിന്റെ അബ്ദുൽ മന്നൻ, മനോജ് ചക്രവർത്തി തുടങ്ങിയവരും തോറ്റു.

ബിജെപിയുടെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, രാജ്യസഭാംഗമായിരുന്ന സ്വപൻദാസ് ഗുപ്ത, ലോക്സഭാംഗം ലോക്കറ്റ് ചാറ്റർജി എന്നിവർ തോറ്റു. എംപിമാരായ ജഗന്നാഥ് സർക്കാർ, നിഷിത് പ്രാമാണിക് എന്നിവർ ജയിച്ചു.

ക്രിക്കറ്റ് താരങ്ങളായ അശോക് ഡിൻഡ (ബിജെപി), മനോജ് തിവാരി (തൃണമൂൽ) എന്നിവർ വിജയിച്ചു. ടിഎംസിയുടെ മിക്ക സിനിമാ താരങ്ങളും വിജയിച്ചു. മത്സരിച്ച മന്ത്രിമാരും വിജയിച്ചു.

Leave A Reply

Your email address will not be published.