ബംഗാൾ, കേരളം,അസം ട്രിപ്പിൾ തിരിച്ചടി; മുൾമുനയിൽ കോൺഗ്രസ് ഹൈക്കമാൻഡ്

0

ന്യൂഡൽഹി ∙ കേരളം, ബംഗാൾ, അസം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളുടെ ഞെട്ടൽ മാറാതെ കോൺഗ്രസ് ഹൈക്കമാൻഡ്. ബംഗാളിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഒരു സീറ്റ് പോലും കിട്ടാതെ വരുമെന്ന് കരുതിയതല്ല. കേരളത്തിൽ ഭരണത്തിലേറുമെന്ന റിപ്പോർട്ട് ആണു ഫലപ്രഖ്യാപനത്തിനു മുൻ‌പ് വരെ സംസ്ഥാന നേതൃത്വം നൽകിയിരുന്നത്. ഭരണ പ്രതീക്ഷയുണ്ടായിരുന്ന അസമിലും കണക്കുകൂട്ടൽ പാളി.

തോൽവിയുടെ കാരണങ്ങളെക്കുറിച്ചുള്ള വിശദീകരണം സംസ്ഥാന നേതൃത്വങ്ങൾ നൽകിയിട്ടില്ല; അതുകൊണ്ടു തന്നെ ഫലങ്ങളെക്കുറിച്ചു പ്രതികരിക്കാതെ ഹൈക്കമാൻഡ് മൗനം തുടരുന്നു.

ഈ രീതിയിൽ മുന്നോട്ടു പോയാൽ കോൺഗ്രസ് തകർന്നടിയുമെന്ന മുന്നറിയിപ്പ് ദേശീയ നേതാക്കളിൽ ചിലർ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകൾ ജയിക്കാനുള്ള തന്ത്രമോ നേതൃനിരയോ പാർട്ടിക്കില്ലെന്ന് രാഹുൽ ഗാന്ധിയെ ഉൾപ്പെടെ ഉന്നം വച്ച് ഇവർ പറയുന്നു. അടിയന്തരമായി തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി തിരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിടേണ്ടി വരും.

സംസ്ഥാനതലത്തിൽ നേതാക്കളെ വളർത്തിയെടുത്തില്ലെങ്കിൽ വിജയിക്കാനാവില്ലെന്ന പാഠം ദേശീയ നേതൃത്വം ഇനിയെങ്കിലും പഠിക്കണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിൽ അമരീന്ദർ സിങ് ഉണ്ടെങ്കിലും യുപിയിൽ സംസ്ഥാനത്തുടനീളം സ്വാധീനമുള്ള ഒരു നേതാവു പോലുമില്ല. പ്രിയങ്ക ഗാന്ധി യുപിയിൽ സജീവമായി രംഗത്തുണ്ടെങ്കിലും പാർട്ടിയെ വിജയത്തിലേക്കു നയിക്കാൻ അതു മതിയാവില്ല.

ബംഗാളിൽ ബിജെപിയെ മലർത്തിയടിച്ച മമത ബാനർജിയും അസമിൽ ബിജെപിയുടെ വിജയത്തിനു ചുക്കാൻ പിടിച്ച ഹിമന്ത ബിശ്വ ശർമയും ഒരുകാലത്ത് കോൺഗ്രസ് നേതാക്കളായിരുന്നുവെന്ന കാര്യം മറക്കരുതെന്നും സംസ്ഥാനതലത്തിൽ കരുത്തുറ്റ നേതാക്കളെ ഒപ്പം നിർത്തേണ്ടതും വളർത്തേണ്ടതും ഹൈക്കമാൻഡിന്റെ ഉത്തരവാദിത്തമാണെന്നും നേതാക്കൾ പറയുന്നു.

നിലവിലെ അവസ്ഥയിൽ, ബിജെപിയെ ഒറ്റയ്ക്കു തോൽപിക്കാനുള്ള കരുത്ത് കോൺഗ്രസിനില്ലെന്ന യാഥാർഥ്യം മനസ്സിലാക്കി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യങ്ങൾക്കു രൂപം നൽകണം. ശക്തിയില്ലാത്ത സംസ്ഥാനങ്ങളിൽ ബിജെപിയെ നേരിടാൻ കെൽപുള്ള പാർട്ടിക്കു പിന്തുണ നൽകണം.

സമീപകാലത്ത് ബിജെപിയെ തോൽപിച്ച തൃണമൂൽ (ബംഗാൾ), ആം ആദ്മി പാർട്ടി (ഡൽഹി), ഡിഎംകെ (തമിഴ്നാട്), ശിവസേന – എൻസിപി (മഹാരാഷ്ട്ര) എന്നിവയടക്കമുള്ള പാർട്ടികളെ കോർത്തിണക്കി വിശാല പ്രതിപക്ഷ നിരയ്ക്കു രൂപം നൽകാൻ കോൺഗ്രസ് മുൻകയ്യെടുക്കണമെന്നു പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നു.

കോൺഗ്രസിൽ നിന്നുള്ളയാൾ തന്നെ പ്രധാനമന്ത്രിയാവണമെന്ന വാശി ഉപേക്ഷിച്ച്, നരേന്ദ്ര മോദിയെ തോൽപിക്കുക എന്ന ലക്ഷ്യത്തിനു മുൻഗണന നൽകണമെന്നാണ് ഇവരുടെ വാദം.

ഫെയ്സ്ബുക്കും ട്വിറ്ററും പോരാ, തെരുവിലേക്കിറങ്ങണം

കോൺഗ്രസ് നേതാക്കൾ ട്വിറ്ററും ഫെയ്സ്ബുക്കും വിട്ട് തെരുവിലിറങ്ങി പ്രവർത്തിക്കണമെന്നു ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി. ബംഗാളിലെ സ്ത്രീ വോട്ടർമാരും മുസ്‍ലിംകളും തൃണമൂലിനെയാണ് പിന്തുണച്ചത്. മുസ്‍ലിം വോട്ടുകൾ കൈവിട്ടതു കോൺഗ്രസിനു തിരിച്ചടിയായി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.