ബംഗാൾ പടയൊരുക്കം ഭരണമായില്ല, അടുത്ത വഴി ചിന്തിച്ച് ബിജെപി

0

ന്യൂഡൽഹി∙ ബംഗാളിൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റ് കിട്ടിയപ്പോൾ തന്നെ ബിജെപി 2021 മുൻപിൽ കണ്ടു പടയൊരുക്കം തുടങ്ങിയിരുന്നു. ഈ വർഷം ഫെബ്രുവരി മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും അടക്കമുള്ള നേതാക്കൾ ബംഗാളിൽ റാലികൾ നടത്തിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. ഈ റാലികൾ ഭരണം പിടിക്കുന്ന ഘട്ടത്തിലേക്ക് ബിജെപിയെ എത്തിച്ചില്ല.

മോദി, അമിത്ഷാ, ജെ.പി. നഡ്ഡ എന്നിവരാണ് ഏറ്റവും കൂടുതൽ യോഗങ്ങളും റാലികളും നടത്തിയത്. അമിത്ഷാ തന്നെ നേരിട്ടുള്ള മേൽനോട്ടം വഹിച്ചാണ് ബിജെപി പ്രവർത്തനങ്ങൾ നടത്തിയത്. കൈലാഷ് വിജയ് വർഗിയ, അരവിന്ദ് മേനോൻ, ശിവശങ്കർ തുടങ്ങിയ നേതാക്കളെ ബംഗാളിലേക്കയച്ചു. അമിത് മാളവ്യയുടെ നേതൃത്വത്തിൽ വലിയൊരു സംഘം നേതാക്കളെ പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കാൻ അയച്ചു. ഡൽഹിയിലെ അടിയന്തര കാര്യങ്ങൾ പോലും മാറ്റിവച്ച് ബംഗാളിൽ തുടർന്ന് അവിടത്തെ പടല പിണക്കങ്ങൾ പരിഹരിക്കാനും അമിത്ഷാ തയാറായി.

അമിത്ഷാ കോവിഡ് മോചിതനായതിനുശേഷം ഏകദേശം 40ലേറെ റാലികൾ, കവലയോഗങ്ങൾ എന്നിവയിലും 18 റോഡ് ഷോകളിലും പങ്കെടുത്തു. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ അത്രയും റോഡ് ഷോകളിലും ഇരുപതോളം പൊതുയോഗങ്ങളിലും ഒട്ടേറെ ചെറുയോഗങ്ങളിലും പങ്കെടുത്തു.

തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപേ 2 തവണ ബംഗാളിൽ റാലികൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു ശേഷം 4 ദിവസങ്ങളിലായി പതിനഞ്ചിലേറെ റാലികളിൽ പങ്കെടുത്തു. 2 വെർച്വൽ റാലികളും നടത്തി. ബംഗാളിൽ നിന്നു വന്ന് രാത്രി കോവിഡ് അവലോകന യോഗത്തിൽ പങ്കെടുത്ത മോദിയെ മഹാമാരിയെ നേരിടുന്ന അമാനുഷനായി ബിജെപി അവതരിപ്പിക്കുകയും ചെയ്തു.

കുടുംബാധിപത്യം, ന്യൂനപക്ഷ പ്രീണനം എന്നിവയ്ക്കു പകരം മോദിയെന്ന വികാസ പുരുഷനും ഭൂരിപക്ഷ ഐക്യവും എന്ന പയറ്റിത്തെളിഞ്ഞ ഫോർമുല മമതയ്ക്കു മുൻപിൽ ഫലിക്കാതെ പോകുമ്പോൾ പുതിയ വഴികൾ തേടേണ്ട അവസ്ഥയിലാണ് ബിജെപി ദേശീയ നേതൃത്വം.

Leave A Reply

Your email address will not be published.