വെള്ളിത്തിരയ്ക്ക് വീണ്ടും വെള്ളിടി; റിലീസിനു കാത്തിരിക്കുന്നത് 120 ചിത്രങ്ങൾ

0

കൊച്ചി ∙ വർധിത വീര്യത്തോടെ കോവിഡ് വീണ്ടും വില്ലനായി എത്തിയതോടെ മലയാള ചലച്ചിത്ര ലോകം പൂർണമായി സ്തംഭിച്ചു; ചെറിയ ഇടവേളയ്ക്കു ശേഷം. ‘മിനി ലോക്ഡൗൺ’ പ്രഖ്യാപിക്കപ്പെട്ടതോടെ തിയറ്ററുകൾ അടഞ്ഞു. സിനിമകളുടെ ചിത്രീകരണം നിലച്ചു. ലോക്ഡൗണും പ്രതികൂല സാഹചര്യങ്ങളും മൂലം ഒരു വർഷമായി തിയറ്ററുകളിലെത്തിക്കാൻ കഴിയാത്ത സിനിമകൾ ഉൾപ്പെടെ റിലീസിനു കാത്തിരിക്കുന്നത് ഏകദേശം 120 ചിത്രങ്ങൾ. താൽക്കാലികമായെങ്കിലും മരവിക്കുന്നതു ശതകോടികളുടെ നിക്ഷേപം.

പലിശയുടെ കരിനിഴലിൽ 

ചലച്ചിത്ര വ്യവസായം സ്തംഭിക്കുന്നതോടെ പ്രതിസന്ധിയിലേക്കു വീഴുന്നതിൽ നിർമാതാക്കളും തിയറ്റർ ഉടമകളും തൊഴിലാളികളും ഉൾപ്പെടെ പതിനായിരങ്ങളാണ്. ഉപജീവന മാർഗം അടയുമെന്ന ഭീതിയിലാണു തൊഴിലാളി സമൂഹമെങ്കിൽ, കൊള്ളപ്പലിശയ്ക്കു കടമെടുത്ത തുക എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിൽ കഴിയുന്ന നിർമാതാക്കളുമുണ്ട്. പലിശയിനത്തിൽ പ്രതിമാസം 50 ലക്ഷം രൂപ വരെ നൽകേണ്ടിവരുന്ന നിർമാതാക്കളുണ്ടെന്നാണു പറയപ്പെടുന്നത്.

കോടികൾ ചെലവിട്ടു നിർമിക്കുന്ന ചിത്രങ്ങൾ യഥാസമയം റിലീസ് ചെയ്യാനായില്ലെങ്കിൽ നഷ്ടം കുമിഞ്ഞുകൂടിക്കൊണ്ടിരിക്കും. തിയറ്ററുകളാകട്ടെ, ലോക്ഡൗണിനു ശേഷം നവീകരണത്തിനായി വീണ്ടും ലക്ഷങ്ങൾ ചെലവിട്ടിരുന്നു. എസിയും സൗണ്ട് സിസ്റ്റവും സീറ്റുകളുമൊക്കെ പലരും നവീകരിച്ചിരുന്നു. വൻ നഷ്ടത്തിലായിരുന്ന പല തിയറ്റർ ഉടമകൾക്കും അതിനു പണം കണ്ടെത്താൻ വായ്പയെടുക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല.

പ്രതീക്ഷ ഓണക്കാലം 

10 മാസം നീണ്ട അടച്ചുപൂട്ടലിനു ശേഷം ഈ വർഷം ജനുവരി 13നാണ് കേരളത്തിലെ തിയറ്ററുകൾ പ്രദർശനം പുനരാരംഭിച്ചത്. കോവിഡ് രണ്ടാം വ്യാപനത്തോടെ ഏപ്രിൽ 25നു തിയറ്ററുകൾ വീണ്ടും അടഞ്ഞു. ഇക്കാലത്തു റിലീസ് ചെയ്തത് 45 ചിത്രങ്ങൾ. അവയിൽ വളരെക്കുറച്ചു ചിത്രങ്ങൾ മാത്രമേ സാമ്പത്തിക ലാഭം നേടിയുള്ളൂ. ജനുവരിയിൽ തിയറ്ററുകൾ തുറന്നെങ്കിലും സെക്കൻഡ് ഷോ അനുവദിച്ചതു മാർച്ചിലാണ്. അതോടെയാണു കുടുംബ പ്രേക്ഷകർ തിയറ്ററുകളിൽ എത്തിത്തുടങ്ങിയത്. പതിയെ തിയറ്ററുകൾ ഉണർന്നു തുടങ്ങിയപ്പോഴേക്കും കോവിഡ് വീണ്ടും വില്ലൻ വേഷമിട്ടെത്തി. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, ‘മാലിക്’ എന്നിവ ഉൾപ്പെടെയുള്ള ചിത്രങ്ങൾ റിലീസ് നീട്ടിവച്ചു കഴിഞ്ഞു. ഓണക്കാലമാകുമ്പോഴേക്കും കോവിഡ് പ്രതിസന്ധിയൊഴിയുമെന്ന പ്രതീക്ഷയിലാണു ചലച്ചിത്ര ലോകം അതുവരെ, കാത്തിരിപ്പിന്റെ ഇടവേള.

Leave A Reply

Your email address will not be published.