14 ദിവസം ഇന്ത്യയിൽ തങ്ങിയവർക്ക് യുഎഇയിലേക്ക് നേരിട്ട് പ്രവേശനമില്ല

0

അബുദാബി ∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ഇൗ മാസം 14ന് അവസാനിക്കേണ്ടതായിരുന്നു. കഴിഞ്ഞ മാസം 25നാണ് പ്രവേശനവിലക്ക് ആദ്യം നിലവിൽ വന്നത്. 10 ദിവസത്തേക്കായിരുന്നു വിലക്ക് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു.  ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യോമയാന അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങിയ യാത്രക്കാർക്കും യുഎഇയിലേക്കു നേരിട്ടു പ്രവേശിക്കാനാവില്ല. ഇതേസമയം യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു യാത്രക്കാരെ കൊണ്ടുപോകുന്നതിനു തടസ്സമില്ല. ഇരുരാജ്യങ്ങളിലേക്കുമുള്ള  ചരക്കു വിമാനങ്ങൾക്കും സേവനം തുടരാം. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണു നിയന്ത്രണങ്ങൾ.

യാത്രയിൽ ഇളവുള്ളവർ

യുഎഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, യുഎഇയിലെ ഗോൾഡൻ വീസയുള്ളവർ എന്നിവർക്കും സ്വകാര്യ വിമാനങ്ങളിലെത്തുന്ന വ്യവസായികൾക്കും യുഎഇയിലേക്കു വരാൻ ഉപാധികളോടെ ഇളവുണ്ട്. യാത്രയ്ക്ക് 48 മണിക്കൂറിനകം എടുത്ത ക്യൂആർ കോഡ് സഹിതമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി യുഎഇയിലെത്താം. 10 ദിവസത്തെ ക്വാറന്റീനുണ്ടാകും. വിമാനത്താളത്തിലെ പരിശോധനയ്ക്കു പുറമെ 4, 8 ദിവസങ്ങളിലും പിസിആർ ടെസ്റ്റ് എടുക്കണം.

ഗ്രീൻ രാജ്യങ്ങൾ വഴി എത്താം

കോവിഡ് തീവ്രത കുറഞ്ഞ ഗ്രീൻ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇന്ത്യക്കാർക്കു യുഎഇയിലേക്കു വരാൻ അനുമതിയുണ്ട്.  വിലക്കു മൂലം യാത്ര മുടങ്ങിയവർ അതാതു എയർലൈനുമായി ബന്ധപ്പെട്ടു യാത്രാ തീയതി മാറ്റിയെടുക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

ഇളവ് ലഭിക്കുമോ

യാത്രാ വിലക്ക് നിലവിൽ ഇന്ത്യയിലുള്ള യുഎഇ വീസക്കാരായ മലയാളികളടക്കം ആയിരങ്ങളെ പ്രതികൂലമായി ബാധിച്ചു. അതിർത്തി തുറക്കുന്നതുവരെ കാത്തിരുന്നാൽ പലരുടെയും വീസാ കാലാവധി തീരുമെന്നതാണ് ഇവരെ അലട്ടുന്നത്. പുതിയ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തേതുപോലെ  വീസ കാലാവധി നീട്ടുമോ എന്നാണ് ഇവരും ഉറ്റുനോക്കുന്നത്.

യുഎഇയുടെ പിന്തുണ

കോവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും അറിയിച്ച യുഎഇ ലിക്വിഡ്, മെഡിക്കൽ ഓക്സിജനും ക്രയോജനിക് ഓക്സിജൻ ടാങ്കറുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചുവരികയാണ്. ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ.

Leave A Reply

Your email address will not be published.