69 സീറ്റിൽ സിപിഎമ്മിന് ബിജെപി വോട്ട് മറിച്ചു: ചെന്നിത്തല

0

തിരുവനന്തപുരം ∙ 69 സീറ്റുകളിൽ സിപിഎമ്മിന് ബിജെപി പ്രകടമായി വോട്ടു മറിച്ചെന്നും മറ്റു സീറ്റുകളിലും ഈ കച്ചവടം ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 90 സീറ്റുകളിൽ ബിജെപി–കോൺഗ്രസ് സീറ്റ് കച്ചവടം ഉണ്ടായെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനാണ് ചെന്നിത്തലയുടെ തിരിച്ചടി.

തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച്, സിപിഎം – ബിജെപി ഡീൽ തകർത്ത് ബിജെപി മുന്നേറ്റത്തെ തടഞ്ഞു നിർത്തിയത് കോൺഗ്രസും യുഡിഎഫുമാണ്. വോട്ട് കച്ചവടം പുറത്തു വരുമെന്നു കണ്ടപ്പോൾ രക്ഷപ്പെടാൻ  മുൻകൂട്ടി എറിഞ്ഞതാണ് മുഖ്യമന്ത്രി. നേമം, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബിജെപിയുടെ മുന്നേറ്റത്തെ തടഞ്ഞതു യുഡിഎഫ് സ്ഥാനാർഥികളാണ്.

ഈ നാലിടത്തും സിപിഎമ്മിനു വോട്ടു കുറയുകയും അതു ബിജെപിക്കു ലഭിക്കുകയും ചെയ്തു. നേമത്തെ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ കഴിഞ്ഞ തവണത്തെ 13,860 വോട്ടുകൾ 36,9524 ആയി വർധിപ്പിച്ചാണ് ബിജെപിയെ തളച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ ശിവൻകുട്ടിക്ക് 3305 വോട്ടു കുറഞ്ഞു. പാലക്കാട് ബിജെപിയുടെ താര സ്ഥാനാർഥി ഇ. ശ്രീധരന്റെ മുന്നേറ്റം ധീരമായി നേരിട്ടതു കോൺഗ്രസിന്റെ ഷാഫി പറമ്പിലാണ്. ഇവിടെ സിപിഎം  കഴിഞ്ഞ തവണത്തെക്കാൾ 2242 വോട്ട് ബിജെപിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്. മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്റെ മുന്നേറ്റമാണ് ബിജെപി അധ്യക്ഷൻ‍ അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വിജയം തടഞ്ഞത്. 2016 നെക്കാൾ യുഡിഎഫ് 8,888 വോട്ടുകൾ കൂടുതൽ പിടിച്ചപ്പോൾ 1926 വോട്ട് ബിജെപിക്ക് സമ്മാനിക്കുകയാണു സിപിഎം ചെയ്തത്.

ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 4,35,606 വോട്ടുകളാണ് കുറഞ്ഞത്. ഇതിൽ ഭൂരിഭാഗവും കിട്ടിയത് സിപിഎമ്മിനാണ്. സിപിഎമ്മിന്റെ പി. രാജീവ് മത്സരിച്ച കളമശേരിയിൽ എൻഡിഎ സ്ഥാനാർഥിക്ക് 13,065 വോട്ട് കുറഞ്ഞു. എൽഡിഎഫ് ജയിച്ച കുട്ടനാട് എൻഡിഎ സ്ഥാനാർഥി കഴിഞ്ഞ തവണ പിടിച്ചതിന്റെ പകുതി വോട്ട് പോലും നേടിയില്ല. വൈക്കത്ത് എൻഡിഎ സ്ഥാനാർഥിക്ക് കഴിഞ്ഞ തവണ 30,067 വോട്ടുകൾ ലഭിച്ച സ്ഥാനത്ത് ഇത്തവണ 11,953 വോട്ട്. ചോർന്ന വോട്ട് വിജയിച്ച സിപിഐ സ്ഥാനാർഥിക്കു ലഭിച്ചു. ഉടുമ്പൻചോലയിൽ എൻഡിഎ സ്ഥാനാർഥിക്കു ലഭിച്ച 21,799 വോട്ടിൽ 7208 കുറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിക്കു അന്നു കിട്ടിയ 50,813 വോട്ട് ഇത്തവണ 77,381 ആയി.

ഏറ്റുമാനൂർ, അരുവിക്കര, തൃത്താല, വടക്കാഞ്ചേരി, ഇടുക്കി, പീരുമേട,് ചങ്ങനാശേരി, വാമനപുരം, കോവളം, കയ്പമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ എല്ലാം ഈ കച്ചവടം നടന്നു. ഫലം പരിശോധിച്ചാൽ ഏതു കൊച്ചു കുട്ടിക്കും ബോധ്യപ്പെടുന്ന കാര്യം മറച്ചുവച്ചു പച്ചക്കള്ളം പ്രചരിപ്പിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

വോട്ട് കച്ചവടം: ആരോപണങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം നടത്തിയത് സിപിഎം ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും ആരോപണങ്ങൾക്കു വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി.

‘വോട്ടുകച്ചവടം സംബന്ധിച്ച കാര്യങ്ങൾ നാട്ടിലെല്ലാവർക്കും ബോധ്യം വന്നതാണ്. അതു സംബന്ധിച്ച വിലയിരുത്തലുകളും ബഹളങ്ങളും വിവിധ കക്ഷികളുടെ ഇടയിൽ നടക്കുന്നുമുണ്ട്. തൽക്കാലം ഞാനതിലേക്ക് കൂടുതലായി പോകുന്നില്ല’– മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം അവരുടെ നിലപാടുകളിൽ ആരോഗ്യകരമായ മാറ്റം വരുത്തുന്നത് നല്ലതാണെന്നും നാടിന്റെ വികസനം, അഭിവൃദ്ധി, ജനക്ഷേമം എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.