Ultimate magazine theme for WordPress.

കേരളം 2017

പോയ വര്‍ഷം സുഖകരമായ അനുഭങ്ങളായിരുന്നില്ല സമ്മാനിച്ചത്. വര്‍ഗ്ഗീയ ഭീകരതയുടെ വിത്ത് കേരളത്തിലും മുളച്ചിരിക്കുന്നുവെന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോയ വര്‍ഷം പുറത്തുവന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുറവുണ്ടായില്ല. വാഹനാപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. പിടിച്ചുപറി, മോഷണം, കവര്‍ച്ച തുടങ്ങിയവയിലും കുറവുവന്നില്ല. കുട്ടികളെ കാണാതാവുന്നതും സ്ത്രീ പീഡനവും വര്‍ദ്ധിച്ചു.

2017-ലും വലിയ ശുഭ പ്രതീക്ഷകള്‍ ആരും വെച്ചു പുലര്‍ത്തുന്നില്ല. പുതുവര്‍ഷത്തില്‍ കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കൊല്ലക്കോട് ഒരു ചെറുപ്പക്കാരന്‍ കുത്തേറ്റു മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാണിക്കലില്‍ ആറ് പേര്‍ക്ക് വെട്ടേറ്റു. ആലപ്പുഴ ജില്ലയിലെ അരൂരില്‍ ബോബേറ്. കോലഞ്ചേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ കൂടിയായ വൈദികന്‍ പീഡിപ്പിച്ചു. തിരുവനന്തപുരം മലയിന്‍കീഴില്‍ അമ്മയുടെ കാമുകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിണറ്റില്‍ തള്ളിയിട്ടു.

ആലപ്പുഴയില്‍ പുതുവര്‍ഷം ആഘോഷിച്ചിട്ടുപോയ നാല് യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു. തിരൂരങ്ങാടിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പുതുവര്‍ഷം വരവേറ്റുപോയ നൂറിലധികം ചെറുപ്പക്കാര്‍ വാഹനാപകടം മൂലം ആശുപത്രിയിലായി.

ശബരിമലയില്‍ നിലവാരമില്ലാത്ത അരിയും ശര്‍ക്കരയും ഉപയോഗിച്ചുണ്ടാക്കിയ അരവണ പായസവും ഉണ്ണിയപ്പവും കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടിന്‍റെയും വിതരണം നിര്‍ത്തിവെച്ചിരിക്കുന്നു. ഭക്തന്മാര്‍ ശ്രീ അയ്യപ്പന് സമര്‍പ്പിക്കുന്ന അരിയും ശര്‍ക്കരയുമാണ് തന്ത്രപൂര്‍വ്വം തട്ടിയെടുത്ത് അരവണയും ഉണ്ണിയപ്പവും ഉണ്ടാക്കി ഭക്തര്‍ക്ക് തന്നെ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കാലാകാലമായി നടന്നുവന്നതായിരിക്കണം.

അവസാനമിതാ സുഗതകുമാരിയുടെ കവിതയും വിമര്‍ശന വിധേയമായിരിക്കുന്നു. ബി.ജെ.പിയുടെ ജല സ്വരാജിനുവേണ്ടി എഴുതിയ കവിതയാണ് വിമര്‍ശന വിധേയമായിരിക്കുന്നത്. ഇടതുപക്ഷ ചിന്താഗതിക്കാരനും എഴുത്തുകാരനുമായ ബോധേശ്വരന്‍റെ മകളും കമ്മ്യൂണിസ്റ്റാചാര്യനായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായരുടെ അനന്തിരവളും പുരോഗമന എഴുത്തുകാരിയായിരുന്ന പ്രൊഫസ്സര്‍ ഹൃദയ കുമാരിയുടെ അനിയത്തിയുമാണ് സുഗതകുമാരി. അടിയന്തിരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ ഇരുപതിന പരിപാടിയെ സ്തുതിച്ചുകൊണ്ട് ‘ഇരുപതു തിരിയിട്ട നിലവിളക്ക്’ എന്ന കവിത രചിച്ചതും സുഗതകുമാരിയായിരുന്നു. ഇല്ലാത്ത സിംഹവാലന്‍ കുരങ്ങിന്‍റെ പേരുപറഞ്ഞ് ‘പൂയം കുട്ടി’ പദ്ധതിയെ അട്ടിമറിച്ചതും ഇതേ സുഗതകുമാരി തന്നെയാണെന്ന കാര്യം ഇന്നത്തെ വിമര്‍ശര്‍ക്ക് അറിയില്ലായിരിക്കാം.

എണ്‍പത്തി നാലാമത് ശിവഗിരി താര്‍ത്ഥാടനവും നൂറ്റി നാല്‍പ്പതാമത് മന്നത്ത് പത്മനാഭന്‍ ജയന്തിയും പുതുവര്‍ഷത്തില്‍ തന്നെയാണ് ആഘോഷിച്ചത്. ‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല’ യെന്ന് ആലുവ അദ്വൈതാശ്രമത്തില്‍ വെച്ച് ശ്രീനാരായണ ഗുരു വിളമ്പരം നടത്തിയതിന്‍റെ ശതാബ്ദി വര്‍ഷവും കൂടിയാണ് 2017. ജാതി കോമരങ്ങള്‍ക്ക് നല്‍കിയ ‘അടി’ യായിരുന്നു മന്നത്തു പത്മനാഭന്‍ തന്‍റെ പേരിന്‍റെ അവസാനം ചേര്‍ത്തിരുന്ന ‘പിള്ള’ എന്ന വാക്ക് എടുത്തു കളഞ്ഞത്. ചരിത്ര വസ്തുതകള്‍ ഇങ്ങനെയായിരിക്കുമ്പോള്‍ അതിനെ വളച്ചോടിച്ച് തെറ്റായ വിശകലനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചാല്‍ അതിനു ചരിത്രം മാപ്പുനല്‍കിയെന്നു വരില്ല.

2016 നവംബര്‍ 8ന് രാത്രി ഏര്‍പ്പെടുത്തിയ കറന്‍സി വിനിമയത്തില്‍ വന്ന മാറ്റത്തിന്‍റെ ഭാഗമായി അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായിട്ടില്ലെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നു. ആയിരക്കണക്കിന് കോടി കള്ളപ്പണം കണ്ടെത്തിയെന്നത് ഇതുമൂലമുണ്ടായ മേന്‍മയാണെന്ന് സമ്മതിക്കുപ്പോഴും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്തത് ഭരണകൂടത്തിന്‍റെ കാര്യക്ഷമതയില്ലായ്മ തന്നെയാണ്.

നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ചതും പോയ വര്‍ഷത്തിന്‍റെ അവസാനമാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പോലീസും സര്‍ക്കാരും ആവര്‍ത്തിച്ചു പറയുമ്പോള്‍, ലോകത്തെമ്പാടുമുള്ള ബഹുഭൂരികക്ഷം മലയാളികളും വിശ്വസിക്കുകയോ സംശയിക്കുകയോ ചെയ്യുന്നത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതല്ലായെന്നാണ്. 1970 ഫെബ്രുവരി പതിനെട്ടിനാണ് വയനാട്ടിലെ തിരുനെല്ലിയില്‍ വര്‍ഗ്ഗീസ് വെടിയേറ്റു മരിച്ചത്. വര്‍ഗ്ഗീസ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസും സര്‍ക്കാരും പ്രചരിപ്പിച്ചത്. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യം പുറത്തു വന്നത്. വര്‍ഗ്ഗീസിനെ ജീവനോടെ പിടിച്ചുകെട്ടി വെടിവെച്ചു കൊന്നതാണെന്ന് നിയമസഭയില്‍ പറഞ്ഞത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇ.എം.എസാണ്.

പുതുവര്‍ഷാഘോഷത്തില്‍ കോടികളുടെ മദ്യമാണ് വിറ്റഴിച്ചത്. നിശാപാര്‍ട്ടികളിലും മറ്റും കുടിച്ചു തിമിര്‍ത്താടിയപ്പോള്‍, വയറു നിറയെ ഭക്ഷണം കഴിക്കാനില്ലാത്ത ആയിരങ്ങള്‍ തെരുവോരങ്ങളിലും ചെറ്റകുടിലുകളിലും കഴിയുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ച് ആരാണ് ചിന്തിക്കേണ്ടത്….

കിളിമാനൂര്‍ നടരാജന്‍
എഡിറ്റര്‍

Comments are closed, but trackbacks and pingbacks are open.