Ultimate magazine theme for WordPress.

അധികാരം പൊതുപ്രവര്‍ത്തകരെ ദുഷിപ്പിക്കും

അധികാരം പൊതുപ്രവര്‍ത്തകരെ ദുഷിപ്പിക്കുമെന്ന് ആദ്യം പറഞ്ഞത് ഡോക്ടര്‍ കാറല്‍ മാര്‍ക്‌സാണ്. ഇന്ത്യയിലാദ്യം പറഞ്ഞത് ഗാന്ധിജിയാണ്. കേരളത്തില്‍ ആദ്യമായി പറഞ്ഞത് എ.കെ.ജിയാണ്.

1952-ലെ പ്രഥമ പാര്‍ളമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം കേരളത്തില്‍ വന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് എ.കെ.ജി (എ.കെ.ജി.ഗോപാലന്‍) ഇതു പറഞ്ഞത്. ഒരു പാര്‍ളമെന്റ് അംഗത്തിനു ലഭിക്കുന്ന സുഖസൗകര്യങ്ങളും അധികാരവും ഒരു പൊതുപ്രവര്‍ത്തകനെ ദുഷിപ്പിക്കുമെന്ന് എ.കെ.ജി തുറന്നടിച്ചു. അന്ന് തീവണ്ടിയിലാണ് എ.കെ.ജി.പാര്‍ളമെന്റ് സമ്മേളനത്തില്‍ പോയിവന്നുകൊണ്ടിരുന്നത്. ഇന്നത്തെ എ.പിമാര്‍ക്ക് ട്രെയിനില്‍ പോകുന്നതിനെകുറിച്ച് ചിന്തിക്കാനേ കഴിയില്ല. വിമാനയാത്രയിലെ സൗകര്യങ്ങള്‍ക്ക് താഴെ അവര്‍ക്ക് ചിന്തിക്കാനേ ആവില്ല. ഡല്‍ഹിയില്‍ വച്ചുനടക്കുന്ന പാര്‍ട്ടി കമ്മിറ്റികളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്നതിനുവേണ്ടി പോകുവാനും വിമാനയാത്രയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവരുടെ മുന്നിലില്ല.

കേരളത്തിന്‍റെ പ്രഥമ മുഖ്യമന്ത്രിയായി തെരഞ്ഞടുത്ത ഇ.എം.എസ് നമ്പൂതിരിപ്പാടിന് സത്യപ്രതിജ്ഞ ചെയ്യാന്‍ പോകാനായി കീറാത്തൊരു ഉടുപ്പു കണ്ടെത്താന്‍ ഭാര്യ ആര്യാ അന്തര്‍ജനം നന്നായി വിഷമിച്ചു. ഉടുപ്പു കണ്ടെത്തിയപ്പോള്‍ ഒരു ബട്ടനില്ല. മറ്റൊരു ഉടുപ്പില്‍ നിന്നും ബട്ടണ്‍ ഇളക്കിയെടുത്താണ് അതില്‍ തച്ചു പിടിപ്പിച്ചത്. കീറാത്തൊരു മുണ്ട് ഇല്ലാത്തതിനാല്‍ തന്‍റെ മുണ്ട് ഇ.എം.എസിന് നല്‍കിയിട്ട് അദ്ദേഹത്തിന്‍റെ കീറിയ മുണ്ടാണ് അവര്‍ ഉടുത്തത്. അധികാരത്തിന്‍റെ ശീതളഛായയ്‌ക്കൊന്നും ദുഷിപ്പിക്കാന്‍ കഴിയാത്ത നേതാക്കളും നമുക്കുണ്ടായിരുന്നു. മാതൃഭൂമി പത്രമാഫീസില്‍ രാത്രഭക്ഷണം ഇല്ലാതെ പല ദിവസങ്ങളിലും എ.കെ.ജി അന്തിയുറങ്ങിയിട്ടുണ്ട്. അധികാരം കയ്യിലെത്തിയപ്പോഴും ലളിത ജീവിതവും മനുഷ്യ സ്‌നേഹവും കൈവിട്ടുപോകാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ചിരുന്ന വേറെയും നേതാക്കള്‍ നമുക്കുണ്ടായിരുന്നു. കെ.കേളപ്പന്‍, സി.അച്യുത മേനോന്‍, സി.എച്ച്.കണാരന്‍, ആര്‍.സുഗതന്‍, അഴിക്കോടന്‍ രാഘവന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയവര്‍ അക്കുട്ടത്തില്‍പ്പെടുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരമേറ്റ് ആറുമാസം തികയുന്നതിനു മുന്‍പ് രണ്ട് മന്ത്രിമാര്‍ക്കെതിരെയാണ് അഴിമതി ആരോപണം വന്നിരിക്കുന്നത്. അതിലൊരു മന്ത്രി രാജിവെച്ചു. രണ്ടാമത്തെ മന്ത്രി വിജിലന്‍സിന്‍റെ ത്വരിത അന്വേഷണം നേരിടുന്നു.

കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്പക്‌സും അഴിമതി നടത്താന്‍ കഴിയുന്ന സ്ഥാപനങ്ങളാണെന്നാണ് ഒരു വിഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ധരിച്ചുവച്ചിരിക്കുന്നത്. മുന്‍പ് ബോര്‍ഡിലെ പല അംഗങ്ങളുടെയും മക്കളുടെ സ്‌കൂള്‍-കോളേജ്-ഹോസ്റ്റല്‍ ഫീസുകള്‍ കശുവണ്ടി മുതലാളിമാരുടെ അക്കൗണ്ടില്‍ നിന്നാണ് പോയ്‌ക്കൊണ്ടിരുന്നത്. വിശേഷ ദിവസങ്ങളിലെ വീട്ടിലെ ചെലവുകളും ഈ മുതലാളിമാരുടേത് തന്നെ.

ഈ മേഖലയില്‍ തൊണ്ണൂറു ശതമാനവും പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീതൊഴിലാളികളാണ് പണിയെടുക്കുന്നത്. അവരുടെ വിയര്‍പ്പില്‍ ചവിട്ടിനിന്നുകൊണ്ടാണ് നേതാക്കള്‍ അഴിമതി നടത്തുന്നത്. വകുപ്പു മന്ത്രിയുടെയും ഭര്‍ത്താവിന്റെയും കോര്‍പ്പറേഷന്‍ എം.ഡിയുടെയും മറ്റു ചിലരുടെയും പേരിലാണ് വിജിലന്‍സ് ത്വരിതാ അന്വേഷണം നടത്തുന്നത്. പത്തുകോടി മുപ്പത്തിനാലു ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മുന്‍ ഹൈക്കോടതി ഗവണ്‍മെന്റ് പ്ലീഡറാണ് പരാതിക്കാരന്‍ എന്നത് ആരോപണത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ അത് കേട്ടപ്പാടെ നിഷേധിക്കാതെ അതില്‍ വാസ്തമുണ്ടോയെന്ന് അന്വേഷിക്കുകയാണ് വേണ്ടത്. ഇടതുപക്ഷ മുന്നണിക്കുതന്നെ ഒന്നിലധികം അംഗങ്ങളുള്ള കമ്മീഷനെ നിയോഗിച്ച് അന്വേഷിപ്പിക്കാവുന്നതാണ്.

കിളിമാനൂര്‍ നടരാജന്‍
എഡിറ്റര്‍

Comments are closed, but trackbacks and pingbacks are open.