Ultimate magazine theme for WordPress.

ദ്രാവിഡ രാഷ്ട്രീയം ധ്രൂവീകരണത്തിലേക്ക്

ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ഉരുക്കുവനിതയായിരുന്ന ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് രാഷ്ട്രീയ ഇന്ത്യ പ്രതീക്ഷിച്ചിരുന്നതാണ്.

തമിഴ്‌നാട് ജനതയുടെ സ്‌നേഹാദരങ്ങള്‍ നേടിയെടുത്തവരാണ് രാമസ്വാമി നായ്ക്കരും, കാമരാജും, അണ്ണാദുരൈയും, എം.ജി.രാമചന്ദ്രനും. ഇവരോടൊപ്പം ചേര്‍ത്തു നിര്‍ത്തിയില്ലെങ്കിലും, ദ്രാവിഡ രാഷ്ട്രീയ ചരിത്രത്തില്‍ ജയലളിതയ്ക്കും പ്രധാനമായ സ്ഥാനമുണ്ട്.

രാമസ്വാമി നായിക്കര്‍ക്കുശേഷം അണ്ണാദുരൈയും അദ്ദഹത്തിന്‍റെ കാലശേഷം മുത്തുവേലു കരുണാനിധിയും(എം.കരുണാനിധി) ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ നേതാക്കളായി. തമിഴ്‌നാട് കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാവും സിനിമാ സംവിധായകനും തിരക്കഥാകൃത്തും നടനുമായിരുന്നു കരുണാനിധി. സവര്‍ണ്ണര്‍ക്കെതിരെയുള്ള കലാപത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് കരുണാനിധിയും കൂട്ടരും ദ്രാവിഡ മുന്നേറ്റ കഴക(ഡ.എം.കെ)ത്തില്‍ ചേര്‍ന്നത്. അണ്ണാദുരൈയ്ക്ക് ശേഷം ഡ.എം.കെ നേതാവായി മാറിയ കരുണാനിധിയുടെ വലം കൈയായിരുന്നു തമിഴ് സൂപ്പര്‍സ്റ്റാര്‍ എം.ജി.രാമചന്ദ്രന്‍ (എം.ജി.ആര്‍).

പത്താം ക്ലാസ് ഒന്നാം റാങ്കോടെ പാസ്സായ ജയലളിതയ്ക്ക് സഹനടിയായി ചില തമിഴ് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നു. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പഠിത്തം നിര്‍ത്തിവെച്ച് പതിനഞ്ചാമത്തെ വയസില്‍ നായികയായി വേഷമിട്ടത്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാന്‍ അനുമതിയുളള ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമയിലാണ് ജയലളിത അഭിനയിച്ചത്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമ കാണാന്‍ പതിനഞ്ചുകാരിയായ ജയലളിതയ്ക്ക് കഴിഞ്ഞില്ല. അവിടെ നിന്ന് ആരംഭിച്ചതാണ് ജയലളിതയുടെ ജീവിത സമരം. എം.ജി.ആറിന്‍റെ നായികയായി ആഭിനയിച്ചതോടെയാണ് ജയലളിത ശ്രദ്ധിക്കപ്പെടുന്നത്. തന്‍റെ അത്മ കൂട്ടുകാരിയായി കൊണ്ടുനടന്ന അവരെ എം.ജി.ആര്‍ തന്നെയാണ് പിന്‍ഗാമിയാക്കിയത്.

കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ എം.ജി.ആര്‍ ആള്‍ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.ഡി.എം.കെ) രൂപീകരിച്ചപ്പോള്‍ ജയലളിതയെയും ഒപ്പം കൂട്ടി. 1984-ല്‍ ജയലളിത രാജ്യസഭാംഗമാകുമ്പോള്‍ ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ഒരു സിനിമാനടി അംഗമാകുകയായിരുന്നു. 1987 ഡിസംബര്‍ 25-ന് എം.ജി.ആറിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പട്ടാള വണ്ടി മറീനാ ബീച്ചിലേക്ക് നീങ്ങിയപ്പോള്‍, ഒപ്പം ഇരുന്ന ജയലളിതയെ എം.ജി.ആറിന്‍റെ ഭാര്യാ സഹോദരന്‍റെ മകന്‍ ചവിട്ടി താഴെയിട്ട സംഭവമുണ്ടായി. തളരാത്ത മനസുമായി തമിഴ്‌നാട് ജനതയുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന അവര്‍ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ നേതാവായിമാറുകയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എം.ജി.ആറിന്‍റെ ഭാര്യ ജാനകിക്ക് മുഖ്യമന്ത്രി സ്ഥാനം ജയലളിതയ്ക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു.

1970വരെ കാമരാജിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പി.രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമിഴ്‌നാട്ടില്‍ ശക്തമായിരുന്നു. ഇന്ന് ഇരു രാഷ്ട്രീയ കക്ഷിയുടെ അവസ്ഥ ദയനീയമാണ്.

ജയലളിതയുടെ അവസാന നാളുകളില്‍ തോഴി ശശികല ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ നേതൃത്വത്തില്‍ വരുന്നതിനുള്ള കരുക്കള്‍ നീക്കിയിരുന്നു. അതിന്‍റെ ആദ്യപടിയാണ് ബന്ധുവായ പനീര്‍ സെല്‍വത്തെ മുഖ്യമന്ത്രിയാക്കിയത്. തുടര്‍ന്ന് ശശികല എ.ഐ.ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറിയുമായി. എന്നാല്‍ ലോകസഭാ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന എ.ഐ.ഡി.എം.കെ നേതാവുമായ തമ്പിദുരൈ മുഖ്യമന്ത്രിയ്ക്കും ജനറല്‍ സെക്രട്ടറിക്കുമെതിരെ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

മൂന്നു പ്രബല സമുദായങ്ങളാണ് ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ മുന്‍ നിരയിലുള്ളത്. തേവര്‍ സമുദായത്തില്‍പ്പെട്ടവരാണ് ശശികലയും പനീര്‍ സെല്‍വവും. ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ടതാണ് തമ്പിദുരൈ. കൂറുമാറ്റ നിയമം ഇല്ലായിരുവെങ്കില്‍ പനീര്‍ സെല്‍വം മന്ത്രിസഭയെ അട്ടിമറിക്കാന്‍ ഡി.എം.കെയ്ക്ക് കഴിയുമായിരുന്നു. തൊണ്ണൂറ്റി എട്ട് അംഗങ്ങളുളള ഡി.എം.കെ സഖ്യത്തിന് ഇരുപത് അംഗങ്ങളെകൂടെ കിട്ടിയാല്‍ മന്ത്രിസഭയെ തകര്‍ക്കാന്‍ കഴിയും. എ.ഐ.ഡി.എം.കെയുടെ മൂന്നിലൊന്ന് അംഗങ്ങളെ കൂടെനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഡി.എം.കെയ്ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയും.

ബി.ജെ.പിയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ എ.ഐ.ഡി.എം.കെ അംഗങ്ങളുടെ സഹായമുണ്ടെങ്കിലെ ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കഴിയൂ. കോണ്‍ഗ്രസിനും സി.പി.എമ്മിനും ബി.ജെ.പിയ്ക്കും ചില്ലറ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. വരും നാളുകളില്‍ ദ്രാവിഡ രാഷ്ട്രീയത്തില്‍ ധ്രൂവീകരണം അനിവാര്യമാണ്.

കിളിമാനൂര്‍ നടരാജന്‍
എഡിറ്റര്‍

Comments are closed, but trackbacks and pingbacks are open.