Ultimate magazine theme for WordPress.

ആര്‍ക്കും വേണ്ടാതാവുന്ന വൃദ്ധര്‍

ജീവിതത്തിന്‍റെ സൗന്ദര്യമുള്ള സമയം മുഴുവന്‍ മക്കള്‍ക്ക് വേണ്ടി ജീവിച്ചവര്‍, ആരോഗ്യം നഷ്ടപ്പെട്ട് വൃദ്ധരാവുമ്പോള്‍ എല്ലാവര്‍ക്കും ഭാരമാവുന്നു. ആര്‍ക്കും വേണ്ടാത്തവരാവുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ക്കോ, ആഗ്രഹങ്ങള്‍ക്കോ പ്രാധാന്യം നല്‍കാതെ മക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നവരാണ് അവര്‍. മക്കള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കികൊടുക്കുകയോ വാങ്ങികൊടുക്കുകയോ ചെയ്യുമ്പോള്‍ തങ്ങളുടെ ഇഷ്ടം ഒരിക്കലും അവരുടെ മനസിലേക്ക് കടന്നുവന്നിട്ടേയില്ല. എല്ലാം മക്കള്‍ക്കുവേണ്ടിയായതുകൊണ്ട് ഒരിക്കലും പരിഭവമോ പരാതിയോ ഉണ്ടാവാറില്ല. മക്കള്‍ക്ക് വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങികൊടുക്കുമ്പോള്‍ താരതമ്യേന വിലകുറഞ്ഞ വസ്ത്രങ്ങളാണ് മാതാപിതാക്കള്‍ ധരിക്കുന്നത്. ഒരു ഡസനിലധികം ജോഡി വസ്ത്രങ്ങള്‍ മക്കള്‍ക്കുള്ളപ്പോള്‍ ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങള്‍ മാത്രമായിരിക്കും മാതാപിതാക്കള്‍ക്കുണ്ടാവുക.

മക്കള്‍ എയര്‍ കണ്ടീഷന്‍ഡ് കാറില്‍ സഞ്ചരിച്ച് ഉല്ലസിക്കുമ്പോള്‍, പിതാവ് ബസ് സ്‌റ്റോപ്പില്‍ വെയിലത്ത് ബസ്സ് കാത്ത് നില്‍ക്കുന്നുണ്ടാവും. മക്കളെ സുഹൃത്തുകളെപോലെയാണ് ഇന്നത്തെ മാതാപിതാക്കള്‍ വളര്‍ത്തുന്നത്. തങ്ങള്‍ വൃദ്ധരാവുമ്പോള്‍ മക്കള്‍ക്ക് വേണ്ടാത്തവരായി മാറുവെന്ന് ഒരിക്കല്‍പോലും അവര്‍ ഓര്‍ത്തിട്ടുണ്ടാവില്ല. സങ്കല്‍പ്പിച്ചുപോലും കാണില്ല.

മാതാപിതാക്കള്‍ വൃദ്ധരാകുമ്പോള്‍ മക്കള്‍ക്കും മരുമക്കള്‍ക്കും ചെറുമക്കള്‍ക്കും ഭാരമായി മാറുകയും ശല്യക്കാരാവുകയും ചെയ്യുന്നു. അവരെ ഏതെങ്കിലും വൃദ്ധസദനത്തില്‍ കൊണ്ട് ഉപേക്ഷിക്കുന്ന ദയനീയമായ കാഴ്ചയാണ് ഇന്ന് നാട്ടില്‍ കണ്ടുവരുന്നത്. കടപ്പുറത്തും തെരുവിലും കൊണ്ടു ഉപേക്ഷിക്കുന്നതും അപൂര്‍വ്വമായി സംഭവിക്കുന്നുണ്ട്. സ്വത്തുവകകള്‍ മുന്‍പേ തന്നെ മക്കള്‍ കൈവശപ്പെടുത്തിയിരിക്കും.

മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് അനാഥാലയത്തില്‍ വാര്‍ദ്ധക്യ സഹജമായ രോഗവുമായി മല്ലിട്ടു കഴിയുമ്പോഴും അവരുടെ മനസില്‍ മക്കളും മരുമക്കളും ചെറുമക്കളുമായി ഒരുമിച്ചു ജീവിക്കുന്ന ഓര്‍മ്മകളായിരിക്കും. മക്കള്‍ കുട്ടികളായിരുന്നപ്പോഴുള്ള മധുരിക്കുന്ന ഓര്‍മ്മകള്‍ ഒരു കുളിര്‍കാറ്റുപോലെ അവരുടെ മനസ്സിലേക്ക് പലപ്പോഴും കടന്നുവരുന്നുണ്ടാവും.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരുടെ സ്ഥിതിയും ചിലപ്പോള്‍ ഇങ്ങനെയാവാറുണ്ട്. ജീവിതത്തിന്‍റെ നല്ല സമയം മുഴുവന്‍, വിശ്വസിച്ച പ്രസ്താനത്തിനുവേണ്ടി ജീവിച്ചവര്‍ വൃദ്ധരാകുമ്പോള്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ, ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലെ സിമന്റ് തറയില്‍ കീറിയ തൂണിയില്‍ ചുരുണ്ടു മടങ്ങി കിടക്കുന്നുണ്ടാവും.

ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി വാര്‍ദ്ധക്യകാലം മാറുന്നു. ഇതൊരു സാമൂഹ്യ പ്രശ്‌നമായി ഇന്നു വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇതിനു പരിഹാരം പ്രസംഗങ്ങളോ പ്രസ്താവനകളോ അല്ല. കര്‍മ്മ പരമായ പരിഹാരമാണ് ആവശ്യം. വാര്‍ദ്ധക്യകാല പെന്‍ഷനൊന്നും ശാസ്ത്രീയ കാഴ്ചപ്പാടില്‍ പരിഹാരമല്ല. എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുന്നവര്‍ക്ക് പെന്‍ഷന്‍ കൊണ്ട് എന്തു പ്രയോജനം.

പോലീസ് കേസുകൊണ്ടോ കോടതി ഇടപെടല്‍കൊണ്ടോ വൃദ്ധരുടെ സംരക്ഷണത്തിന് പരിഹാരമാവില്ല. കേസിനെയും നിയമത്തെയും ഭയന്നുള്ള സംരക്ഷണം സുതാര്യമാവില്ല. ആയതിനാല്‍ വൃദ്ധജനങ്ങളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്.

കിളിമാനൂര്‍ നടരാജന്‍
എഡിറ്റര്‍

Comments are closed, but trackbacks and pingbacks are open.