Ultimate magazine theme for WordPress.

രാഷ്ട്രീയ-സാമൂഹ്യ വിമര്‍ശനങ്ങളുമായി ‘പുണ്യാളന്‍’ ഹിറ്റാകുന്നു

0

നടനും സംവിധായകനും തമ്മിലുള്ള കൂട്ടുകെട്ടുകളും അത്തരം കൂട്ടുകെട്ടുകളില്‍ പിറവിയെടുത്ത മികവുറ്റ ചിത്രങ്ങളും മലയാളചലച്ചിത്ര രംഗത്ത് ധാരാളമുണ്ട്. ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടും ഈ വിഭാഗത്തില്‍ പെടുന്നതാണ്. ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കുന്ന ‘പുണ്യാളന്‍ അഗര്ബത്തീസ’ എന്ന സ്ഥാപനം തുടങ്ങാന്‍ അലയുന്ന യുവ സംരഭകന്റെ കഥയാണ് പുണ്യാളന് അഗര്‍്ബത്തീസിലൂടെ ദൃശ്യവല്‍ക്കരിച്ച്‌ സംവിധായകന്‍ ഹിറ്റ് ആക്കിയത്. എന്നാല്‍, അതേ ജോയ് താക്കോല്‍ക്കാരനിലൂടെ നല്ല ഒന്നാംതരം പൊളിറ്റിക്കല്‍ എന്റര്‍ടെയ്നറുമായിട്ടാണ് ഇത്തവണ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമയിലൂടെ രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് മുമ്ബിലെത്തുന്നത്. ജനകീയമാധ്യമമായ സിനിമയെ മുന്‍നിര്‍ത്തി ചില സാമൂഹിക പ്രശ്നങ്ങളിലേക്കുള്ള ഇടപെടലുകള്‍ നടത്താന്‍ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ എന്ന നിലയില്‍ സംവിധായകന്‍ ഇതിലൂടെ ശ്രമിച്ചിട്ടുണ്ട്. പുണ്യാളന്‍ അഗര്‍്ബത്തീസില്‍ നിന്നും പുണ്യാളന്‍ വെള്ളത്തിലേക്കു ജോയി താക്കോല്‍ക്കാരന്‍ എത്തിപ്പെടുന്നത് എങ്ങനെയെന്ന് കാണിച്ചുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കം.ജോയ് താക്കോല്ക്കാരന് ഏറെ ശ്രമം ചെയ്ത് ആരംഭിച്ച അഗര്‍ബത്തീസ് കമ്ബനി ബാങ്കുകാര്‍ ജപ്തി ചെയ്യുന്നു. ഗത്യന്തരമില്ലാതെ ജോയ് താക്കോല്‍ക്കാരനും തന്റെ വിശ്വസ്തരും കൂടി ആനമൂത്രത്തില്‍ നിന്നും കുടിവെള്ളം വേര്‍തിരിച്ചെടുക്കുന്ന പുതിയൊരു ബിസിനസ്സ് ആശയവുമായി രംഗത്തേയ്ക്കെത്തുന്നതോടെ അയാളെ സംബന്ധിച്ചടത്തോളം അവിടെയും പ്രതിബന്ധങ്ങളെ നേരിടേണ്ടി വരുന്നു. പതിവുപോലെ പ്രതിസന്ധികളും പ്രശ്നങ്ങളും എല്ലാം ജോയിയെ തേടിയെത്തുമ്ബോള്‍ ചിത്രത്തിന്റെ ആദ്യ ഭാഗമായ പുണ്യാളന്‍ അഗര്‍ബത്തീസുമായി ഓര്‍മപ്പെടുത്തുന്ന തരത്തിലുള്ള സാമ്യതകള്‍ തോന്നാതിരുന്നില്ല. കഥ ചിരിയില്‍ നിന്നും വിട്ട് രണ്ടാം പകുതിയിലേക്കെത്തുന്നതോടെ സംഭവത്തിന്റെ കഥാഗതിയും, അവസ്ഥകളും മാറുന്നു.
ശക്തനായ പ്രതിയോഗിയില്‍ നിന്നും അരക്ഷിതമായ അന്തരീക്ഷത്തില്‍ നിന്നും നിലനില്‍പ്പിനായുള്ള നായകന്റെ കഷ്ടപ്പാടുകളും അത്തരം കഷ്ടപ്പാടുകളില്‍ നിന്നുള്ള ഉയര്‍ത്തെഴുനേല്‍പ്പ്മാണ് ആദ്യഭാഗങ്ങള്‍ അത്രയും പറയുന്നത്. എന്നാല്‍ രണ്ടാം പകുതിയിലേക്കെത്തുമ്ബോള്‍ ഇന്നത്തെ സമൂഹം നേരിടുന്ന പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെ ചൂണ്ടി കാണിക്കുവാന്‍ ആണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ തമിഴ് ചിത്രം മേഴ്സലിനെ ഓര്‍മപ്പെടുത്തും വിധം നിലവിലെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ കുറിച്ച്‌ പുണ്യാളനും ചര്‍ച്ച ചെയ്യുന്നുണ്ട്. സന്ദര്‍ഭോചിതമായി അവയെ ഉപയോഗപ്പെടുത്തുവാന്‍ എഴുത്തുകാരന് സാധിച്ചിട്ടുമുണ്ട്. സാധാരണക്കാരനായ ജോയ് താക്കോള്‍ക്കാരന് നേരിടേണ്ടി വരുന്ന നിയമകുരുക്കുകളും അതിനെതിരെയുള്ള പോരാട്ടങ്ങളും പറയുമ്ബോള്‍ തന്നെ നോട്ട് പിന്‍വലിക്കല്‍ ജി എസ് ടി ഭക്ഷണ സ്വാതന്ത്ര്യം വിജയ് മല്യ വര്‍ഗീയത തീയറ്ററിലെ ദേശീയ ഗാനം സിനിമ നടിക്കടക്കം നേരിടേണ്ടി വന്ന സ്ത്രീ പീഡനം ടോള്‍ പിരിവ് ഹര്‍ത്താല്‍ മാലിന്യ പ്രശ്നം ആധാര്‍ കാര്‍ഡിന്റെ വരവ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുവാനും ശക്തമായ ചോദ്യങ്ങള്‍ മുന്‍പോട്ടു വെക്കുവാനും സംവിധായകന്‍ സിനിമയില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ജനാധിപത്യം’ എന്ന വാക്കിന്റെ അര്ത്ഥതലങ്ങളേക്കുറിച്ചു ഏറെ ഗൗരവത്തോടെ തന്നെ ചിത്രം സംസാരിക്കുന്നുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ ജയസൂര്യയുടെ കരിയര്‍ ബെസ്റ്റ് കഥാപാത്രമായി മാറിയ ജോയ് താക്കോല്‍ക്കാരന്‍ എന്ന തൃശൂര്‍കാരന്‍ വീണ്ടും ജയസൂര്യയില്‍ ഭദ്രമാണെന്ന് അദ്ദേഹം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ജനങ്ങള്‍ പൊതു സമൂഹത്തോടും സര്‍ക്കാരിനോടും പറയാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങള്‍ ചിത്രത്തില്‍ ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയിട്ടുള്ളതിനാല്‍ ചിത്രത്തിന്റെ പല ഭാഗങ്ങളെയും കരഘോഷത്താലാണ് പ്രേക്ഷകര്‍ വരവേറ്റത്.
പ്രണയിച്ച്‌ വിവാഹം കഴിച്ച ഇപ്പോള്‍ വിഭാര്യനായ ജോയ് താക്കോല്ക്കാരന്റെ ജീവിത കഥയില്‍ ആദ്യ ഭാഗത്തുണ്ടായിരുന്ന നായിക നൈല ഉഷ രണ്ടാം ഭാഗത്ത് ഇല്ല എന്നത് ആദ്യ ഭാഗം കണ്ട പ്രേക്ഷകര്‍ക്ക് ചെറിയ നിരാശ സമ്മാനിക്കുന്നു.ഹാസ്യതാരം എന്ന നിലയില്‍ സ്ക്രീനില്‍ അധികം എത്തിയിട്ടില്ലാത്ത ശ്രീജിത്ത് രവിയുടെ അഭയാകുമാര്‍ എന്ന കഥാപാത്രം അഡാര്‍ കൗണ്ടറുകളിലൂടെയും അഭിനയ മികവിലൂടെയും കൈയ്യടി നേടുമ്ബോള്‍ തന്നെ രണ്ടാംഭാഗത്തിലേയ്ക്ക് എത്തുമ്ബോള് അസ്ഥാനത്തെ ഹാസ്യശ്രമങ്ങള്ക്കായുള്ള വെറുമൊരുപാധി മാത്രമായും കഥാപാത്രം മാറുന്നുണ്ട്. ആദ്യഭാഗത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിച്ച അജു വര്‍ഗ്ഗീസിന്റെ ഗ്രീനു എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ വരുമ്ബോള്‍ വീഡിയോ കോളിങ്ങില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. തുടക്കത്തിലേ ഒന്നു രണ്ട് സീനുകളില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടത് ഒഴിച്ചാല്‍ പിന്നീട് അങ്ങോട്ട് ഗ്രീനുവിനെ കാണാന്‍ കഴിയുന്നത് തന്നെ വീഡിയോ ചാറ്റിങ്ങിലൂടെ മാത്രമാണ്. രണ്ടാം ഭാഗത്തില്‍ ഇടംപിടിച്ച ധര്‍മ്മജനും വിഷ്ണു ഗോവിന്ദനും പ്രേക്ഷരുടെ പ്രീതി നേടുമ്ബോള്‍ തന്നെ ധര്‍മ്മജന്റെ പീര്‍ തനീഷ് എന്ന വക്കീല്‍ കഥാപാത്രം അനാവശ്യമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ ആയിരുന്നോ എന്നും പ്രേക്ഷകര്‍ സംശയിക്കുന്നു. പൂമ്ബാറ്റ ഗ്ലാഡ്സണ് ആയി വിഷ്ണുവിന്റെ കോമഡി ചിത്രത്തില്‍ നിറഞ്ഞാടുകയാണ്.
രണ്ടാം പകുതിയിലാണ് പൂമ്ബാറ്റയുടെ വരവെങ്കിലും ഉള്ള ഭാഗമത്രയും നന്നായി വതരിപ്പിച്ചിട്ടുണ്ട്. തമാശകളിലൂടെ തന്നെ ഗൗരവ പൂര്‍ണ്ണമായ സാമൂഹിക-രാഷ്ട്രീയം വിഷയങ്ങളെ സംവിധായകന്‍ വിമര്‍ശിക്കുമ്ബോള്‍ ചിത്രം സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുക കൂടിയാണ് ചെയ്യുന്നത്. ആനന്ദ് മധുസൂദനന്റ പശ്ചാത്തലസംഗീതം രംഗങ്ങളോട് ഇണങ്ങിച്ചേര്‍ന്നു നിന്നു. വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും മികവുറ്റതായിരുന്നു. ആദ്യഭാഗത്തില്‍ കേട്ടയം ഗാനം രണ്ടാം ഭാഗത്തിലും ജയചന്ദ്രന്റെ ശബ്ദത്തില്‍ തന്നെ പ്രേക്ഷകനെ ആകര്‍ഷിപ്പിക്കുവാന്‍ ഇടം നല്‍കി. സോഷ്യല്‍ മീഡിയ സമൂഹത്തിലുള്ള സ്വാധീനം ഉപയോഗപ്പെടുത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. നായകന്റെ പ്രതിഷേധങ്ങള്‍ നവമാധ്യങ്ങള്‍ വഴികാട്ടിക്കൊടുത്ത് സോഷ്യല്‍ മീഡിയയുടെ സ്വാധീനം ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം ഉണ്ടെന്ന് കാണിക്കുവാന്‍ ചിത്രത്തിനായി. പോയ വര്‍ഷത്തിനിടയില്‍ സാധാരണക്കാര്‍ക്ക് ഭരണകൂടത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ക്കു നേരെ ചിത്രം വിരല്‍ ചൂണ്ടുമ്ബോള്‍ സാമൂഹിക പ്രശ്നം കൈകാര്യം ചെയ്യുന്ന രീതിയോട് സംവിധായകന്‍ നീതി പുലര്‍ത്തിയിരിക്കുന്നു. അധികാരവര്‍ഗങ്ങളെയും, ജനങ്ങളെയും ഈ ചിത്രത്തിലൂടെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുക കൂടിയാണ് സംവിധായകന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് നിലവിലെ രാഷ്ട്രീയ- സാമൂഹ്യ അവസ്ഥകളോടുള്ള ശക്തമായ വിമര്‍ശനം കൂടിയാണ് നടത്തുന്നത്.

Leave A Reply

Your email address will not be published.