Ultimate magazine theme for WordPress.

എടത്വാ ഇരട്ടക്കൊലപാതകം : അതിസാമര്‍ഥ്യം വിനയായി

0

ആലപ്പുഴ: എടത്വായിലെ ഇരട്ടക്കൊലപാതക കേസില്‍ തെളിവുകള്‍ ഇല്ലാതാക്കി പോലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഒന്നാംപ്രതി നടത്തിയത് ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍. കൊലപാതകത്തിന്‍റെ തെളിവുകള്‍ നായകന്‍ സമര്‍ഥമായി നശിപ്പിക്കുന്ന “ദൃശ്യം” എന്ന സിനിമ ഇതിനായി താന്‍ 17 തവണ കണ്ടതായി പ്രതി മോബിന്‍ മാത്യു പോലീസിനു മൊഴി നല്‍കി.
ഓരോ തവണ ചിത്രം കണ്ടപ്പോഴും പുതിയ ആശയങ്ങള്‍ ലഭിച്ചതായാണു മോബിന്‍ പറയുന്നത്. സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ വാട്സ്‌ആപ് കോളുകളും ബന്ധുക്കളുടെ ഫോണുകളില്‍നിന്നുള്ള കോളുകളുമാണ് മോബിന്‍ ആശയ വിനിയമത്തിന് ഉപയോഗിച്ചിരുന്നത്. എടത്വാ പച്ച സ്വദേശി മധു, വര്‍ഗീസ് ഔസേഫ് എന്ന ലിന്റോ എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണു മോബിന്‍ പിടിയിലായത്. മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുപ്രതിയായ ലിന്റോ വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ നാടുവിടാന്‍ പ്രേരിപ്പിച്ചത് മോബിനായിരുന്നു.
ഇതിനായി സ്വന്തം ഫോണ്‍ വീട്ടില്‍വച്ചശേഷം ലിന്റോയെ ആലപ്പുഴയിലെത്തിച്ച്‌ അവിടെവച്ച്‌ ഫോണ്‍ ഓഫാക്കി സിംകാര്‍ഡ് നശിപ്പിച്ചു. പിന്നീട് എടത്വായിലെ ഒരു പഴയ ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ ഒളിജീവിതത്തിനു സൗകര്യമൊരുക്കി. ഒളിവില്‍ കഴിയുന്നത് മടുത്ത ലിന്റോ താനെല്ലാം തുറന്നുപറയാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചതോടെയാണ് ബന്ധുവും പലതവണ അടിപിടിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളുമായ ജോഫിനുമായെത്തി ലിന്റോയെ വടിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയത്. ബോധരഹിതനായി കിടന്ന ലിന്റോയെ പ്രതികള്‍ കാലുകളും കഴുത്തും കയറുകൊണ്ട് വരിഞ്ഞ് മുറുക്കിയശേഷം മോബിന്‍ ഉപയോഗിച്ചിരുന്ന മീന്‍ വണ്ടിയില്‍ റെയില്‍വെ പാളത്തിനടുത്ത് തള്ളുകയായിരുന്നു. നിരവധി ആത്മഹത്യകള്‍ നടന്ന സ്ഥലമാണ് ഇതിനായി തെരഞ്ഞെടുത്തത്.
അസ്ഥികൂടം കണ്ടെടുത്തശേഷം കേസ് തെളിയുമെന്ന ഘട്ടത്തില്‍ പ്രതികള്‍ തെറ്റിദ്ധരിപ്പിച്ചതിനാല്‍ ആക്ഷന്‍ കൗണ്‍സില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ആവശ്യമുന്നയിച്ച്‌ രംഗത്തുവരികയായിരുന്നുയെന്നു പോലീസ് പറഞ്ഞു.
തെളിവുകള്‍ നശിപ്പിക്കുന്നതില്‍ വൈദഗ്ധ്യംകാട്ടിയ മോബിനെ കുടുക്കിയതും ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെപ്പോലെ നടത്തിയ ചില ആത്മവിശ്വാസം തോന്നിപ്പിക്കുന്ന മറുപടികളായിരുന്നുവെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രനും ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനീഷ് വി. കോരയും പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴെല്ലാം ചോദിക്കുന്നതിനെക്കാള്‍ ഒരുപടി കടന്നായിരുന്നു മറുപടികള്‍. ലിന്റോയെ കാണാതായ ദിവസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിക്കൂവെന്ന പരാമര്‍ശമാണ് ആദ്യമായി സംശയം ജനിപ്പിച്ചത്.
പിന്നീട് നടത്തിയ നിരീക്ഷണത്തില്‍ നവമാധ്യമങ്ങളില്‍ സജീവമായിരുന്ന മോബിന്‍ സംഭവശേഷം ഫെയ്സ്ബുക്ക് ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി.
ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് മോബിനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തയോടെ ജോഫിന്റെ പങ്കുകൂടി വെളിച്ചെത്തു വരികയായിരുന്നു.
ലിന്റോ ഇന്‍ക്വസ്റ്റ് സാക്ഷി; ആക്ഷന്‍ കൗണ്‍സിലിനൊപ്പം പ്രതികള്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനും ഇറങ്ങി
മധുവിന്റെ ദുരൂഹമരണശേഷം പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കിയപ്പോള്‍ സാക്ഷിയായിരുന്നു പിന്നീട് വധിക്കപ്പെട്ട വര്‍ഗീസ് ഔസേഫ് എന്ന ലിന്റോ.
മധുവിന്റെ സംസ്കാരച്ചടങ്ങില്‍ ഒന്നാംപ്രതി മോബിനും രണ്ടാം പ്രതി ലിന്റോയും സജീവമായിരുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ അതിലും അംഗങ്ങളായി.
മോബിന്റെ ഒരു ബന്ധു പ്രധാന ഭാരവാഹിയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തിപ്പോഴും മോബിന്‍ മുന്നിലുണ്ടായിരുന്നു.
മധു മോശം സ്വഭാവക്കാരനാണെന്നും വീട്ടുകാര്‍ തന്നെ കൊലപ്പെടുത്തിയതായാകാമെന്നും മോബിന്‍ പ്രചാരണം നടത്തിയിരുന്നെന്നും പോലീസ് പറയുന്നു. മോബിന്‍ മീന്‍ കച്ചവടം നടത്തിവരികയായിരുന്നു.
ലിന്റോ ഇടയ്ക്ക് ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ ജോലി ചെയ്തിട്ടുണ്ട്. മധു കൂലിപ്പണിക്കാരനായിരുന്നു. സഹോദരിക്കൊപ്പമാണ് മധു താമസിച്ചിരുന്നത്.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി മൂന്നു ദിവസത്തിനുള്ളില്‍ പ്രതികള്‍ ലോക്കല്‍ പോലീസിന്‍റെ വലയില്‍
എടത്വാ പച്ച സ്വദേശി മധുവിന്റെ ദുരൂഹമരണം സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറി മൂന്നു ദിവസങ്ങള്‍ക്കുള്ളിലാണു പ്രതികളെ ലോക്കല്‍ പോലീസ് വലയിലാക്കിയത്. ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യപ്രകാരം കഴിഞ്ഞയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയത്.
ആലപ്പുഴ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനീഷ് വി. കോരയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിച്ചുവന്നിരുന്നത്.
മാന്നാര്‍ സി.ഐ: എസ്. വിദ്യാധരന്‍, എടത്വാ എസ്.ഐ: ആനന്ദ് ബാബു, എ.എസ്.ഐമാരായ പ്രസന്നന്‍ നായര്‍, സോമന്‍നായര്‍, സി.പി.ഒമാരായ ജി. ഉണ്ണിക്കൃഷ്ണപിള്ള, രാഹുല്‍ രാജ്, ഐ ഷെഫീക്, അരുണ്‍ ഭാസ്കര്‍, കെ. രാജേഷ്കുമാര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു അന്വേഷണസംഘം.
മധുവിന്റെ മരണത്തില്‍ സുഹൃത്തുക്കളായ മോബിനും ലിന്റോയുമാണ് ഒന്നും രണ്ടും പ്രതികള്‍.
തെളിവു നശിപ്പിക്കാനായി ലിന്റോയെ കൊന്ന സംഭവം കൂടി ഇതുമായി ബന്ധപ്പെടുത്തിയതോടെ ജോഫിന്‍ ജോസഫ് മൂന്നാം പ്രതിയായി.

Leave A Reply

Your email address will not be published.