Ultimate magazine theme for WordPress.

ലൗ ജിഹാദ് കേസ് ; ഹാദിയയെ ഇന്നു സുപ്രീം കോടതിയില്‍ ഹാജരാക്കും

0

ന്യൂഡല്‍ഹി : മതംമാറ്റ വിവാഹക്കേസില്‍ വിവാദ നായിക ഹാദിയയെ ഇന്നു സുപ്രീം കോടതിയില്‍ ഹാജരാക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് മുമ്ബാകെ വൈകിട്ട് മൂന്നിനാണു ഹാദിയയെ ഹാജരാക്കുക. ഹാദിയയുടെ മാനസിക നിലയില്‍ തകരാറുണ്ടെന്ന സൂചനകളാണു കുടുംബാംഗങ്ങളും കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയും നല്‍കിയത്. അച്ഛന്‍ അശോകന്റെ അഭിഭാഷകനും ഇതേ സൂചന നല്‍കി. കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
വൈക്കം ടി.വി. പുരം സ്വദേശിയായ ഹാദിയ ശനിയാഴ്ച രാത്രി 11 നാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. രക്ഷിതാക്കളുടെയും അഞ്ചംഗ പോലീസ് സംഘത്തിന്റെയും അകമ്ബടിയോടെ ഹാദിയയെ കേരളാ ഹൗസിലെത്തിച്ചു. കേരളാ ഹൗസില്‍ രാജസ്ഥാന്‍ പോലീസില്‍ നിന്നുള്ള സായുധ ഭടന്‍മാരേയും അധിക സുരക്ഷയ്ക്കായി നിയോഗിച്ചു.
ഡല്‍ഹി വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ചാണു ഡല്‍ഹി പോലീസ് ഹാദിയയെ കേരളാ ഹൗസിലെത്തിച്ചത്. ഹാദിയയെ ഇന്നു ഹാജരാക്കാനാണു കോടതി നിര്‍ദേശിച്ചിരുന്നത്. എന്‍.ഐ.എ. തല്‍സ്ഥിതി റിപ്പോര്‍ട്ട് വെള്ളിയാഴ്ച കോടതിക്കു നല്‍കിയിരുന്നു. മതം മാറിയതും ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നു ഹാദിയ മൊഴി നല്‍കിയെന്നാണ് എന്‍.ഐ.എ. റിപ്പോര്‍ട്ട്. ഡല്‍ഹിയിലേക്കു തിരിക്കും മുമ്ബ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ വച്ച്‌ ഹാദിയ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഒരുപാട് ആശയങ്ങള്‍ ഹാദിയയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും കൂടാതെ മാനസിക നിലയില്‍ തകരാറുണ്ടെന്നും അതിനാല്‍ വിവാഹ കാര്യത്തില്‍ സമ്മതം കണക്കിലെടുക്കരുതെന്നും അച്ഛന്‍ കോടതിയില്‍ ബോധിപ്പിക്കും. എന്‍.ഐ.എയുടെ നിലപാടും ഇത്തരത്തിലാകും. അവരുടെ മൊഴി അടച്ചിട്ട കോടതി മുറിയില്‍ കേള്‍ക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുമെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച ഹര്‍ജി ബുധനാഴ്ച നല്‍കിയെങ്കിലും പരിഗണിച്ചില്ല. ആവശ്യമെങ്കില്‍ ഇന്നു പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അന്ന് വ്യക്തമാക്കിയിരുന്നത്. ഇതു പ്രകാരം ഇന്ന് വീണ്ടും ഹര്‍ജി നല്‍കും.
ഹാദിയ വീട്ടുതടങ്കലില്‍ മാനസിക നില തെറ്റിയ നിലയിലാണ് പെരുമാറിയതെന്നും കുടുംബാംഗങ്ങളെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും കോടതിയെ അറിയിക്കുമെന്ന് അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു. മൂന്ന് മണിക്കു കേസ് പരിഗണിക്കുമ്ബോള്‍ അശോകന്റെ ഹര്‍ജിയാകും ആദ്യമെടുക്കുക. പിതാവിന്റെ ആവശ്യം അംഗീകരിച്ചാല്‍ മറ്റുള്ളവരെ പുറത്താക്കിയാകും മൊഴി രേഖപ്പെടുത്തുക. എന്‍.ഐ.എ. കോടതിയലക്ഷ്യം നടത്തിയെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ അപേക്ഷയും ഇന്നു കോടതി പരിഗണിച്ചേക്കും. റിട്ടയേഡ് ജഡ്ജി ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഓഗസ്റ്റ് 16 ലെ സുപ്രീം കോടതി ഉത്തരവ് ലംഘിച്ച്‌ അന്വേഷണവുമായി മുന്നോട്ടു പോയെന്ന് ആരോപിച്ചാണ് ഷെഫിന്റെ ഹര്‍ജി.
ഹൈക്കോടതി ഉത്തരവ് പ്രകാരം വൈക്കത്തെ വീട്ടില്‍ പാര്‍പ്പിച്ചിരുന്ന ഹാദിയയെ ആദ്യമായാണു പുറത്തിറക്കിയത്. കേരളാ ഹൗസിനു മുന്നില്‍ വന്‍ സുരക്ഷാ വലയമാണു ഡല്‍ഹി പോലീസ് ഒരുക്കിയത്. മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് ഇന്നലെ പ്രവേശനം നിഷേധിച്ചു. കേരളാ ഹൗസിലെ പൊതു കാന്റീനും അടച്ചിട്ടു. ഡല്‍ഹിയില്‍ യോഗത്തിനെത്തിനെത്തിയ വനിതകളടക്കമുള്ള പഞ്ചായത്ത് പ്രസിഡന്റ്മാര്‍ മുറി കിട്ടാതെ കുഴങ്ങി. ഇവര്‍ക്ക് ട്രാവന്‍കൂര്‍ ഹൗസില്‍ ഡോര്‍മെട്രി നല്‍കി പ്രശ്നം പരിഹരിച്ചു.

Leave A Reply

Your email address will not be published.