Ultimate magazine theme for WordPress.

13ാം മല്‍സരത്തിലും സിറ്റി വെന്നിക്കൊടി നാട്ടി മാഞ്ചസ്റ്റര്‍ സിറ്റി കുതിക്കുന്നു

0

ലണ്ടന്‍: സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടുമെന്ന വാശിയിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ തുടര്‍ച്ചയായി 13ാം മല്‍സരത്തിലും സിറ്റി വെന്നിക്കൊടി നാട്ടി. കിരീടത്തിലേക്ക് അതിവേഗം കുതിക്കുന്ന സിറ്റിയെ ഇനി ആര്‍ക്കെങ്കിലും പിടിച്ചുനിര്‍ത്താന്‍ സാധിക്കുമോയെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ചോദിക്കുന്നത്.
അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ ജെന്നറോ ഗട്ടൂസോയിലൂടെ പരിശീലനത്തില്‍ ആദ്യമായി കളത്തിലിറങ്ങിയ മുന്‍ ചാംപ്യന്‍മാരായ എസി മിലാന് സമനിലയോടെ തിരിച്ചടി നേരിട്ടു. സ്പാനിഷ് ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ബാഴ്‌സലോണയുമായുള്ള അകലെ കുറയ്ക്കാന്‍ ലഭിച്ച അവസരം വലന്‍സിയ തോല്‍വിയോടെ നഷ്ടപ്പെടുത്തി.
ഹോംഗ്രൗണ്ടില്‍ വെസ്റ്റ്ഹാമിനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ആഞ്ചലോ ഒഗ്‌ബോനയിലൂടെയാണ് വെസ്റ്റ്ഹാം മുന്നിലെത്തുന്നത്. രണ്ടാംപകുതിയില്‍ സിറ്റി ശക്തമായി തിരിച്ചടിച്ചു. 57ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയിലൂടെ സിറ്റി സമനില പിടിച്ചുവാങ്ങി.
ഫൈനല്‍ വിസിലിന് ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വയുടെ ഗോളില്‍ സിറ്റി മറ്റൊരു ത്രസിപ്പിക്കുന്ന വിജയം കൂടി കൊയ്തു. ലീഗിലെ മറ്റൊരു കൡയില്‍ സതാംപ്റ്റനും ബോണ്‍മൗത്തും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കിട്ടു.
ശനിയാഴ്ച ആഴ്‌സനലിനെ 3-1ന് തകര്‍ത്ത് നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സിറ്റിയുമായുള്ള അകലം അഞ്ചു പോയിന്റാക്കി കുറച്ചിരുന്നു. എന്നാല്‍ ഈ ലീഡിന് ഒരു ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ച സിറ്റി ലീഡ് വീണ്ടും എട്ടു പോയിന്റാക്കി ഉയര്‍ത്തി.
15 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 14 ജയവും ഒരു സമനിലയുമടക്കം 43 പോയിന്റോടെയാണ് സിറ്റി തലപ്പത്തു നില്‍ക്കുന്നത്. ഇത്രയും കളികളില്‍ നിന്നും 35 പോയിന്റോടെ യുനൈറ്റഡാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ ചെല്‍സിക്ക് 32 പോയിന്റുണ്ട്.
സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകനെ മാറ്റി മുന്‍ താരം കൂടിയായ ജെന്നറോ ഗട്ടൂസോയെ കൊണ്ടുവന്നെങ്കിലും ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന്റെ കഷ്ടകാലം തീരുന്നില്ല. ഗട്ടൂസോയ്ക്കു കീഴിലെ ആദ്യ മല്‍സരത്തില്‍ മിലാന്‍ സമനിലയില്‍ കുരുങ്ങി. ലീഗിലെ പുതുഖങ്ങളയ ബെനെവെന്റോയുമായാണ് മിലാന്‍ 2-2ന്റെ സമനില വഴങ്ങിയത്. സീസണില്‍ കളിച്ച 15 മല്‍സരങ്ങൡ 14ലും തോറ്റ ബെനെവെന്റോയ്ക്ക് ലഭിച്ച ആദ്യ പോയിന്റ് കൂടിയാണ് ഇത്.
മല്‍സരത്തില്‍ മിലാന്‍ 2-1ന് വിജയമുറപ്പിച്ചിരിക്കെയാണ് ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ ഡൈവിങ് ഹെഡ്ഡറിലൂടെ ഗോള്‍കീപ്പര്‍ കൂടിയായ ആല്‍ബെര്‍ട്ടോ ബ്രിഗ്‌നോളി ബെനെവെന്റോയുടെ സമനില ഗോള്‍ കണ്ടെത്തിയത്.
ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന്റെ ആധിപത്യം തകര്‍ത്ത് ഇന്റര്‍മിലാന്‍ കുതിപ്പ് തുടരുകയാണ്. ചീവോയെ 5-1ന് തകര്‍ത്ത് ഇന്റര്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ഇവാന്‍ പെരിസിച്ചിന്റെ ഹാട്രിക്കാണ് ഇന്ററിന് ആധികാരിക വിജയം സമ്മാനിച്ചത്. ലീഗിലെ മറ്റൊരു കളിയില്‍ ഫിയൊറെന്റീന 3-0ന് സസ്സുവോലോയെ തോല്‍പ്പിച്ചു.
15 മല്‍സരങ്ങൡ നിന്നും 39 പോയിന്റോടെയാണ് ഇന്റര്‍ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് പിന്നിലായി നാപ്പോളി തൊട്ടിരികിലുണ്ട്. നിലവിലെ ജേതാക്കളായ യുവന്റസ് 37 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്.
സ്പാനിഷ് ലീഗില്‍ തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന വലന്‍സിയ ഒടുവില്‍ തോല്‍വിയറിഞ്ഞു. 14ാം റൗണ്ട് മല്‍സരത്തില്‍ ഗെറ്റാഫെയാണ് 1-0ന് വലന്‍സിയയെ വീഴ്ത്തിയത്. ജയത്തോടെ ലീഗില്‍ തലപ്പത്തുള്ള ബാഴ്‌സയുമായുള്ള അകലം രണ്ടാക്കി കുറയ്ക്കാനുള്ള അവസരമാണ് ഇതോടെ വലന്‍സിയക്കു നഷ്ടമായത്.
ബാഴ്‌സയ്ക്ക് 36ഉം വലന്‍സിയക്ക് 31ഉം പോയിന്റാണുള്ളത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ലെഗന്‍സ് 3-1ന് വിയ്യാറയലിനെയും ഐബര്‍ ഇതേ സ്‌കോറിനു എസ്പാന്യോളിനെയും ലാസ് പാല്‍മസ് 1-0ന് ബെറ്റിസിനെയും പരാജയപ്പെടുത്തി.

Leave A Reply

Your email address will not be published.