Ultimate magazine theme for WordPress.

ജെ.ഡി.യു പാര്‍ട്ടി അധ്യക്ഷനായിരുന്ന ശരത് യാദവിന്റെ രാജ്യസഭാംഗത്വം റദ്ദാക്കി

0

ന്യുഡല്‍ഹി: ജനതാദള്‍ യുണൈറ്റഡിലെ പിളര്‍പ്പിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷനായിരുന്ന ശരത് യാദവിന്‍റെ രാജ്യസഭാംഗത്വവും നഷ്ടമായി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന ജെ.ഡി.യു പക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു യാദവിന്റെ അംഗത്വം റദ്ദാക്കിയത്. ബിഹാറില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സഖ്യമുണ്ടാക്കിയതോടെയാണ് അതിനെ എതിര്‍ത്ത ശരത് യാദവ് ഒറ്റപ്പെട്ടത്. പാര്‍ട്ടി ചിഹ്നവും നിതീഷ് പക്ഷത്തിന് നല്‍കിയതോടെ ശരത് യാദവിന്റെ നില പരുങ്ങലിലായത്.
രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത തന്റെ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡുമായുള്ള ബന്ധം ശരത് യാദവ് സ്വമേധയാ ഉപേക്ഷിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കപ്പെടുകയാണെന്ന് രാജ്യസഭാ ചെയര്‍മാന്റെ ഉത്തരവില്‍ പറയുന്നു. യാദവിനെ അനുകൂലിച്ച അലി അന്‍വറും ‘പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ’ പേരില്‍ അയോഗ്യത നേരിട്ടു.
ജൂലായില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമായുള്ള മഹാസഖ്യം ഉപേക്ഷിച്ചാണ് നിതീഷ് കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ലാലു പ്രസാദ് യാദവിനും മകനും ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനും എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് മഹാസഖ്യം ഉപേക്ഷിച്ച്‌ ബി.ജെ.പി സഖ്യത്തിലേക്ക് പോകാന്‍ നിതീഷിനെ പ്രേരിപ്പിച്ചത്.
2015ല്‍ മഹാസഖ്യത്തിന് വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ച നിതീഷ് കുമാറിന് അധികാരക്കൊതിയാണെന്നാണ് യാദവ് ഇതിനോട് പ്രതികരിച്ചത്. യാദവിനെ അനുകൂലിച്ച 21 നേതാക്കളെ നിതീഷ് കുമാര്‍ പുറത്താക്കിയെങ്കിലും ശരത് പാര്‍ട്ടിയുടെ സ്ഥാപക നേതാവിനെതിരെ നടപടിക്ക് മുതിര്‍ന്നിരുന്നില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബി.ജെ.പിക്കെതിരെ പോരാടാനാണ് യാദവിന്റെ തീരുമാനം. 2019ലെ പൊതുതെരഞ്ഞെടുപ്പിലും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തുത്തെറിയാന്‍ പ്രതിപക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്നും യാദവ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.