Ultimate magazine theme for WordPress.

മോനിഷ ഓര്‍മ്മയായിട്ട് ഇന്നേക്ക് 25 വര്‍ഷം

0

മഞ്ഞള്‍ പ്രസാദവുമായി മോനിഷ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെയ്ക്കുമ്ബോള്‍ പ്രായം 15. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ തന്റെ 21-ാം വയസ്സില്‍ മരണം അപ്രതീക്ഷിതമായി എത്തിയപ്പോള്‍ മോനിഷയോടൊപ്പം മലയാളിക്ക് നഷ്ടപ്പെട്ടത് പകരം വെയ്ക്കാനില്ലാത്ത അഭിനേത്രിയെ കൂടിയായിരുന്നു. ആ ഗ്രാമീണ സൗന്ദര്യം നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് 25 വര്‍ഷങ്ങള്‍.
1986 ല്‍ എംടി വാസുദേവന്‍ നായരുടെ കഥയില്‍ പുറത്തിറങ്ങിയ ഹരിഹരന്‍ ചിത്രം നഖക്ഷതങ്ങളിലൂടെയാണ് മോനിഷ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. കുടുംബ സുഹൃത്തായ എംടി തന്നെയായിരുന്നു നക്ഷത്രക്കണ്ണുള്ള ആ രാജകുമാരിയെ മലയാളത്തിന് സമ്മാനിച്ചതും. നഖക്ഷതങ്ങളിലെ അഭിനയത്തിന് 1987ല്‍ ഏറ്റവും ചെറിയ പ്രായത്തില്‍ ഗൗരി എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും മോനിഷയെ തേടിയെത്തി. തുടര്‍ന്ന് ഋതുഭേദം, ആര്യന്‍, അധിപന്‍, കുറുപ്പിന്റെ കണക്ക് പുസ്തകം, പെരുന്തച്ചന്‍, കടവ്, കമലദളം, ചെപ്പടി വിദ്യ, ചമ്ബക്കുളം തച്ചന്‍, ഒരു കൊച്ചുഭൂമി കുലുക്കം തുടങ്ങി ഒരുപിടി ചിത്രങ്ങള്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെയാണ് മോനിഷയെ മരണം കവര്‍ന്നെടുത്തത്.
1992 ഡിസംബര്‍ അഞ്ചിന് ചെപ്പടി വിദ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മോനിഷയും അമ്മയും സഞ്ചരിച്ച കാര്‍ ചേര്‍ത്തലയില്‍ വെച്ച്‌ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിന് ക്ഷതമേറ്റ മോനിഷ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത് എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ഡ്രൈവര്‍ ഉറങ്ങിയിട്ടില്ലെന്ന് സംഭവത്തിന്റെ ഏക ദൃക്സാക്ഷി കൂടിയായ മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി തന്നെ സ്ഥിരീകരിച്ചു. ഇവര്‍ നിസാരപരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

1971 ല്‍ പി നാരായണനുണ്ണിനുടെയും ശ്രീദേവിയുടെയും മകളായി കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയിലാണ് മോനിഷയുടെ ജനനം. കാറപകടത്തില്‍ മോനിഷയുടെ ജീവന്‍ പൊലിഞ്ഞപ്പോള്‍ നഷ്ടമായത് ഗ്രാമീണത്തികവാര്‍ന്ന ഒരു അഭിനേത്രിയെ മാത്രമായിരുന്നില്ല, മികച്ചൊരു നര്‍ത്തകിയെ കൂടിയായിരുന്നു. അമ്മയുടെ ശിക്ഷണത്തില്‍ ചെറുപ്പം തൊട്ടേ നൃത്തം അഭ്യസിച്ചിരുന്ന മോനിഷയ്ക്ക് 1985 ല്‍ ഭരതനാട്യത്തിന് കൗശിക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അന്ന് കാറപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ മലയാള ചലച്ചിത്ര ലോകത്ത് ഒരു അഭിനേത്രിക്കും അവകാശപ്പെടാനില്ലാത്തത്രയും നേട്ടങ്ങള്‍ മോനിഷയെ തേടിയെത്തിയേനെ.
ആറ് വര്‍ഷം മാത്രം നീണ്ടുനിന്ന അഭിനയ ജീവിതത്തിന് തിരശീലയിട്ട് മോനിഷ വിടവാങ്ങിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും പ്രണയം തുളുമ്ബുന്ന കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയുമായി ആരാധകരുടെ ഹൃദയത്തില്‍ അവര്‍ ഒളിമങ്ങാതെ തന്നെ നില്‍ക്കുന്നു. മോനിഷയ്ക്ക് ശേഷം മോനിഷ മാത്രമെന്ന് ആരാധകര്‍ ആവര്‍ത്തിക്കുന്നത് പ്രതിഭയ്ക്കപ്പുറം അവര്‍ക്ക് പകരം വെയ്ക്കാന്‍, മലയാളത്തനിമ കൊണ്ടും ശാലീനത കൊണ്ടും മറ്റൊരാളെ ഇന്നേവരെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ചിട്ടില്ല എന്നത് കൊണ്ടുകൂടിയാണ്. ആ ദു:ഖം വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പ്രതിഭകള്‍ എത്ര മാറിമറഞ്ഞാലും മോനിഷ എന്ന പേര് കേള്‍ക്കുമ്ബോള്‍ ആരാധകരുടെ മനസ്സില്‍ ഉണ്ടാകും.

Leave A Reply

Your email address will not be published.