Ultimate magazine theme for WordPress.

ഓഖി ദുരന്തം മുന്നറിയിപ്പ് : സര്‍ക്കാരിന് വീഴ്ച വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0

തിരുവനന്തപുരം: തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് ഓഖി ചുഴലിക്കാറ്റ് മൂലം കഴിഞ്ഞ ദിവസങ്ങളില്‍ കേരള തീരത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു നൂറ്റാണ്ടിനിടയ്ക്ക് ആദ്യമായാണ് കടലില്‍ ഇത്തരമൊരു ദുരന്തം കേരളം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.നവംബര്‍ 28 ന് മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുമ്പോ ജാഗ്രത പാലിക്കണമെന്ന് ഉപദേശിക്കുന്നു എന്ന കാര്യമാണ് സമുദ്രനിരീക്ഷണകേന്ദ്രത്തിന്‍റെ വെബ്സൈറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഇ-മെയില്‍ ആയോ ഫാക്സ് വഴിയോ സന്ദേശം സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. നവംബര്‍ 29 ന് 2.30-ന് ഇന്ത്യന്‍ നാഷല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് നല്‍കിയ അറിയിപ്പില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പാണ് ഉണ്ടായിരുന്നത്. അത് മാദ്ധ്യമങ്ങളിലുള്‍പ്പെടെ നല്‍കിയിരുന്നു. അച്ചടി മാദ്ധ്യമങ്ങളില്‍ ചിലത് മാത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. അതില്‍ പലതും അപ്രധാനമായ സ്ഥാനത്തുമായിരുന്നു. നവംബര്‍ 30ന് രാവിലെ 8.30-ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ലഭിച്ച സന്ദേശത്തില്‍ ന്യൂനമര്‍ദം ഒരു തീവ്രന്യൂനമര്‍ദമായി മാറും എന്ന അറിയിപ്പുണ്ടായി. ഈ അറിയിപ്പിനൊപ്പം നല്‍കിയ ഭൂപടത്തിലും ന്യൂനമര്‍ദ പാതയും ദിശയും കന്യാകുമാരിക്ക് തെക്ക് 170 കി.മീ ദൂരത്തിലായിരുന്നു. മാത്രമല്ല ചുഴലി മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. അപ്പോഴും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഉപദേശിക്കണമെന്നായിരുന്നു മുന്നറിയിപ്പ്.

30-ന് ഉച്ചയ്ക്ക് 12 മണിക്കാണ് ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയെന്ന അറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ചത്. ചുഴലിയുടെ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ അഞ്ച് മിനിറ്റിനകം എല്ലാ പ്രധാന ഉദ്യോഗസ്ഥര്‍ക്കും പത്രമാദ്ധ്യമങ്ങള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കി. അപ്പോഴേക്കും മത്സ്യതൊഴിലാളികളില്‍ പലരും കടലിലേക്ക് പോയികഴിഞ്ഞിരുന്നു.

കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് മാനദണ്ഡമനുസരിച്ച്‌ മൂന്നു ദിവസം മുതല്‍ അഞ്ചുദിവസം വരെ മുമ്ബ് എല്ലാ പന്ത്രണ്ടു മണിക്കൂറും ഇടവിട്ട് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കേണ്ടതാണ്. രണ്ട് ദിവസം മുമ്ബ് എല്ലാ മൂന്ന് മണിക്കൂറിലും ചുഴലിയുടെ തീവ്രത, പാത, ദിശ മുതലായവ സംബന്ധിച്ച്‌ അറിയിപ്പ് നല്‍കേണ്ടതാണ്. എന്നാല്‍ ഓഖിയുടെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായില്ല. ചുഴലി സംബന്ധിച്ച മുന്നറിയിപ്പ് കണക്കിലെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കുകയും ചെയ്തു. പ്രകൃതി ദുരന്തങ്ങള്‍ കൃത്യമായും മുന്‍കൂട്ടിയും പ്രവചിക്കുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ വേണമെന്ന അഭിപ്രായം കേന്ദ്രമന്ത്രിമാരും പങ്കുവച്ചിട്ടുണ്ട്.

ചുഴലി സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ച ശേഷം ഒരു നിമിഷം പോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്തനിവാരണ,​ ദുരന്ത ലഘൂകരണ നടപടികള്‍ സ്വീകരിച്ചു. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ചുഴലി മുന്നറിയിപ്പ് ലഭിച്ച 30ന് ഉച്ചയ്ക്ക് ഒരു മണിക്കുതന്നെ ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയെ ബന്ധപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ഈ ഏജന്‍സികള്‍ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാവിക സേന ഏഴ് കപ്പലുകളും രണ്ടു വിമാനങ്ങളും നാല് ഹെലികോപ്റ്ററുകളും തെരച്ചിലിന് ഉപയോഗിച്ചു. കോസ്റ്റ്ഗാര്‍ഡ് എട്ട് കപ്പലുകളും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ചു. രണ്ട് ഹെലികോപ്റ്ററുകളും രണ്ട് വിമാനവും ഉപയോഗിച്ചാണ് വ്യോമസേന തെരച്ചില്‍ നടത്തിയത്. മൊത്തം 15 കപ്പലുകളും ഏഴ് ഹെലികോപ്റ്ററുകളും നാല് വിമാനങ്ങളും ആദ്യദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനരംഗത്ത് ഉണ്ടായിരുന്നു. ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗം, പൊലീസ് എന്നീ ഏജന്‍സികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. പ്രതിരോധ വിഭാഗങ്ങളും കോസ്റ്റ് ഗാര്‍ഡും സംസ്ഥാന ഏജന്‍സികളും നല്ല ഏകോപനത്തിലൂടെയാണ് പ്രവര്‍ത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും സജ്ജമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവരുടെ സേവനം ഉപയോഗിക്കേണ്ടിവന്നില്ല. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഫിഷറീസ് മന്ത്രി, സഹകരണ ടൂറിസം മന്ത്രി എന്നിവരെ 30ന് തന്നെ നിയോഗിച്ചിരുന്നു. കേന്ദ്ര സേനയോടൊപ്പം രണ്ട് മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മത്സ്യതൊഴിലാളികളും കഴിഞ്ഞ ഒരാഴ്ചയായി തീരദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടായിരുന്നു. കടലില്‍നിന്നും 100 മീറ്റര്‍ പരിധിയിലെ എല്ലാ കെട്ടുറപ്പില്ലാത്ത വീടുകളും ഒഴിപ്പിക്കാന്‍ തീരുമാനിച്ചു.

ഒഴിപ്പിക്കപ്പെട്ടവര്‍ക്കു വേണ്ടി സംസ്ഥാനത്താകെ 52 പുനരധിവാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിച്ചു. 1906 കുടുംബങ്ങളിലെ 8556 പേര്‍ ഈ ക്യാമ്ബുകളില്‍ വിവിധ ഘട്ടങ്ങളിലായി ആശ്വാസം തേടി. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായും ലക്ഷദ്വീപുമായും ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നു. ശ്രീനിവാസ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലേക്ക് പോലീസ് സംഘത്തെ നിയോഗിച്ചു. മുംബയ് നോര്‍ക്കെ ഡെവലപ്മെന്റ് ഓഫീസര്‍ ഭദ്രന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അവിടെ നേതൃത്വം നല്‍കി. സിന്ധുദുര്‍ഗ്, രത്നഗിരി, ഗോവ എന്നിവിടങ്ങളിലെ മലയാളി അസോസിയേഷനുകളും സംസ്ഥാന സര്‍ക്കാരുകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പൂര്‍ണമായും സഹായിച്ചു. തിരമാലകളില്‍ നിന്ന് രക്ഷപ്പെട്ട് 700ഓളംപേര്‍ മറ്റ് തീരങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും, സാമ്ബത്തിക സഹായവും, ബോട്ടുകള്‍ക്ക് ആവശ്യമായ ഇന്ധനവും സര്‍ക്കാര്‍ മുന്‍കൈയോടെ ലഭ്യമാക്കി. അവരെ തിരിച്ചു കൊണ്ടുവരുന്നതിനുളള നടപടികളും ആരംഭിച്ചു. ചിലര്‍ നാട്ടിലെത്തി. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ നമ്മുടെ സഹോദരന്‍മാരെയും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണ്. തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍
1. ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 5 ലക്ഷം രൂപയും, ബദല്‍ ജീവനോപാധിക്കായി ഫിഷറീസ് വകുപ്പില്‍നിന്നും 5 ലക്ഷം രൂപയും ഉള്‍പ്പെടെ 20 ലക്ഷം രൂപ ഒരു ആശ്വാസമെന്ന നിലയില്‍ സര്‍ക്കാര്‍ നല്‍കുന്നതാണ്.

2. ഓഖി ചുഴലിക്കാറ്റില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാന്‍കഴിയാത്ത ആരോഗ്യസ്ഥിതിയിലുമായ മത്സ്യതൊഴിലാളികള്‍ക്ക് ബദല്‍ ജീവനോപാധിയായി ഒരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ ധനസഹായം നല്‍കും.

3.മത്സ്യതൊഴിലാളികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്ക് ദിനംപ്രതി 60 രൂപയും, കുട്ടികള്‍ക്ക് 45 രൂപയും വീതം 7 ദിവസത്തേക്ക് അനുവദിക്കും.

4. ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ബോട്ട് / മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് നേരിട്ട നഷ്ടത്തിന് ഏകദേശം തത്തുല്യമായ നഷ്ടപരിഹാരം നല്‍കും.

5.മരണമടയുകയോ കാണാതാകുകയോ ചെയ്ത മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് അര്‍ഹമായ സൗജന്യ വിദ്യാഭ്യാസം / തൊഴില്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചു.

6. ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച്‌ പഠിച്ച്‌ കലോചിതമായി പരിഷ്ക്കരിക്കുന്നതിന് ശിപാര്‍ശ നല്‍കാന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

7.ഇപ്പോള്‍ തുടര്‍ന്നുവരുന്ന ഊര്‍ജ്ജിത രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും തിരച്ചിലിനും ശേഷം ഏതെങ്കിലും മത്സ്യത്തൊഴിലാളിയെ കണ്ടെത്താനാവാതെ വന്നാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്ബത്തിക സഹായം നല്‍കേണ്ട കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കുന്നതിന് സഹായകമായ ശിപാര്‍ശ നല്‍കുന്നതിനും നിലവിലുള്ള നിയമവ്യവസ്ഥകളില്‍ പ്രത്യേക ഇളവ് നല്‍കുന്ന കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കുന്നതിനുമായി റവന്യൂ, ആഭ്യന്തരം, ഫിഷറീസ് വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റി രൂപീകരിച്ചു.

8.ഭാവിയില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന സമയത്ത് മുഴുവന്‍ മത്സ്യതൊഴിലാളികളും ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ബോട്ടുകളില്‍ ജി.പി.എസ് സംവിധാനവും, മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും സാറ്റലൈറ്റ് സംവിധാനങ്ങളും ഉപയോഗിച്ച്‌ കാലാവസ്ഥ സംബന്ധിച്ച സന്ദേശം നല്‍കാനുമുള്ള ക്രമീകരണവും ഒരുക്കും. ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

9.സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പുനഃസംഘടിപ്പിക്കുകയും എസ്.ഡി.ആര്‍.എഫ് രൂപീകരിക്കുകയും സംസ്ഥാനതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തിരുവനന്തപുരത്തും, മേഖലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എറണാകുളത്തും സ്ഥാപിക്കുന്നതിനും മറ്റ് ജില്ലകളില്‍ ജില്ലാതലത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിച്ച്‌ ഫിഷറീസ്, പൊലീസ്, ഫയര്‍, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും കേന്ദ്ര സേനകളായ കോസ്റ്റ്ഗാര്‍ഡ്, വ്യോമ, നാവിക സേനകളുടെ സേവനം ലഭ്യമാക്കാനും നടപടി സ്വീകരിക്കും.

10. തീരദേശ പോലീസ് സേനയില്‍ ആവശ്യമായ റിക്രൂട്ട്മെന്റ് നടത്തുകയും ആധുനിക സജ്ജീകരണങ്ങളോടെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം കേരളത്തിലെ വിഴിഞ്ഞം, നീണ്ടകര, കൊച്ചി, പൊന്നാനി, അഴീക്കല്‍ തുറമുഖങ്ങളോട് ചേര്‍ന്ന് പ്രത്യേക പൊലീസ് സംവിധാനം ആരംഭിക്കുന്നതിന് തീരുമാനിച്ചു.

11. മത്സ്യബന്ധനത്തിനിടയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരെ തിരിച്ചെത്തിക്കാനാവശ്യമായ സഹായം നല്‍കും.

12.കേരളത്തിന്റെ ഭാഗമെന്ന പോലെ നിലകൊള്ളുന്ന ലക്ഷദ്വീപില്‍ മെഡിക്കല്‍ ടീമിനെ അയക്കാനും, മറ്റ് സ്ഥലങ്ങളില്‍ അകപ്പെട്ട മത്സ്യതൊഴിലാളികളെ തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനിച്ചു.

13. ഓഖി ദുരന്തത്തില്‍ കാണാതായ അവസാന മത്സ്യതൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാന്‍ കോസ്റ്റ്ഗാര്‍ഡ്, നാവിക, വ്യോമ സേനകളോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെടും. ഈ തെരച്ചലില്‍ മത്സ്യതൊഴിലാളികളെയും ഉള്‍പ്പെടുത്തിയത് തുടരാന്‍ കേന്ദ്രസേനകളോട് ആവശ്യപ്പെടും.

14. സംസ്ഥാനത്തെ ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫിഷറീസ്, റവന്യൂ – ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ആഭ്യന്തര വകുപ്പുകളെ ചുമതലപ്പെടുത്തി.

15. നിരവധി പേരുടെ മരണത്തിനും നാശനഷ്ടത്തിനും ഇടയാക്കിയ അസാധാരണവും മുമ്ബൊന്നും ഉണ്ടായിട്ടില്ലാത്തതുമായ ദുരന്തമായതിനാല്‍ ദേശീയ ദുരന്തമായി കണക്കാക്കി ദീര്‍ഘകാല പുനര്‍ നിര്‍മ്മാണ പദ്ധതിക്കാവശ്യമായ ഫണ്ട് (സ്പെഷ്യല്‍ പാക്കേജ്) ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.

16. ഈ ദുരന്തത്തോടനുബന്ധിച്ച്‌ ഉണ്ടായ കൃഷിനാശം, വീട് നഷ്ടപ്പെടല്‍, ചികിത്സ ചെലവ് എന്നിവയ്ക്കും ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവര്‍ക്കും ഉചിതമായ സാമ്ബത്തികസഹായം ലഭ്യമാക്കും.

17. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച്‌ യഥാസമയം വിവരം ലഭ്യമാക്കാന്‍ ശാസ്ത്രീയമായ സംവിധാനം രാജ്യത്തുണ്ടാക്കണമെന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

18. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദമായി പഠിച്ച്‌ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രീ. രമണ്‍ ശ്രീവാസ്തവ (ഡി.ജി.പി റിട്ടയേര്‍ഡ്)​,​ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആഭ്യന്തരം. അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫിഷറീസ്,​ ഡോ. അഭിലാഷ്, അസി: പ്രൊഫസര്‍, കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, കുസാറ്റ് മെമ്ബര്‍ സെക്രട്ടറി, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു.

Leave A Reply

Your email address will not be published.