Ultimate magazine theme for WordPress.

ഉപാധികളോടെ പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുമതി

0

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തിന് ഒടുവില്‍ പ്രദര്‍ശനാനുമതി. പ്രസൂണ്‍ ജോഷി ചെയര്‍മാനായ സെന്‍സര്‍ ബോര്‍ഡാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉപാധികളോടെ പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്നു. വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും ശുപാര്‍ശയിലുണ്ട്. ചിത്രം വിവാദമായതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡാണ് ചിത്രം കണ്ട് വിലയിരുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്ന് അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നുണ്ട്.

ചരിത്രകാരന്‍മാരായ അരവിന്ദ് സിംഗ്, ഡോക്ടര്‍ ചന്ദ്രമണി സിംഗ്, പ്രൊഫസര്‍ കെക സിംഗ് എന്നിവരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ടതായിരുന്നു വിദഗ്ധ സമിതി. സിനിമയില്‍ ചരിത്രസംഭവങ്ങള്‍ ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.

സിനിമയുടെ പ്രമേയം പൂര്‍ണമായും ഭാവനയാണോ, ചരിത്രസംഭവമാണോ എന്ന കോളത്തില്‍ നിര്‍മാതാക്കള്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ ബോര്‍ഡ് തയ്യാറായിരുന്നില്ല. പിന്നീടാണ് ചരിത്രസംഭവം ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ രേഖപ്പെടുത്തിയത്.

ഡിസംബര്‍ 28 ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ പരിശോധനാ സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായത്. ചിത്രത്തില്‍ വിദഗ്ധ സമിതി നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ വരുത്തിയ ശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നും ബോര്‍ഡ് വ്യക്തമാക്കി.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകള്‍ ഒരുപോലെ പരിഗണിച്ചാണ് ചിത്രം കണ്ടതെന്ന് ബോര്‍ഡ് പറഞ്ഞു. ചിത്രത്തിന്റെ സങ്കീര്‍ണതയും ചിത്രത്തെ കുറിച്ച്‌ നിലനില്‍ക്കുന്ന ആശങ്കകളും പരിഗണിച്ചാണ് അന്തിമതീരുമാനം കൈക്കൊള്ളാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചത്.

Leave A Reply

Your email address will not be published.