പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് നല്‍കുന്ന രാഷ്ട്രീയ പരിപാടിയാണ് ലോക കേരളസഭയെന്ന് വി.മുരളീധരന്‍

ന്യൂഡല്‍ഹി: ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും പാര്‍ട്ടിക്ക് പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് നല്‍കുന്ന രാഷ്ട്രീയ പരിപാടിയായി ഇത് മാറി. ലോക കേരളസഭയില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പോലുമറിയില്ല. ഈ സാഹചര്യത്തിലാണ് പരിപാടി താന്‍ ബഹിഷ്‌കരിച്ചതെന്നും ലോക കേരളസഭയ്ക്കെതിരെ കടുത്ത വിമര്‍ശനമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയിരിക്കുകയാണ്.

16 കോടി രൂപയ്ക്കാണ് ലോക കേരള സഭയുടെ ലോഞ്ച് പുതുക്കി പണിയാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡര്‍ കൊടുത്തത്. തലസ്ഥാനത്ത് എത്രമാത്രം ഹാളുകള്‍ ലഭ്യമായിരിക്കേയാണ് ഈ ധൂര്‍ത്ത്. പൗരത്വ നിയമ ഭേദഗതിയില്‍ കേരള നിയമസഭയുടെ സമീപനം രാജ്യത്തിന്റെ നിയമത്തെ വെല്ലുവിളിക്കുന്നതാണ്. പൗരത്വ ഭേദഗതി നിയമം രാഷ്ട്രപതി അംഗീകരിച്ചാണ്.

ആ നിയമത്തിനെതിരെ നിയമസഭ വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കുകയാണ്. പ്രമേയത്തിന് ഒരു സ്വകാര്യ ബില്ലിന്റെ വില പോലുമില്ല. അത് ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണ്. പ്രവാസികളുടെ കാര്യം സ്വയം നോക്കിക്കൊള്ളാമെന്ന് പറഞ്ഞ സര്‍ക്കാര്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. തട്ടിപ്പ് റിക്രൂട്ടിംഗ് ഏജന്‍സികളെ നിയന്ത്രിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ഇവര്‍ വഴി വിദേശത്തെത്തി തട്ടിപ്പില്‍പെടുന്നവരെ തിരിച്ചെത്തിക്കേണ്ട ചുമതല കേന്ദ്രസര്‍ക്കാരിന്റേതായി മാറും. ലോക കേരള സഭയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയവുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. ഈ പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒപ്പിട്ട ഒരു കത്ത് മാത്രമാണ് തനിക്ക് ലഭിച്ചിട്ടില്ല. എല്ലാത്തിലും സമാന്തരമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്.

പ്രവാസികള്‍ക്കൊപ്പം മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെയും വിളിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ ഇവരെ ഉപയോഗിച്ച് ഫണ്ട് പിരിക്കാന്‍ വേണ്ടിയാണിത്. പാര്‍ട്ടി ബന്ധമുള്ളവരെ വിളിച്ച് സര്‍ക്കാര്‍ ചെലവില്‍ രണ്ടു ദിവസം ഭക്ഷണം കൊടുക്കുന്ന പരിപാടിയായി മാറി. ഈ രണ്ട് കാരണങ്ങളാലാണ് താന്‍ ലോക് കേരള സഭയില്‍ പങ്കെടുക്കാതിരുന്നതെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

Comments are closed.