പൗരത്വ നിയമ ഭേദഗതി : ഫിറോസാബാദില്‍ 35 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു

ഫിറോസാബാദ്: പൗരത്വ നിയമ ഭേദഗതിയില്‍ അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന യു.പി സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായി ഫിറോസാബാദില്‍ 35 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. പ്രക്ഷോഭത്തിനിടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തിരുന്നു.

അതേസമയം സമരം ചെയ്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ നോട്ടീസ് കിട്ടിയവരില്‍ മരിച്ചവരും കിടപ്പുരോഗികളുമായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് കാണിച്ച് 200 പേര്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കിട്ടിയവരില്‍ ഒഒരാള്‍ ആറു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു.

96ാം വയസ്സില്‍ മരണപ്പെട്ട ബന്നെ ഖാന്‍ എന്നയാള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ജില്ലാ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരായി ജാമ്യമെടുക്കണമെന്നും അതിനായി 10 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നുമാണ് നോട്ടീസിലുണ്ടായിരുന്നത്. അതേസമയം നോട്ടീസ് ലഭിച്ചവരില്‍ മറ്റു രണ്ടു പേര്‍ 90 കാരന്‍ സുഫി അന്‍സാര്‍ ഹുസൈനും 93കാരന്‍ ഫസഹത് മീര്‍ ഖാനുമാണ്. ഫസഹത് മീര്‍ കിടപ്പുരോഗിയാണ്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഫി അന്‍സാര്‍ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്.

തുടര്‍ന്ന് സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നോട്ടീസ് അയക്കുന്നതില്‍ ഉണ്ടായ പിഴവാണെന്നും അത് തിരുത്തുമെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്. സമധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് പോലീസിനു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നും അതുകൊണ്ടാണ് മൂന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നതെന്നും പ്രായമായവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ഫിറോസാബാദ് സിറ്റി മജിസ്ട്രേറ്റ് കുന്‍വാര്‍ പങ്കജ് സിംഗ് പറഞ്ഞു.

Comments are closed.