വോള്‍വോ XC60 എസ്യുവിയുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നു

വോള്‍വോ XC60 എസ്‌യുവിയുടെയും ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഇത് ആദ്യമായാണ് XC60 ബിഎസ് VI പതിപ്പ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

D5 ഡീസല്‍ വകഭേദമാണ് പരീക്ഷണ ഓട്ടത്തിനിടെ ക്യാമറയില്‍ കൂടുങ്ങിയത്. D4 എന്നൊരു വകഭേദം കൂടി വിപണിയില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തിലാണ് D5 വകഭേദം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 235 bhp കരുത്തും 480 Nm torque ഉം ഉത്പാദിപ്പിക്കും.

D4 വകഭേദം 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് വിപണിയില്‍ എത്തുന്നതെങ്കിലും എഞ്ചിന്‍ ട്യൂണിങ്ങില്‍ വ്യത്യാസം കാണാന്‍ സാധിക്കും. ഈ എഞ്ചിന്‍ 190 bhp കരുത്തും, 400 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

രണ്ട് എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനിലാണ് വിപണിയില്‍ എത്തുന്നത്. എന്നാല്‍ ബിഎസ് VI എഞ്ചിന്‍ കരുത്തു സംബന്ധിച്ചോ വാഹനത്തിന്റെ സവിശേഷതകള്‍ സംബന്ധിച്ചോ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. പവറിലും കരുത്തിലും വ്യത്യാസം വരുത്തിയേക്കാം എന്നുമാത്രമാണ് റിപ്പോര്‍ട്ട്.

വോള്‍വോയുടെ ഫ്ളാഗ്ഷിപ്പ് വാഹനം XC90 -യില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയിലാണ് പുതിയ XC60 -യുടെ വരവ്. സ്വീഡിഷ് നിര്‍മ്മാതാക്കളുടെ സിഗ്‌നേച്ചര്‍ മള്‍ട്ടി-സ്ലാറ്റ് ക്രോം ഗ്രില്ലും, ഹാമ്മര്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും XC60 -യുടെ മുന്നിലെ സവിശേഷതകളാണ്.

ചെത്തിയൊതുക്കിയ ഫ്രണ്ട് ബമ്പറില്‍ വീതിയേറിയ സെന്‍ട്രല്‍ എയര്‍ ഡാമും ക്രോം എലമെന്റുകളും ഒരുങ്ങിയിട്ടുണ്ട്. അഗ്രസീവ് ഡിസൈനിലാണ് XC60 വില്‍പ്പനയ്ക്ക് എത്തുന്നത്. ചെറിയ ഫോഗ് ലാമ്പുകളും വാഹനത്തില്‍ കമ്പനി നല്‍കിയിട്ടുണ്ട്. കട്ടിയേറിയ ഷൗള്‍ഡര്‍ ലൈനും, ക്യാരക്ടര്‍ ലൈനും, പുത്തന്‍ അലോയ് വീലുകളും വാഹനത്തിന്റെ സവിശേഷതയാണ്.

കുത്തനെയുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും, റൂഫ്-മൗണ്ടഡ് സ്പോയിലറും, ക്രോം ഫിനിഷ് നേടിയ റിഫ്ളക്ടറുകളും, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപുകളുമാണ് പിന്നിലെ പ്രധാന സവിശേഷതകള്‍.

പ്രീമിയം നിലവാരം ഒട്ടും കുറയാതെ തന്നെയാണ് അകത്തളവും ഒരുക്കിയിരിക്കുന്നത്. മസാജ് ഫംങ്ഷനോടെയുള്ള കൂള്‍ഡ്/ഹീറ്റഡ് മുന്‍നിര സീറ്റുകളാണ് വോള്‍വോ XC60 യുടെ അകത്തളത്തെ പ്രധാന ആകര്‍ഷണം.

9.0 ഇഞ്ച് സെന്റര്‍ സെന്‍സസ് ടച്ച്സക്രീന്‍ സംവിധാനം, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്-സ്പോട് അസിസ്റ്റ്, സെമി-ഓട്ടോമാറ്റിക് പാര്‍ക്കിങ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിങ് എന്നിങ്ങനെ നീളുന്നതാണ് മറ്റ് വിശേഷങ്ങള്‍. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി നിരവധി സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

Comments are closed.