ഖാസിമിന്റെ ഭീകരബന്ധങ്ങള്‍ ഡല്‍ഹിയിലും ലണ്ടനിലും വരെ എത്തിയിരുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്

ഫ്ളോറിഡ: ഇറാന്‍ രഹസ്യാന്വേഷണ മേധാവി ഖാസിം സൊലൈമാനിയുടെ ഭീകരബന്ധങ്ങള്‍ ഡല്‍ഹിയിലും ലണ്ടനിലും വരെ എത്തിയിരുന്നുവെന്ന് വെള്ളിയാഴ്ച ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള മാര്‍-എ-ലഗോ റിസോര്‍ട്ടില് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. 2012ല്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ പ്രതിരോധ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ച കാര്‍ സ്ഫോടനത്തില്‍ തകര്‍ത്തതിനു പിന്നില്‍ ഖാസിം സൊലൈമാനിയായിരുന്നുവെന്നും കാറില്‍ കാന്തം ഉപയോഗിച്ച് ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയിരുന്നു.

2012ലെ സ്ഫോടനക്കേസ് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സ്ഫോടനത്തില്‍ ഇറാന് പങ്കുണ്ടോ എന്ന കാര്യവും ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിനുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കാണിച്ച് മാധ്യമ പ്രവര്‍ത്തകനായ സയ്ദ് മുഹമ്മദ് അഹമ്മദ് കാസ്മി എന്നയാളെ യു.എ.പി.എ ചുമത്തി മാര്‍ച്ച് ആറിന് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്ക് ഒക്ടോബറില്‍ സുപ്രീം കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. ഫെബ്രുവരി 13നുണ്ടായ സ്ഫോടനത്തില്‍ ഉദ്യോഗസ്ഥന്റെ ഭാര്യ തല്‍ യെഹോഷ്വ കൊരെനും ഡ്രൈവര്‍ക്കും രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു.

ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ അന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇറാനിലെ ഇസ്ലാമിക റവല്യൂഷണറി ഗാര്‍ഡിലെ അഞ്ച് അംഗങ്ങളായിരുന്നു സ്ഫോടനം നടത്തിയതെന്നും അവര്‍ ഈ സമയത്ത് ഡല്‍ഹി സന്ദര്‍ശിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അറസ്റ്റു നടന്നില്ല. ഇസ്ലാമിക റവല്യൂഷണറി ഗാര്‍ഡിന്റെ മേധാവിയായിരുന്നു കൊല്ലപ്പെട്ട ഖാസിം സൊലൈമാനി. അതേസമയം സൊലൈമാനിയുടെ ആക്രമണത്തിന് ഇരയായവരെ ഓര്‍മ്മിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിവസമാണിത്.

Comments are closed.