നടി ആക്രമണത്തിന് ഇരയായ കേസില്‍ ദിലീപിന്റെയും പത്താം പ്രതി വിഷ്ണുവിന്റെയും വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളി

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ നടനും എട്ടാം പ്രതിയുമായ ദിലീപ് തനിക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പ്രഥമദൃഷ്ട്യ പ്രതികള്‍ക്കെതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച ദിലീപിന്റെയും പത്താം പ്രതി വിഷ്ണുവിന്റെയും വിടുതല്‍ ഹര്‍ജി തള്ളി.

നടിയെ ആക്രമിച്ച ദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡില്‍ നിന്നുള്ള വിവരങ്ങളും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ദിലീപ് ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും ശക്തമായ തെളിവുകളുണ്ടെന്നും ദിലീപിനു വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും ക്വട്ടേഷന്‍ നല്‍കിയുള്ള സംസ്ഥാനത്തെ ആദ്യ മാനഭംഗക്കേസാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കൂടാതെ പ്രതികള്‍ക്ക് ദിലീപ് പണം നല്‍കിയതിന് തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ കുറ്റം ചുമത്തുന്നതിന് കൂടുതല്‍ സാവകാശം വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസമാണ് സുപ്രീം കോടതി തനിക്ക് അനുവദിച്ചിരിക്കുന്നതെന്ന് ജഡ്ജിയും വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് മേല്‍ക്കോടതികളെ സമീപിക്കാനുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ അതില്‍ തടസ്സമില്ലെന്നും ഈ കേസിനെ ബാധിക്കില്ലെന്നും ജഡ്ജി പ്രതികരിച്ചു. കേസില്‍ ദിലീപ് അടക്കം മുഴുവന്‍ പ്രതികളും തിങ്കളാഴ്ച ഹാജരാകണമെന്നും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുമെന്നും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുമെന്നും കോടതി വ്യക്തമാക്കി. ദിലീപ് ഇന്ന് ഹാജരാകാത്തതില്‍ കോടതി അതൃപ്തിയും അറിയിച്ചിരുന്നു.

Comments are closed.