ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ എന്‍സിപിക്ക് ; ധനകാര്യ വകുപ്പിന്റെ ചുമതല അജിത് പവാറിന്

മുംബൈ: മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയാകുമ്പോള്‍ ആഭ്യന്തരം, ധനകാര്യം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ എന്‍സിപിക്കാണ് ലഭിച്ചത്. ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ആഭ്യന്തരം കിട്ടുമെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ധനകാര്യ വകുപ്പിന്റെ ചുമതലയാണ് അജിത് പവാറിന് ലഭിച്ചത്.

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ധനകാര്യം, ആഭ്യന്തരം, ജലസേചനം, ഹൗസിങ്ങ് വകുപ്പുകളാണ് ലഭിച്ചിരിക്കുന്നത്. ധനകാര്യ-ആസൂത്രണ വകുപ്പുകളുടെ ചുമതലയാണ് അജിത് പവാറിന്. 15 വകുപ്പുകളുടെ ചുമതല ശിവസേന വഹിക്കുമ്പോള്‍ 16 വകുപ്പുകളാണ് എന്‍സിപി നേടിയത്. എന്‍സിപി എംഎല്‍എ അനില്‍ ദേശ്മുഖിനാണ് സുപ്രധാന വകുപ്പായ ആഭ്യന്തര വകുപ്പിന്റെ ചുമതല.

നഗര വികസനം ശിവസേനയുടെ എകനാഥ് ഷിന്‍ഷെ, വ്യവസായം സേനയുടെ സുഭാഷ് ദേശായിക്കുമാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഐടി-നിയമമവകുപ്പുകളുടെ ചുമതലയണുള്ളത്. റവന്യൂ വകുപ്പ് കോണ്‍ഗ്രസിനാണ്. ബാലസാഹേബ് തോറാട്ടിനാണ് റവന്യൂ വകുപ്പ് ചുമതല.

ലേബര്‍-എക്സൈസ് വകുപ്പ് എന്‍സിപിയുടെ ദിലിപ് വല്‍സെ പട്ടീലും ഹൗസിങ് എന്‍സിപിയുടെ ജിതേന്ദ്ര അഹ്വാദും മെഡിക്കല്‍ വിദ്യാഭ്യാസം കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വര്‍ഷ ഗെയ്ക്വാദ്, സാമൂഹ്യ നീതി എന്‍സിപിയുടെ ധനഞ്ജയ മുണ്ഡെ, പിഡ്ബ്ല്യൂഡി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ചവാന്‍ എന്നിവര്‍ക്കുമാണ്. ആദിത്യ താക്കറെയ്ക്ക് പരിസ്ഥിതി-ടൂറിസം വകുപ്പുകളാണ്. തുടര്‍ന്ന് ഉദ്ധവ് സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തിന്റെ പട്ടിക ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി അംഗീകരിക്കുകയായിരുന്നു.

Comments are closed.