ഹൃദയാഘാതത്തെത്തുടര്‍ന്ന് വിമാനം റിയാദില്‍ അടിയന്തരമായി ഇറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ വയോധിക മരിച്ചു

റിയാദ്: ന്യുയോര്‍ക്കില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ വച്ച് യാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് റിയാദില്‍ അടിയന്തരമായി ഇറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ വയോധിക മരിച്ചു. ഡിസംബര്‍ 27ന് ന്യൂയോര്‍ക്കില്‍ നിന്ന് അബൂദാബി വഴി ചെന്നൈയിലേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ വരുമ്പോഴായിരുന്നു നെഞ്ചുവേദനയുണ്ടായത്.

വിമാനം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഉടന്‍ തന്നെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സന്ദര്‍ശക വിസയില്‍ ന്യൂയോര്‍ക്കിലെത്തി മകന്‍ സുരേഷിന്റെ കൂടെ കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ആന്ധ്രപ്രദേശ് കടപ്പ സ്വദേശിനി ബാലനാഗമ്മ (60).

തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അവരെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റുകയും എന്നാല്‍ പൂര്‍വാരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചുവരുന്നു എന്ന തോന്നല്‍ ശക്തിപ്പെടുന്നതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു.

Comments are closed.