ബിഎസ്എൻഎല്ലിന്റെ 14 ആസ്തികൾ നാണ്യവത്കരണത്തിനായി തിരിച്ചറിഞ്ഞു
ദില്ലി: ബിഎസ്എന്‍എല്ലിന്റെ 14 ആസ്തികള്‍ നാണ്യവത്കരണത്തിനായി തിരിച്ചറിഞ്ഞു. 20160 കോടിയുടേതാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റിന് പട്ടിക കൈമാറിയിരുന്നു. ആസ്തികളുടെ പട്ടിക കൈമാറിയ കാര്യം ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ പികെ പുര്‍വാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഗാസിയാബാദിലെ 2000 കോടി മൂല്യം വരുന്ന ബിഎസ്എന്‍എല്‍ ഭൂമിയില്‍ കേന്ദ്ര സ്കില്‍ ഡവലപ്മെന്റ് മന്ത്രാലയം താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംടിഎന്‍എല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷവും ബിഎസ്എന്‍എല്‍ 2010 മുതലും നഷ്ടത്തിലായതോടെയാണ് മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡിനെയും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനെയും ഒന്നാക്കി, പുനരുദ്ധാരണം നടപ്പിലാക്കാനാണ് മോദി സര്‍ക്കാര്‍ പദ്ധതിയിട്ടത്.
ചെലവുചുരുക്കലിന്റെ ഭാഗമായി ഇരുകമ്പനികളുടേതുമായി പാതിയോളം ജീവനക്കാര്‍ക്ക് വിആര്‍എസ് എടുത്ത് വിരമിക്കാന്‍ അവസരം നല്കി. ഇതോടെ ബിഎസ്എന്‍എല്ലിന്റെ ചെലവിന്റെ പാതിയോളവും എംടിഎന്‍എല്ലിന്റെ ചെലവിന്റെ 75 ശതമാനവും കുറയും. പദ്ധതിയുടെ അടുത്ത ഘട്ടമായാണ് രണ്ട് കമ്പനികളുടെയും ആസ്തികള്‍ നാണ്യവത്കരിക്കാന് നീക്കം നടത്തുന്നത്.
Comments are closed.