ചെറിയ കുട്ടികള്‍ക്ക് ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകളും മറ്റും നല്‍കുമ്പോള്‍ ശ്രദ്ധിക്കുക

ഇന്ന് പലരും കുട്ടികൾക്ക് കളിപ്പാട്ടമായി കൊടുക്കുന്നത് ഇലക്ടോണിക്ക് ഡിവൈസുകളാണ്. ഒരു കുട്ടി സംസാരിക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങുന്ന കാലമാണ്. കുട്ടികൾക്ക് സമ്മാനമായി കളിപ്പാട്ടങ്ങൾ നൽകിയിരുന്ന കാലത്ത് നിന്നും അവർക്ക് ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകളും മറ്റും സമ്മാനമായി നൽകുന്ന മാതാപിതാക്കളാണ് ഇന്ന് കൂടുതലും.

ഇത്തരം ഉപകരണങ്ങൾ ചെറിയ കുട്ടികൾക്ക് നൽകിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പലതാണ്. ഇത്തരത്തിലൊരു പ്രശ്നമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ അറ്റ്ലാന്റയിൽ ഉണ്ടായത്.

അമേരിക്കയിലെ ജോർജ്ജിയ സ്റ്റേറ്റിന്റെ തലസ്ഥാനമായ അറ്റ്ലാന്റയിലെ താമസക്കാരിയായ കിയാര സ്ട്രൌഡ് ഇക്കഴിഞ്ഞ ക്രിസ്മസിന് തന്റെ മകന് സമ്മാനമായി ഒരു ജോഡി ആപ്പിൾ എയർപോഡുകൾ സമ്മാനിച്ചിരുന്നു. ഏഴ് വയസ്സുകാരനായ മകനാണ് കിയാര എയർപോഡ് സമ്മാനമായി നൽകിയത്.

കഴിഞ്ഞ ദിവസം കുട്ടി കളിക്കുന്നതിനിടെ സമ്മാനമായി കിട്ടിയ എയർപോഡുകളിൽ ഒന്ന് അബദ്ധത്തിൽ വിഴുങ്ങി. ഇത് മനസിലാക്കിയ അമ്മ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.

അറ്റ്ലാന്റയിലെ ചിൽഡ്രൻസ് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ എക്സറെ എടുത്ത് പരിശോധിച്ചപ്പോൾ കുട്ടിയുടെ വയറിനുള്ളിൽ എയർപോഡ് ഉള്ളതായി കണ്ടെത്തി. വിഴുങ്ങിയെങ്കിലും അപകടം ഉണ്ടാക്കും വിധം എവിടെയും തങ്ങി നിൽക്കാതെ എയർപോഡ് വയറ്റിലേക്ക് എത്തിയിരുന്നു.

കുറച്ച് ദിവസം കാത്തിരുന്നാൽ ഗാഡ്ജറ്റ് സ്വാഭാവിക പ്രക്രീയയിലുടെ വയറ്റിൽ നിന്നും പുറത്ത് പോകുമെന്ന് ഉള്ളതിനാൽ ഡോക്ടർമാർ മറ്റ് ചികിത്സകളൊന്നും നൽകിയില്ല. മറ്റ് ചികിത്സകൾ ഒന്നും ആവശ്യമില്ലെന്നും കുട്ടി വിശ്രമിച്ചാൽ മതിയെന്നും ഡോക്ടർമാർ നിർദ്ദേശിച്ചതായി കുട്ടിയുടെ അമ്മയായ സ്ട്രൌഡ് ഫേസ്ബുക്കിൽ കുറിച്ചു.

കുട്ടിയെ ചികിത്സിച്ച ഡോക്ടർമാക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു അവരുടെ ഫേസ്ബുക്ക് പോസ്റ്റ്. കുട്ടിയുടെ ആരോഗ്യ നിലയിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് ഇതിനകം തന്നെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ആഹാരം ശ്രദ്ധിക്കുകയും വിശ്രമിക്കുകയും ചെയ്യാനാണ് ഡോക്ടർമാർ നൽകിയ നിർദ്ദേശം.

ആളുകൾ ആപ്പിൾ എയർപോഡ് വിഴുങ്ങുന്നത് ഇത് ആദ്യമായല്ല. 2019 മെയ് മാസത്തിൽ ഒരു തായ്‌വാൻകാരൻ ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ തന്റെ ആപ്പിൾ എയർപോഡുകളിലൊന്ന് വിഴുങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുതിർന്നയാൾ തന്നെയാണ് അന്ന് എയർപോഡ് വിഴുങ്ങിയത് എന്നതാണ് രസകരമായ കാര്യം.

രാവിലെ ഉറക്കമുണർന്നപ്പോൾ തന്റെ എയർപോഡുകളിൽ ഒന്ന് കാണാനില്ല എന്ന് മനസിലാക്കിയ അദ്ദേഹം പിന്നീട് സംശയം തോന്നിയതിനാലാണ് ആശുപത്രിയിൽ എത്തി ശരീരം പരിശോധിക്കുന്നത്.

കാണാതായ എയർപോഡ് വയറ്റിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച ഡോക്ടർമാർ അദ്ദേഹത്തിന് പോഷകാഹാരങ്ങൾ നൽകി വിട്ടിലേക്ക് പറഞ്ഞ് വിട്ടു. പിന്നീട് അദ്ദേഹത്തിന് പ്രഭാത കർമ്മങ്ങൾക്കിടെ കാണാതെ പോയ എയർപോഡ് കണ്ടെത്താനും കഴിഞ്ഞു. അതിശയകരമായ കാര്യം ആ കാണാതായ എയർപോഡിൽ 41 ശതമാനം ബാറ്ററി അപ്പോഴും ഉണ്ടായിരുന്നു എന്നതാണ്.

Comments are closed.