പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്നൗ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അതിനായി പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദു, സിക്ക്, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍, ബുദ്ധ വിഭാഗക്കാരായ അഭയാര്‍ത്ഥികളുടെ കണക്കെടുക്കാന്‍ യു.പി സര്‍ക്കാര്‍ ഉത്തരവിട്ടു.

തുടര്‍ന്ന് പട്ടിക തയാറാക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ്. അയല്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കുടിയേറി വര്‍ഷങ്ങളായി സ്ഥിര താമസക്കാരായുണ്ടെന്നും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കുടിയേറ്റക്കാരുള്ളത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍ കുറവാണ്.

ആദ്യമായാണു രാജ്യത്ത് ഇത്തരത്തില്‍ പട്ടിക തയാറാക്കുന്നത്. അര്‍ഹരായവര്‍ക്ക് പൗരത്വം നല്‍കുമെന്നും ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു. ലക്നൗ, ഹാപുര്‍, റാംപുര്‍, ഷാജഹാന്‍പുര്‍, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. കുടിയേറ്റക്കാരായ മുസ്ലീങ്ങളുടെ പട്ടികയും തയാറാക്കുന്നുണ്ട്. ഇത് ആഭ്യന്തര വകുപ്പിനു കൈമാറും. അതേസമയം അഭയാര്‍ത്ഥികളായ മുസ്ലീങ്ങളെ പുറത്താക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

Comments are closed.