ജെഎന്‍യുവിലെ മുഖംമൂടി ആക്രമണത്തില്‍ ക്യാമ്പസിന് പുറത്തുനിന്നുള്ള നാലുപേര്‍ കസ്റ്റഡിയിലായി

ദില്ലി: ജെഎന്‍യുവിലെ മുഖംമൂടി ആക്രമണത്തില്‍ ക്യാമ്പസിന് പുറത്തുനിന്നുള്ള നാലുപേര്‍ കസ്റ്റഡിയിലായി. ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന രീതിയില്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തായി. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ പുറത്തായി. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു.

സന്ദേശങ്ങളില്‍ ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകര്‍.

സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുനത്. ഇന്നലെ ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതികരിക്കുന്നത്.

Comments are closed.