ഉത്തര്‍പ്രദേശില്‍ പുലിയെ പിടികൂടാനായി ആനകളെ നിയോഗിച്ച് വനപാലകര്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജനോര്‍ ജില്ലയില്‍ അപകടകാരിയായ പുള്ളിപ്പുലിയെ പിടികൂടാനായി ആനകളെ നിയോഗിച്ചിരിക്കുകയാണ് വനപാലകര്‍. അഞ്ച് പേരുടെ ജീവന്‍ എടുക്കുകയും 12 പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ പിടികൂടാനായി പ്രത്യേകം പരിശീലനം ലഭിച്ച മൂന്ന് ആനകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

അഹ്രവത് എന്ന സന്നദ്ധ സംഘടനയില്‍ നിന്നാണ് പരിശീലനം നേടിയ ആനകളെ വാടകയ്ക്കെടുക്കുന്നതെന്നും ആനപ്പുറത്തിരിക്കുന്ന ഉദ്യോഗസ്ഥരെ പുലി ആക്രമിക്കാന്‍ സാധ്യത കുറവായതിനാലാണ് ഈ മാര്‍ഗം സ്വീകരിക്കാന്‍ തയാറാകുന്നതെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയ എം സെമ്മാരന്‍ അറിയിച്ചു. മോഹാണ്ടിയ ഗ്രാമത്തിന്റെ പരിസരത്ത് കഴിഞ്ഞ എട്ട് ദിവസമായി പുലി ഇറങ്ങുന്നതായാണ് വിവരം.

അതിനാല്‍ പുലിയെ കുടുക്കാനായി ഗ്രാമ പരിസരത്ത് ക്യാമറയും കൂടുകളും സ്ഥാപിച്ചു. അതേസമയം അതിനിടെ പുലിയുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വന പ്രദേശത്തു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് താത്കാലികമായി മാറ്റണമെന്ന ആവശ്യവും ഉയരുകയാണ്. ആനകളുടെ പുറത്ത് ഇരുന്ന് പുലിയെ മയക്കുവെടി വെച്ച് വീഴ്ത്താനാണ് ഉദ്യോഗസ്ഥര്‍ പദ്ധതിയിടുന്നത്.

Comments are closed.