വൈക്കത്ത് സ്വകാര്യബസ് കാറിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

വൈക്കം: വൈക്കം വെച്ചൂര്‍ റോഡില്‍ ചേരുംചുവട് പാലത്തിന് സമീപത്ത് വച്ച് അമിത വേഗതയിലെത്തിയ സ്വകാര്യബസ് കാറിലേക്ക് പാഞ്ഞുകയറി കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഇന്നലെ രാവിലെ 5.50 ഓടെ ഉദയംപേരൂര്‍ പത്താംമൈല്‍ മനയ്ക്കപ്പറമ്പില്‍ വിശ്വനാഥന്‍ (62), ഭാര്യ ഗിരിജ (57), മകന്‍ സൂരജ് (32), വിശ്വനാഥന്റെ സഹോദരന്‍ സതീശന്റെ ഭാര്യ അജിത (49) എന്നിവരാണ് മരിച്ചത്.

ഉല്ലലയില്‍ നിന്ന് രാവിലെ വൈക്കം വൈറ്റില ഹബ് സര്‍വീസിനായി സ്റ്റാന്‍ഡിലേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. എന്നാല്‍ ചേര്‍ത്തല വേളാര്‍വട്ടം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോവുകയായിരുന്ന വിശ്വനാഥനും കുടുംബവും ചേരും ചുവടു പാലം കയറി വെച്ചൂര്‍ റോഡിലേക്ക് പ്രവേശിച്ച കാറിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. സൂരജാണ് കാര്‍ ഓടിച്ചിരുന്നത്.

കാറിനു മുകളിലൂടെ കയറിയ ബസ് അല്പദൂരം നീങ്ങി സമീപത്തെ മതില്‍ തകര്‍ത്താണ് നിന്നത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. അപ്പോഴേക്കും നാലുപേരും മരിക്കുകയായിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.

Comments are closed.