ജെഎന്‍യു ക്യാംപസ് ആക്രമണം : കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ക്യാംപസില്‍ സന്ദര്‍ശനം നടത്തും

ദില്ലി: ജെഎന്‍യു ക്യാംപസില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ക്യാംപസില്‍ സന്ദര്‍ശനം നടത്തുകയാണ്. കൂടാതെ ജെഎന്‍യു സംഘര്‍ഷത്തെ കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിശ്ചയിച്ച വസ്തുത അന്വേഷണ സമിതിയും ഇന്ന് ക്യാംപസ് സന്ദര്‍ശിക്കും. ഹൈബി ഈഡന്‍ എംപി ഉള്‍പ്പടെയുള്ളവരുടെ സംഘമാണ് ക്യാംപസിലെത്തുന്നത്. വിസി ഡോ. ജഗദീഷ് കുമാറുമായി സമിതി കൂടിക്കാഴ്ച്ച നടത്തും.

ക്യാംപസിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയും സുരക്ഷാവീഴ്ച്ചയെക്കുറിച്ചുള്ള കാര്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്യും. കൂടാതെ സംഘര്‍ഷത്തില്‍ തകര്‍ന്ന സബര്‍മതി ഹോസ്റ്റലും സന്ദര്‍ശിക്കുന്നുണ്ട്. ഇന്നലെ രാത്രി വനിത വിദ്യാര്‍ത്ഥികള്‍ ക്യാംപസിനുള്ളില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

വൈകുന്നേരം പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്ന പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള ഇടത് നേതാക്കളുടെ സംഘം ക്യാംപസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഇത് പൊലീസ് തടഞ്ഞു. പിന്നീട് ഇവരെ കടത്തി വിടുകയും വിദ്യാര്‍ത്ഥികളെ അഭിസംബോധനം ചെയ്യുകയും ചെയ്തു. ബോളിവുഡ് നടി ദീപിക പദുക്കോണും ക്യാംപസില്‍ എത്തിയിരുന്നു. അതേ സമയം ക്യാംപസില്‍ ഇന്നും പ്രതിഷേധം തുടരാനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്.

Comments are closed.