അമേരിക്കയെ നേരിടാന്‍ ഇറാന് സജ്ജമാണെന്ന് ഇറാനിയന്‍ നേതാവ് അയത്തൊള്ള ഖൊമേനി
ടെഹ്റാന് : ഇറാഖിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ സൈന്യത്തെ അമേരിക്ക പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും പ്രതികാരം തുടങ്ങിയെന്നും ഇറാഖിലെ ആക്രമണം വിജയം ആണെന്നും അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്നും അമേരിക്കയെ നേരിടാന്‍ ഇറാന് സജ്ജമാണെന്നും ഇറാനിയന്‍ നേതാവ് അയത്തൊള്ള ഖൊമേനി അറിയിച്ചു.
ലെഫ്നന്റ് ജനറല്‍ ക്വാസീം സൊലൈമാനിയെ കഴിഞ്ഞ ദിവസം അമേരിക്ക മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാണിത്. ഐന്‍ അല്‍ അസദിലെ വ്യോമതാവളത്തിന് മുകളില്‍ മാത്രം 15 ലധികം മിസൈലുകളാണ് തൊടുത്തത്. അമേരിക്കയുടെ യുഎവികളും ഹെലികോപ്റ്ററുകളും തകര്‍ക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ഭാഗമായി ഇറാഖി കുര്ദ്ദിസ്ഥാന് മേഖലയായ ഇര്‍ബിലില്‍ വലിയ സ്ഫോടനങ്ങളാണ് ഉണ്ടായതെന്നും 30 ലധികം ബാലിസ്റ്റിക് മിസൈലുകള്‍ രണ്ടു സൈനിക കേന്ദ്രങ്ങള്‍ക്ക് മീതെ പ്രയോഗിച്ചെന്നുമാണ് ഇറാന് പറഞ്ഞത്. തുടര്‍ന്ന് ആക്രമണത്തില്‍ അമേരിക്കയുടെ 80 സൈനികര്‍ കൊല്ലപ്പെട്ടെന്നും 200 ലധികം പേര്‍ക്ക് സാരമായി പരിക്കേല്‍പ്പിച്ചെന്നും അനേകം സൈനികോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയെന്നുമാണ് ഇറാന്റെ പ്രതികരണം.
ഇറാന്റെ ആക്രമണത്തെ നന്നായി പ്രതിരോധിക്കാന്‍ പോലും അമേരിക്കയ്ക്ക് ആയില്ല. മുന്നറിയിപ്പ് നല്‍കുന്നത് പോയിട്ട് തടയാന്‍ പോലും കഴിഞ്ഞില്ല. അമേരിക്ക പിടിച്ചിരിക്കുന്ന 104 നിര്‍ണ്ണായക പോയിന്റുകള്‍ ലക്ഷ്യത്തിലുണ്ടെന്നും ഇസ്ളാമിക രാജ്യത്തിന്റെ കഴിവ് അമേരിക്കന്‍ നേതാക്കള്‍ തിരിച്ചറിഞ്ഞ് സൈനികരെ മേഖലയില്‍ നിന്നും എത്രയൂം വേഗം പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ബുദ്ധിപരമായ തീരുമാനം എടുക്കണമെന്നും പറയുകയാണ്. പശ്ചിമേഷ്യയില്‍ ഇനിയും വികൃതികള്‍ കാട്ടാനാണ് ഉദ്ദേശമെങ്കില്‍ കുടുതല്‍ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്നാണ് മേജര്‍ ജനറല്‍ ബാഖേരി വ്യക്തമാക്കുന്നത്.
Comments are closed.