ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ദില്ലി തീസ് ഹസാരി കോടതി

ദില്ലി: വൈദ്യപരിശോധന ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ദില്ലി തീസ് ഹസാരി കോടതി തീഹാര്‍ ജയില്‍ അധികൃതരോട് ഇടക്കാല നിര്‍ദ്ദേശം നല്‍കി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ അക്രമമുണ്ടാക്കിയെന്നാരോപിച്ച് ഡിസംബര്‍ 21നാണ് ദരിയാഗഞ്ജ് പൊലീസ് ആസാദിനെ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് തീസ് ഹസാരി കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആസാദിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആസാദിന്റെ അഭിഭാഷകന്‍ മെഹ്മൂദ് പ്രാചയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതേസമയം അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ദരിയാഗഞ്ജ് പൊലീസിന് സാധിക്കാഞ്ഞതിനാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

Comments are closed.