ഇറാന്‍ നടത്തിയ ആക്രമണം സ്ഥിരീകരിച്ചെങ്കിലും തങ്ങളുടെ ഭടന്മാരെ വധിച്ചെന്ന റിപ്പോര്‍ട്ട് അമേരിക്ക നിഷേധിച്ചു

ബാഗ്ദാദ്: അമേരിക്ക വധിച്ച ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ചൊവ്വാഴ്ച രാത്രി ഇറാക്കില്‍ പൂര്‍ത്തിയായതിന് പിന്നാലെ ഇറാക്കിലെ അമേരിക്കന്‍ സേനയുടെ രണ്ട് വ്യോമത്താവളങ്ങളില്‍ ഇറാന്‍ ചൊവ്വാഴ്ച രാത്രി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് 80 അമേരിക്കന്‍ ‘ഭീകരരെ’ (സൈനികരെ) വധിച്ചതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ആക്രമണം സ്ഥിരീകരിച്ചെങ്കിലും തങ്ങളുടെ ഭടന്മാരെ വധിച്ചെന്ന റിപ്പോര്‍ട്ട് അമേരിക്ക നിഷേധിക്കുകയായിരുന്നു. ഇറാക്കില്‍ വിദേശ സേനകളുടെ ഏറ്റവും വലിയ കേന്ദ്രമാണ് ഐന്‍ അല്‍ അസദ് വ്യോമത്താവളം. ചൊവ്വാഴ്ച രാത്രി 1.30നും 2.45നും ഇടയില്‍ ഇറാനില്‍ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ ഇവിടെ പതിക്കുകയായിരുന്നു.

അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് വ്യോമത്താവളവും അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സൈനികര്‍ തങ്ങുന്ന എര്‍ബിലിലെ താവളവും ലക്ഷ്യമിട്ട് ഒരു ഡസനോളം മിസൈലുകള്‍ വര്‍ഷിച്ചതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. അസദ് താവളത്തില്‍ 30 മിസൈലുകള്‍ പ്രയോഗിച്ചെന്നാണ് ഇറാന്‍ റവലൂഷണറി ഗാര്‍ഡ്സിന്റെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ മൂന്ന് തവണയായായിരുന്നു ആക്രമണം നടന്നത്.

ആധുനിക മിസൈല്‍ വേധ സംവിധാനങ്ങളുള്ള അമേരിക്കയ്ക്ക് ഇറാന്റെ ഒറ്റ മിസൈല്‍ പോലും ചെറുക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇറാക്കിലെ ഹാഷെദ് അല്‍ – ഷാബി എന്ന സൈനിക ശൃംഖലയുടെ ഉപമേധാവിയുമായിരുന്നു സുലൈമാനി.

Comments are closed.