മരടിലെ ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം ഇന്ന് വീഴും ; രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ പ്രദേശത്ത് നിരോധനാജ്ഞ

കൊച്ചി: മരടിലെ ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം ഇന്ന് വീഴും. തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പത് മുതല്‍ ഫ്‌ളാറ്റിന് സമീപമുള്ള താമസക്കാരെ ഒഴിപ്പിക്കുന്നതാണ്. ആദ്യ സ്‌ഫോടനം 11ന് മരട് നഗരസഭയ്ക്ക് സമീപമുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒയും അഞ്ച് മിനിട്ടിന് ശേഷം ആല്‍ഫയില്‍ അടുത്ത സ്‌ഫോടനവും നടക്കും.

എന്നാല്‍ നാളെ ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റുകളും പൊളിക്കുന്നതാണ്. സ്‌ഫോടനത്തിന് മുമ്പ് പൊലീസ് സമീപത്തെ വീടുകള്‍ സന്ദര്‍ശിച്ച് എല്ലാവരും ഒഴിഞ്ഞു പോയെന്ന് ഉറപ്പ് വരുത്തുകയും സുരക്ഷ ഒരുക്കാനും കാണാനെത്തുന്നവരെ നിയന്ത്രിക്കാനുമായി ഒരു ഫ്‌ലാറ്റിന് 800 എന്ന കണക്കില്‍ 1600 പൊലീസുകാരെ വിന്യസിക്കുന്നതുമാണ്.

പത്ത് ഫയര്‍ എന്‍ജിനുകളും രണ്ട് സ്‌കൂബാ വാനുകളും കൂടാതെ നൂറോളം അഗ്നിശമന സേനാംഗങ്ങളും ഫ്‌ലാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിറുത്തും. അതേസമയം ഫ്‌ലാറ്റിന് 200 മീറ്റര്‍ ചുറ്റളവില്‍ പൊളിക്കല്‍ ചുമതലയുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. വായുവിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും ഒരു ഗതാഗതവും ആ സമയത്ത് അനുവദിക്കുന്നതല്ല.

Comments are closed.