മാനദണ്ഡങ്ങള്‍ പാലിച്ചില്ല, സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയില്ല, അശാസ്ത്രീയമായാണ് പൊളിക്കുന്നത് : നാട്ടുകാര്‍

കൊച്ചി: മരടില്‍ പൊളിക്കുന്ന നാല് അപ്പാര്‍ട്ട്‌മെന്റുകളില്‍ ഏറ്റവുമധികം ജനവാസമുള്ള ആല്‍ഫ സെറീന്‍ പൊളിക്കാന്‍ കരാറെടുത്ത ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീല്‍സിനെതിരെ ഉയര്‍ന്നത് നിരവധി പ്രതിഷേധങ്ങളാണ്. മാനദണ്ഡങ്ങള്‍ പാലിച്ചില്ല, സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയില്ല, അശാസ്ത്രീയമായാണ് പൊളിക്കുന്നത് എന്നിങ്ങനെയാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍.

ഫ്‌ലാറ്റ് തകര്‍ക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ തന്നെ പതിനെട്ടോളം വീടുകള്‍ക്ക് വിള്ളല്‍ വീണിരുന്നു. എന്നാല്‍ ഫ്‌ലാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം സമീപത്തെ വീടുകളെ ബാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കായലില്‍ നിന്ന് പതിമൂന്ന് മീറ്ററില്‍ താഴെ മാത്രം അകലെയാണ് ഫ്‌ലാറ്റ്. പൊളിക്കുമ്പോള്‍ അഞ്ച് ശതമാനത്തോളം അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുകയാണ്.

സമീപത്തെ വീടുകള്‍ക്ക് കേടുപാടുണ്ടാകാതെയും അവശിഷ്ടങ്ങള്‍ കായലിലേക്ക് പതിക്കാതെയും ആല്‍ഫ സെറീനിന്റെ ഇരട്ട ടവറുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന കേടുപാടുകള്‍ സംബന്ധിച്ചാണ് നാട്ടുകാരുടെ പ്രധാന ആശങ്ക.

അതേസമയം കുണ്ടന്നൂര്‍ കായല്‍ തീരത്ത് ലേ മെറീഡിയന്‍ ഹോട്ടലിന് സമീപം പതിനാറ് നിലകള്‍ വീതമുള്ള ആല്‍ഫ സെറീനിന്റെ രണ്ട് ടവറിനും ഇടയിലെ സ്ഥലത്ത് ആറ് നില കെട്ടിടത്തിന്റെ ഉയരത്തില്‍ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടും. ഗ്രൗണ്ട് ഫ്‌ലോറിലും ഒന്ന്,രണ്ട്,അഞ്ച്,ഏഴ്,ഒന്‍പത്,11,14 നിലകളിലും സ്‌ഫോടനം നടത്തും. 5.37 ഏക്കറില്‍ 5.7 ലക്ഷം സ്‌ക്വയര്‍ ഫീറ്റുള്ള ആല്‍ഫ സെറീനിന്റെ സമീപത്തുള്ളത് നാല്‍പ്പതോളം വീടുകളാണ്.

Comments are closed.