മരടില്‍ ഇന്ന് പൊളിക്കുന്ന രണ്ട് ഫ്‌ലാറ്റുകളില്‍ കൂടുതല്‍ പഴക്കം ചെന്ന ഗോള്‍ഡന്‍ കായലോരം വെല്ലുവിളിയാകും

കൊച്ചി: മരടില്‍ ഇന്ന് പൊളിക്കുന്ന രണ്ട് ഫ്‌ലാറ്റുകളില്‍ കൂടുതല്‍ പഴക്കം ചെന്ന ഗോള്‍ഡന്‍ കായലോരം വെല്ലുവിളിയാകുകയാണ്. കെട്ടിടത്തില്‍ 15 കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ സ്‌ഫോടനം നടത്താനാണ് എഡിഫൈസ് കമ്പനിയുടെ ശ്രമം. തുടര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലത്തേതിന് സമാനമാണ് നടപടിക്രമങ്ങള്‍. അതേസമയം രാവിലെ 11 മണിക്കാണ് ജെയിന്‍ കോറല്‍കോവ് പൊളിക്കുന്നത്. ജെയിന്‍ കോറല്‍കോവില്‍ 16 നിലകളിലായി 125 അപാര്‍ട്‌മെന്റുകളാണ് ഉള്ളത്. ഇതിന് 50 മീറ്റര്‍ ഉയരമുണ്ട്. ഈ ഫ്‌ലാറ്റ് കെട്ടിടത്തിന്റെ 200 മീ ചുറ്റളവില്‍ ആകെയുള്ളത് നാല് വീടുകള്‍ മാത്രമാണെന്നത് സമാധാനമാണ്. ജെയിന്‍ കോറല്‍കോവില്‍ 400 കിലോ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്.

ജെയിന്‍കോറല്‍കോവ് 45 ഡിഗ്രി ചെരിച്ച് പൊളിച്ചിടുക എന്നാണ് ലക്ഷ്യം. വലിയ ബുദ്ധിമുട്ടില്ലാതെ സ്‌ഫോടനം നടത്തി തകര്‍ക്കാനാവുമെന്ന് പ്രതീക്ഷ. ഉദ്ദേശിച്ച രീതിയില്‍ തകര്‍ക്കാന്‍ സാധിച്ചാല്‍ വലിയതോതില്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് പതിക്കില്ല. ഫ്‌ലാറ്റില്‍ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്. ആദ്യം വൈദ്യുതി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ ശേഷം ടൈമര്‍ ഉപയോഗിച്ച് വലിയ സ്‌ഫോടനം നടത്തുന്നതാണ്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊളിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഗോള്‍ഡന്‍ കായലോരം കുണ്ടന്നൂരില്‍ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. താരതമ്യേന പഴക്കം ചെന്ന ഇവിടെ മുന്‍ഭാഗത്ത് 10 നിലകളും പിന്‍ഭാഗത്ത് 16 നിലകളുമാണ് ഉള്ളത്. എന്നാല്‍ 15 കിലോ സ്‌ഫോടക വസ്തുക്കള്‍ മാത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

Comments are closed.